
മുംബൈ: മഹാരാഷ്ട്രയില്‍ മഴക്കെടുതിയില്‍ മരണം 47 ആയി. സാത്താരയിലുണ്ടായ മണ്ണിടിച്ചിലില്‍ എട്ടുപേര്‍ കൂടി മരിച്ചതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും സംയുക്തമായി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്ന് കേന്ദ്രം മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. റായ്ഗഡ് മേഖലയില്‍ താഴ്ന്ന എല്ലാ പ്രദേശങ്ങളിലും വെള്ളം കയറി. ചിപ്ലുന്‍ പട്ടണത്തില്‍ ഏഴ് അടിയോളം വെള്ളം ഉയര്‍ന്നു. കൊങ്കന്‍ മേഖലയില്‍ വെള്ളക്കെട്ട് ഉയര്‍ന്നതോടെ നിരവധി യാത്രക്കാരാണ് കുടുങ്ങികിടക്കുന്നത്. മുംബൈ ഗോവ ദേശീയപാത തല്‍ക്കാലത്തേക്ക് അടച്ചു.
തെക്കേഇന്ത്യയിലും മഴക്കെടുതിയില്‍ വലിയ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉത്തരകന്നഡയിലും തെലങ്കാനയുടെ വടക്കന്‍ ജില്ലകളിലും കനത്ത നാശനഷ്ടമാണുള്ളത്. ഹുബ്ലിയില്‍ ഒഴുക്കില്‍പ്പെട്ട് ആറ് യുവാക്കളെ കാണാതായി. തെലങ്കാനയില്‍ 16 ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കമാണ്. വീട് തകര്‍ന്ന് വീണ് ആസിഫാബാദില്‍ മൂന്ന് പേര്‍ മരിച്ചു. ഗോദാവരി തീരത്ത് അതീവജാഗ്രതാ നിര്‍ദേശം നല്‍കി. ആന്ധ്രയിലെ സമീപ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വേദഗംഗ നദി കരവിഞ്ഞതോടെ ബെംഗ്ളൂരു പൂണെ ദേശീയപാത തല്‍ക്കാലത്തേക്ക് അടച്ചു. നേവിയുടെയും ദേശീയ ദുരന്തനിവാരണ സേനയുടെയും കൂടുതല്‍ സംഘങ്ങളെ വിന്യസിച്ചു. മൂന്ന് ദിവസം കൂടി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam