കേന്ദ്രം മുന്നോട്ടുവച്ച സമവായം തള്ളി കർഷകർ, കങ്കണയ്ക്ക് വക്കീൽനോട്ടീസ്

By Web TeamFirst Published Dec 4, 2020, 2:06 PM IST
Highlights

നാളെ രാജ്യവ്യാപകപ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ് കർഷകർ. സമാജ്‍വാദി പാർട്ടി ഉത്തർപ്രദേശിൽ കിസാൻ യാത്ര സംഘടിപ്പിക്കാൻ ഒരുങ്ങുന്നു. ദില്ലി അതിർത്തിയിലാകട്ടെ കടുത്ത ഗതാഗതസ്തംഭനമാണ്.

ദില്ലി: വിവാദമായ കർഷകനിയമഭേദഗതിയിലൂന്നിയാണ് നാളെയും കേന്ദ്രസർക്കാർ ചർച്ചയിൽ സംസാരിക്കുന്നതെങ്കിൽ സമരത്തിൽ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്ന് കർഷകർ. നിയമഭേദഗതി പിൻവലിക്കുന്നതിൽക്കുറഞ്ഞ ഒരു സമവായനീക്കത്തിനും തയ്യാറല്ലെന്ന ഉറച്ച നിലപാടിലാണ് ഓൾ ഇന്ത്യാ കിസാൻ സഭയുൾപ്പടെയുള്ള കർഷകസംഘടനകൾ. നിയമഭേദഗതി നടപ്പാക്കുകയാണ് കേന്ദ്രസർക്കാരിന്‍റെ ഉദ്ദേശമെങ്കിൽ നാളത്തെ ചർച്ച കൊണ്ടും കാര്യമില്ലെന്ന് എഐകെഎസ് നേതാവ് ഹനൻ മൊല്ല ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

മിനിമം താങ്ങുവില ഉറപ്പുനൽകുന്ന തരത്തിൽ കർഷകനിയമഭേദഗതികളിൽ ചട്ടങ്ങൾ കൊണ്ടുവരുമെന്ന് രേഖാമൂലം ഉറപ്പുനൽകാമെന്നാണ് കേന്ദ്രസർക്കാരിന്‍റെ വാഗ്ദാനം. എന്നാൽ പുതിയ നിയമഭേദഗതിയുമായി ബന്ധപ്പെട്ട, സംഭരണത്തിലും താങ്ങുവിലയിലും, വിപണിവില ഉറപ്പ് നൽകുന്നതിലുമടക്കം, എട്ട് വീഴ്ചകൾ കർഷകർ ഇന്നലത്തെ ചർച്ചയിലടക്കം ചൂണ്ടിക്കാണിച്ചതാണ്. എന്നാൽ ഇവയൊന്നും പരിഹരിക്കുന്നതിന് കൃത്യമായ ഒരു മാ‍ർഗനിർദേശം അടക്കം കേന്ദ്രകൃഷിമന്ത്രിയോ കർഷകവിദഗ്ധരോ മുന്നോട്ടുവയ്ക്കുന്നതുമില്ല. 

അതേസമയം, സമരം ചെയ്യുന്ന കർഷകർക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് നടി കങ്കണ റണൗത്തിനെതിരെ ദില്ലി സിഖ് ഗുരുദ്വാര മാനേജ്മെന്‍റ് കമ്മിറ്റി വക്കീൽനോട്ടീസയച്ചു. സമരത്തിന് വന്ന വൃദ്ധയായ ഒരു സ്ത്രീയുടെ ചിത്രം പങ്കുവച്ച്, ഇവർ എല്ലാ സമരത്തിനുമെത്തുമെന്നും, നൂറ് രൂപ കൊടുത്താൽമതിയെന്നുമുള്ള കങ്കണയുടെ ട്വീറ്റ് വിവാദമായിരുന്നു. ഷഹീൻബാഗ് സമരത്തിലണിനിരന്ന ദാദിയാണ് ഇവരും എന്ന വ്യാജപ്രചാരണമാണ് കങ്കണ ട്വീറ്റിലൂടെ നടത്തിയത്. വൃദ്ധരായ മനുഷ്യരെക്കുറിച്ച് മോശം പരാമർശം നടത്തുകയും, കർഷകരെ ദേശദ്രോഹികളായി ചിത്രീകരിക്കുകയും ചെയ്ത കങ്കണ റണൗത്ത് പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നാണ് വക്കീൽനോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അതല്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ദില്ലി സിഖ് ഗുരുദ്വാര മാനേജ്മെന്‍റ് കമ്മിറ്റി അധ്യക്ഷൻ മഞ്ജീന്ദർ സിംഗ് സിർസ വ്യക്തമാക്കി. 

സമരത്തിന് പിന്തുണയേറുന്നു

കർഷകസമരത്തിന് പിന്തുണയുമായി നിരവധി നേതാക്കളാണ് ദില്ലി അതിർത്തികളിലെ സമരപ്പന്തലുകളിലേക്ക് എത്തുന്നത്. തൃണമൂൽ കോൺഗ്രസ് എംപി ഡെറക് ഒബ്രയൻ ദില്ലിയിലെ വിവിധ സമരപ്പന്തലുകളിൽ എത്തി സമരനേതാക്കളെ കണ്ടു. സിംഗൂരിൽ 2006-ൽ നടന്ന ഭൂസമരത്തിന്‍റെ വലിയ രൂപമാണ് ദില്ലിയിൽ കാണുന്നതെന്ന് പറഞ്ഞ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി കർഷകസമരത്തിന് എല്ലാ പിന്തുണയും ഇന്നലെ പ്രഖ്യാപിച്ചിരുന്നു. വിവാദനിയമഭേദഗതി പിൻവലിച്ചില്ലെങ്കിൽ പശ്ചിമബംഗാളിലും സമരം തുടങ്ങുമെന്നും മമത വ്യക്തമാക്കി.

നാളെ രാജ്യവ്യാപകപ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ് കർഷകർ. സമാജ്‍വാദി പാർട്ടി ഉത്തർപ്രദേശിൽ കിസാൻ യാത്ര സംഘടിപ്പിക്കാൻ ഒരുങ്ങുന്നു. ദില്ലി മന്ത്രി സത്യേന്ദർ ജയിനും കർഷകരെ കണ്ട് പിന്തുണ അറിയിക്കാനെത്തി. ദില്ലി അതിർത്തിയിലാകട്ടെ കടുത്ത ഗതാഗതസ്തംഭനമാണ്.

അതിർത്തികളടഞ്ഞ് ദില്ലി

ഉത്തർപ്രദേശ് - ദില്ലി അതിർത്തിയായ ഗാസിപൂരിലെ എൻഎച്ച് 24 പൂർണമായും അടഞ്ഞുകിടക്കുകയാണ്. അപ്സര/ ഭോപ്‍ര/ ഡിഎൻഡി ഫ്ലൈ ഓവറുകൾ ഉപയോഗിച്ച് മാത്രമേ ഇപ്പോൾ ദില്ലിയിലേക്ക് കടക്കാനാകുന്നുള്ളൂ. അവിടങ്ങളിൽത്തന്നെ കടുത്ത ഗതാഗതസ്തംഭനമാണ്. സിംഖു, ലാംപൂർ, ഔചാണ്ഡി, സഫിയബാദ്, പിയാവോ മനിയാരി, സബോലി എന്നീ അതിർത്തിറോഡുകൾ പൂർണമായും അടഞ്ഞുകിടക്കുന്നു. ടിക്‍രി, ഝരോഡ ബോർഡറും അടച്ചിട്ടിരിക്കുകയാണ്. ബഡുസരായ് അതിർത്തി റോഡുകൾ വഴി കാറുകളും ഇരുചക്രവാഹനങ്ങളും മാത്രമേ കടത്തിവിടുന്നുള്ളൂ. ഝാടികാര ബോർഡർ റോഡിലൂടെ ഇരുചക്രവാഹനങ്ങൾ മാത്രമേ കടത്തിവിടുന്നുള്ളൂ. 

click me!