
ദില്ലി: കാർഷികനിയമങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനിച്ച് കർഷകസംഘടനകൾ. സമരജീവികൾ എന്ന നരേന്ദ്ര മോദിയുടെ പ്രയോഗത്തിനെതിരെ കടുത്ത വിമർശനമാണ് സംയുക്ത കിസാൻ മോർച്ച ഉയർത്തുന്നത്. റോഡ് ഉപരോധത്തിന് പിന്നാലെ ശക്തമായ സമരപരിപാടികൾക്കാണ് സംയുക്ത കിസാൻ മോർച്ചയുടെ ആഹ്വാനം. ഞായറാഴ്ച്ച പുൽവാമ ആക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിക്കും. ഇതിന്റെ ഭാഗമായ സമരഭൂമികളിലും പ്രതിഷേധ സ്ഥലങ്ങളിലും മെഴുകുതിരികൾ തെളിയ്ക്കും. അടുത്ത വ്യാഴ്ചയാണ് രാജ്യവ്യാപക ട്രെയിൻ തടയലിന് ആഹ്വാനം. ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം നാല് വരെയാണ് സമരം.
ഇതിനിടെ സിഘുവിലെ സമരഭൂമിയിൽ നിന്ന് ഹരിയാന പൊലീസ് അറസ്റ്റ് ചെയ്ത ദളിത് പൗരാവകാശ പ്രവർത്തക നോദ്ദീപ് കൗറിന്റെ ജ്യാമപേക്ഷ കോടതി ഇന്ന് പരിഗണിക്കും. നോദീപ് കൗറിനെ മോചിപ്പിക്കണം എന്ന ആവശ്യം ശക്തമായി ഉയരുകയാണ്. നോദീപ് പൊലീസ് കസ്റ്റഡിയിൽ ക്രൂര അതിക്രമം നേരിട്ടെന്ന് സഹോദരി രജ്വീർ കൗർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വധശ്രമം അടക്കമുള്ള കുറ്റങ്ങളാണ് അവരുടെ മേൽ ചാർത്തിയിരിക്കുന്നത്. ഹരിയാന പൊലീസ് കള്ളക്കേസാണ് ചുമത്തിയതെന്നും മോചനത്തിനായി നിയമപോരാട്ടം തുടരുമെന്നും സഹോദരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
നോദീപ് കൗറിന്റെ കുടുംബത്തിൻറെ ആരോപണം നേരത്തെ ഹരിയാന പൊലീസ് തള്ളിയിരുന്നു. ട്രാക്ടർ റാലിക്കിടെയുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട കർഷകൻ നവറീത് കൗറിന്റെ മരണത്തിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഇതിനിടെ കുടുംബം ദില്ലി ഹൈക്കോടതിയെ സമീപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam