Latest Videos

പ്രതിദിനം 250 രൂപ കൂലി; നിൽക്കണം, നടക്കണം, ചിലപ്പോ ഓടിക്കണം, പൈസ കിട്ടും! നിബന്ധന വേഷ കാര്യത്തിൽ മാത്രം

By Web TeamFirst Published Jun 6, 2023, 4:09 PM IST
Highlights

യുപിയിലെ ലഖിംപുര്‍ഖേരി ജില്ലയിലെ ഗ്രാമവാസികളായ കര്‍ഷകരാണ് പുതിയ തന്ത്രം മെനഞ്ഞിട്ടുള്ളത്. സംഭവം പഴയ ഐഡിയ ആണെങ്കിലും ജീവിക്കാൻ ഇതല്ലാതെ രക്ഷയില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.

ബെയ്റേലി: അലഞ്ഞു തിരിയുന്ന കന്നുകാലികളെ കൊണ്ടും കുരങ്ങുകളെ കൊണ്ടും ശല്യം സഹിക്കാതെ വന്നതോടെ വിളകള്‍ സംരക്ഷിക്കാൻ പഴയൊരു മാര്‍ഗം പൊതി തട്ടിയെടുത്തിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ കുറച്ച് കര്‍ഷകര്‍. യുപിയിലെ ലഖിംപുര്‍ഖേരി ജില്ലയിലെ ഗ്രാമവാസികളായ കര്‍ഷകരാണ് പുതിയ തന്ത്രം മെനഞ്ഞിട്ടുള്ളത്. സംഭവം പഴയ ഐഡിയ ആണെങ്കിലും ജീവിക്കാൻ ഇതല്ലാതെ രക്ഷയില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.

വിളകള്‍ നശിപ്പിക്കുന്ന കുരങ്ങുകളെയും കന്നുകാലികളെയും തുരത്താൻ പ്രതിദിനം 250 രൂപ നല്‍കി തൊഴിലാളിയെ നിയമിക്കുകയാണ് കര്‍ഷകര്‍ ചെയ്യുന്നത്. പ്രത്യേക ജോലി ഒന്നും ഇവര്‍ ചെയ്യേണ്ടതില്ല, പക്ഷേ കരടിയുടെ വേഷം കെട്ടിയാണ് കൃഷിയിടത്തില്‍ ഇവര്‍ നില്‍ക്കേണ്ടത്. ഷാജഹാൻപുരില്‍ നിന്ന് 5,000 രൂപ മുടക്കി കരടി വേഷം കെട്ടുന്നതിനുള്ള എല്ലാം വാങ്ങുകയായിരുന്നുവെന്ന് ബജ്റംഗ് ഗര്‍ഹ് ഗ്രാമത്തിലെ കര്‍ഷകനായ സഞ്ജീവ് മിശ്ര പറഞ്ഞു.  

അലഞ്ഞുതിരിയുന്ന കന്നുകാലികളും കുരങ്ങുകളും മാസങ്ങൾ നീണ്ട അധ്വാനമാണ് നശിപ്പിക്കുന്നത്. ഈ തന്ത്രം നന്നായി പ്രവർത്തിക്കുകയും മേഖലയിൽ കൂടുതല്‍ പ്രചാരത്തിലാവുകയും ചെയ്തുവെന്ന് മിശ്ര കൂട്ടിച്ചേര്‍ത്തു. പക്ഷേ,  റെക്‌സിൻ കൊണ്ട് നിർമ്മിച്ച കരടി വസ്ത്രം ധരിക്കുന്നത് അത്ര എളുപ്പമല്ല, ചൂടും ഈർപ്പവുമുള്ള സാഹചര്യങ്ങളിൽ വയലുകളിൽ നടക്കാനോ ഓടാനോ ബുദ്ധിമുട്ടാണ്. ദിവസവും ഈ വേഷം ധരിച്ചാണ് ജോലി ചെയ്യുന്നതെന്നും  വയലിൽ അഞ്ച് റൗണ്ട് എടുത്ത് ബാക്കി സമയം ഒരു മരത്തിനടിയിൽ വിശ്രമിക്കുമെന്നും രാജേഷ് കുമാര്‍ എന്ന യുവാവ് പറഞ്ഞു.

ഒമ്പത് മണിക്കൂറാണ് ഈ വേഷം ധരിച്ച് ജോലി ചെയ്യുന്നത്.  ശരീരം മുഴുവൻ മൂടിയിരിക്കുന്നതിനാൽ മൃഗങ്ങളുടെ ആക്രമണമേറ്റ് പരിക്കേൽക്കുമെന്ന ഭയമില്ലാതെ ജോലി ചെയ്യാൻ സാധിക്കുന്നുണ്ടെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഈ തന്ത്രം പകൽ സമയത്ത് ഫലപ്രദമാണെങ്കിലും രാത്രിയിൽ അലഞ്ഞുതിരിയുന്ന കന്നുകാലികളെ അകറ്റാനുള്ള വഴികൾ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നുവെന്നും കര്‍ഷകര്‍ പറയുന്നു.

ഇന്ന് മഴയ്ക്ക് സാധ്യത എവിടെയൊക്കെ? ഇടിമിന്നലിനും 40 കി.മീ വരെ വേഗത്തിലുള്ള കാറ്റിനും സാധ്യത, മുന്നറിയിപ്പ്

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം

click me!