സൂരക്ഷാ കൂട്ടിലൊരു സമരം; കിസാൻ പാര്‍ലമെന്‍റ് നടത്തി കര്‍ഷകര്‍, പ്രതിഷേധം തുടരുന്നു

By Web TeamFirst Published Jul 23, 2021, 2:59 PM IST
Highlights

പാര്‍ലമെന്‍റിന് അരുകിലേക്ക് എത്തിയതോടെ കര്‍ഷക സമരം വീണ്ടും ദേശീയ തലത്തിലെ ശ്രദ്ധാകേന്ദ്രമാവുകയാണ്. ഇരുനൂറ് കര്‍ഷകരാണ് ഇന്നും ജന്തര്‍മന്ദിറിലെ പാര്‍ലമെന്‍റ് മാര്‍ച്ചിൽ പങ്കെടുത്തത്.

ദില്ലി: കര്‍ഷകരുടെ രണ്ടാം ദിവസത്തെ പാര്‍ലമെന്‍റ് മാര്‍ച്ച് ദില്ലിയിലെ ജന്തര്‍മന്ദറിൽ തുടരുകയാണ്. കിസാൻ പാര്‍ലമെന്‍റ് നടത്തിയായിരുന്നു ജന്തര്‍മന്ദിറിലെ ഇന്നത്തെ പ്രതിഷേധം. കാര്‍ഷിക നിയമങ്ങൾക്കെതിരെ പ്രക്ഷുബ്ധമായ കിസാൻ പാര്‍ലമെന്‍റ് ഒടുവിൽ കൃഷി മന്ത്രിയുടെ രാജിയിൽ സമാപിക്കുന്നത് കര്‍ഷകര്‍ ആവിഷ്കരിച്ചു. 

പാര്‍ലമെന്‍റിന് അരുകിലേക്ക് എത്തിയതോടെ കര്‍ഷക സമരം വീണ്ടും ദേശീയ തലത്തിലെ ശ്രദ്ധാകേന്ദ്രമാവുകയാണ്. ഇരുനൂറ് കര്‍ഷകരാണ് ഇന്നും ജന്തര്‍മന്ദിറിലെ പാര്‍ലമെന്‍റ് മാര്‍ച്ചിൽ പങ്കെടുത്തത്. തലയെണ്ണി പരിശോധിച്ചായിരുന്നു കര്‍ഷകരെയും നേതാക്കളെയും സമരസ്ഥലത്തേക്ക് കടത്തിവിട്ടത്. സമരപന്തലിൽ കിസാൻ പാര്‍ലമെന്‍റ്  സംഘടിപ്പിച്ചായിരുന്നു ഇന്നത്തെ പ്രതിഷേധം. 

പാര്‍ലമെന്‍റ് സമ്മേളിക്കുന്ന എല്ലാ ദിവസവും പാര്‍ലമെന്‍റ് മാര്‍ച്ച് തുടരാനാണ് തീരുമാനം. കാര്‍ഷിക നിയമങ്ങൾക്കെതിരെ എട്ടുമാസത്തോളമായി ദില്ലി അതിര്‍ത്തികളിൽ തുടരുന്ന സമരം പൊലീസ് കവചത്തിലാണെങ്കിലും പാര്‍ലമെന്‍റിന് അരുകിലേക്ക് എത്തിക്കാൻ കര്‍ഷകര്‍ക്ക് സാധിച്ചു. 

സമരം റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങൾക്കും നിയന്ത്രണമുണ്ട്. ദൃശ്യങ്ങൾ പകര്‍ത്താൻ കുറച്ച് സമയം മാത്രമെ മാധ്യമങ്ങൾക്ക് സമരവേദിക്ക് അരുകിലേക്ക് പോകാനാകു. നിയന്ത്രണങ്ങൾ ഒരുപാടുണ്ടെങ്കിലും കാര്‍ഷിക നിയമങ്ങൾ പിൻവലിക്കാനായി നടത്തുന്ന സമാധാന സമരത്തിന് ഒന്നും തടസ്സമല്ലെന്ന് കര്‍ഷകര്‍ വ്യക്തമാക്കി.
 

click me!