ഹോട്ടല്‍ പിക്കറ്റ് ചെയ്ത് കര്‍ഷകര്‍; ബിജെപി നേതാക്കള്‍ പിന്‍വാതിലിലൂടെ രക്ഷപ്പെട്ടു

By Web TeamFirst Published Dec 25, 2020, 8:35 PM IST
Highlights

സമരം തുടങ്ങുന്നതിന് മുമ്പ് ഹോട്ടലില്‍ കയറാന്‍ ശ്രമിച്ച ബിജെപി നേതാക്കന്മാരെ സമരക്കാര്‍ തടഞ്ഞു.
 

ഫഗ്വാര(പഞ്ചാബ്): ഹോട്ടല്‍ കര്‍ഷക സമരക്കാര്‍ പിക്കറ്റ് ചെയ്തതിനെ തുടര്‍ന്ന് ബിജെപി നേതാക്കള്‍ പിന്‍വാതിലിലൂടെ രക്ഷപ്പെട്ടു. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പഞ്ചാബിലെ ഫഗ്വാരയിലാണ് സംഭവം. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ടാണ് ബിജെപി നേതാക്കള്‍ ഹോട്ടലിലെത്തിയത്. ഇവിടെയാണ് ഭര്‍തി കിസാന്‍ യൂണിയന്റെ നേതൃത്വത്തില്‍ സമരവുമായി എത്തിയത്.

കാലി, കോഴി തീറ്റ വ്യാപാരം നടത്തുന്ന ബിജെപി നേതാവിന്റെ ഉടമസ്ഥതിയിലുള്ളതാണ് ഹോട്ടലെന്ന് സമരക്കാര്‍ ആരോപിച്ചു. ബിജെപി നേതാവ് നടത്തുന്ന കമ്പനിയുടെ ഉല്‍പ്പനങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചു. സമരം തുടങ്ങുന്നതിന് മുമ്പ് ഹോട്ടലില്‍ കയറാന്‍ ശ്രമിച്ച ബിജെപി നേതാക്കന്മാരെ സമരക്കാര്‍ തടഞ്ഞു. ബിജെപി നേതാക്കളെ സമരക്കാര്‍ ഉള്ളിലേക്ക് കയറാന്‍ അനുവദിച്ചില്ല.

ബിജെപി മഹിളാ നേതാവ് ഭാരതി ശര്‍മയുള്‍പ്പെടെയുള്ള നേതാക്കളെയാണ് തടഞ്ഞത്. തുടര്‍ന്ന് പൊലീസ് സുരക്ഷയോടെ ബിജെപി നേതാക്കള്‍ പിന്‍വാതിലിലൂടെ രക്ഷപ്പെട്ടു. യൂണിയന്‍ വൈസ് പ്രസിഡന്റ് കൃപലാല്‍ സിംഗ് മുസ്സപൂറിന്റെ നേതൃത്വത്തിലായിരുന്നു സമരം. കര്‍ഷക സമരം പൊളിക്കാന്‍ ഗൂഢാലോചന നടത്താനാണ് ബിജെപി നേതാക്കള്‍ എത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. പ്രധാനമന്ത്രിക്കെതിരെയും കര്‍ഷകര്‍ മുദ്രാവാക്യം മുഴക്കി.
 

click me!