രാജസ്ഥാനിൽ സൗജന്യ പുതപ്പ് വിതരണത്തിനിടെ, മുസ്ലിം സ്ത്രീയാണെന്ന് തിരിച്ചറിഞ്ഞതോടെ മുൻ എംപിയായ ബിജെപി നേതാവ് സുഖ്ബീർ സിംഗ് ജൗനാപുരിയ നൽകിയ പുതപ്പ് തിരികെ വാങ്ങി. പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്നവർക്ക് പുതപ്പ് നൽകില്ലെന്ന് അദ്ദേഹം പറഞ്ഞു

ജയ്‌പൂർ: രാജസ്ഥാനിൽ മുസ്ലിം സ്ത്രീക്ക് നൽകിയ പുതപ്പ് മുൻ എംപി കൂടിയായ ബിജെപി നേതാവ് തിരികെ വാങ്ങിയതിൽ വിവാദം. രാജസ്ഥാനിലെ ടോങ്ക്-സവായ് മധോപൂർ മുൻ എംപി സുഖ്ബീർ സിംഗ് ജൗനാപുരിയയാണ് വിവാദത്തിലായിരിക്കുന്നത്. പാവപ്പെട്ടവർക്കായി നടത്തിയ സൗജന്യ പുതപ്പ് വിതരണത്തിനിടെ മുസ്ലിം സ്ത്രീകളെ തിരിച്ചറിഞ്ഞതോടെ നൽകിയ പുതപ്പുകൾ ഇദ്ദേഹം തിരികെ വാങ്ങുകയായിരുന്നു. ടോങ്കിലെ ഒരു ഗ്രാമത്തിൽ നടന്ന പുതപ്പ് വിതരണത്തിനിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

പുതപ്പ് നൽകുന്നതിനിടെ ഒരു സ്ത്രീയോട് പേര് ചോദിക്കുകയും അവർ മുസ്ലിം പേരാണ് പറഞ്ഞതെന്ന് മനസ്സിലാക്കിയ ഉടൻ പുതപ്പ് നൽകേണ്ടതില്ലെന്ന് തന്റെ അനുയായികളോട് സുഖ്ബീർ സിംഗ് ജൗനാപുരിയ നിർദ്ദേശിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിക്കുന്നവർക്ക് പുതപ്പ് ലഭിക്കാൻ അർഹതയില്ലെന്നാണ് ഇതിന് കാരണമായി അദ്ദേഹം പറഞ്ഞത്. ഇതിൽ ആർക്കെങ്കിലും വിഷമമുണ്ടായാൽ തനിക്കൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. മണിക്കൂറുകളോളം ക്യൂ നിന്ന പാവപ്പെട്ട സ്ത്രീകളെ ഇത്തരത്തിൽ അപമാനിച്ചത് ശരിയായില്ലെന്ന് നാട്ടുകാർ മുൻ എം.പിയോട് നേരിട്ട് പറഞ്ഞു. എന്നാൽ പുതപ്പ് വിതരണം സർക്കാർ പദ്ധതിയല്ലെന്നും താൻ സ്വന്തം നിലയിൽ പണം മുടക്കി നടത്തിയതാണെന്നും സുഖ്ബീർ സിംഗ് ജൗനാപുരിയ മറുപടി നൽകി. പുതപ്പ് ആർക്ക് കൊടുക്കണമെന്ന് തീരുമാനിക്കുന്നത് താനാണെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റ് ഉൾപ്പെടെയുള്ളവർ സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ച് ബിജെപി നേതാവിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്.