കര്‍ഷക സമരത്തിന് 7 മാസം; സമരഭൂമിയിൽ മരിച്ചത് 502 കര്‍ഷകര്‍,നിയമം പിൻവലിക്കാനാകില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രം

By Web TeamFirst Published Jun 26, 2021, 7:35 AM IST
Highlights

മഞ്ഞും തണുപ്പും കാറ്റുംമഴയും പൊള്ളുന്ന ചൂടും കടന്ന് ഏഴ് മാസം. സമരഭൂമിയിൽ 502 കര്‍ഷകര്‍ ഏഴ് മാസത്തിനിടെ മരിച്ചു. ഇപ്പോഴും നിയമങ്ങൾ പിൻവലിക്കില്ലെന്ന നിലപാടിൽ തന്നെയാണ് കേന്ദ്ര സര്‍ക്കാര്‍. 

ദില്ലി: കാര്‍ഷിക നിയമങ്ങൾക്കെതിരെയുള്ള കര്‍ഷകരുടെ ദില്ലി പ്രക്ഷോഭം തുടങ്ങിയിട്ട് ഇന്ന് ഏഴ് മാസം. സമരത്തിനിടയിൽ ഇതുവരെ അഞ്ഞൂറിലധികം കര്‍ഷകര്‍ മരിച്ചു. നിയമങ്ങൾ പിൻവലിക്കില്ലെന്ന നിലപാടിൽ തന്നെയാണ് ഇപ്പോഴും കേന്ദ്ര സര്‍ക്കാര്‍.

കഴിഞ്ഞ വര്‍ഷം നവംബറിലാണ് ദില്ലി അതിര്‍ത്തികളിലേക്ക് കര്‍ഷകരുടെ സമരം എത്തിയത്. ദില്ലി അതിര്‍ത്തികളിൽ തടഞ്ഞതോടെ രണ്ട് ദിവസത്തേക്ക് പ്രഖ്യാപിച്ച ദില്ലി ചലോ പ്രക്ഷോഭം അനിശ്ചിതകാലത്തേക്കാക്കി. ട്രാക്ടറുകൾക്ക് പിന്നാലെ ട്രോളികളിൽ കുടിലുകൾ കെട്ടി. കര്‍ഷകര്‍ അതിര്‍ത്തികളിലെ ദേശീയ പാതകളിൽ താമസമാക്കി. സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകളെല്ലാം പരാജയപ്പെട്ടു. സമരം രാജ്യാന്തര തലത്തിൽവരെ ചര്‍ച്ചയായി. 

ജനുവരി 26 ലെ ചെങ്കോട്ട സംഘര്‍ഷം പക്ഷെ സമരത്തിന്‍റെ മാറ്റ് ഇടിച്ചു. യു.എ.പിഎ, ഇ.,ഡി കേസുകൾ കൊണ്ട് സര്‍ക്കാര്‍ നേരിട്ടെങ്കിലും കര്‍ഷകര്‍ പിടിച്ചു നിന്നു. കൊവിഡ് രണ്ടാംതംരംഗം ഭീഷണി ഉയര്‍ത്തിയപ്പോഴും സമരഭൂമിയിൽ തന്നെ കര്‍ഷകര്‍ തുടര്‍ന്നു. മഞ്ഞും തണുപ്പും കാറ്റുംമഴയും പൊള്ളുന്ന ചൂടും കടന്ന് ഏഴ് മാസം. സമരഭൂമിയിൽ 502 കര്‍ഷകര്‍ ഏഴ് മാസത്തിനിടെ മരിച്ചു. ഇപ്പോഴും നിയമങ്ങൾ പിൻവലിക്കില്ലെന്ന നിലപാടിൽ തന്നെയാണ് കേന്ദ്ര സര്‍ക്കാര്‍. 

സമരത്തിൽ പങ്കെടുക്കുന്ന കര്‍ഷകരിൽ ഭൂരിഭാഗവും പഞ്ചാബ്, യു.പി, ഹരിയാന, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവാണ്. യു.പിയിലും പഞ്ചാബിലും അടുത്ത വര്‍ഷം തെര‍ഞ്ഞെടുപ്പ് നടക്കുമ്പോൾ സമരം എങ്ങനെയും അവസാനിപ്പിക്കാനുള്ള നീക്കങ്ങൾ സര്‍ക്കാര്‍ ഇനി നടത്തിയേക്കും. പക്ഷെ, നിയമങ്ങൾ പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് കര്‍ഷകര്‍ പറയുമ്പോൾ അത് അത്ര എളുപ്പവുമാകില്ല. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!