'ഉപാധികളില്ലാതെ മാത്രം ചർച്ച, അതിർത്തികളിൽ തന്നെ പ്രക്ഷോഭം തുടരും'; അമിത് ഷായോടും കേന്ദ്രത്തിനോടും കര്‍ഷകര്‍

By Web TeamFirst Published Nov 29, 2020, 6:29 PM IST
Highlights

കർഷക സമരത്തോട് ആഭ്യന്തര മന്ത്രി അമിത്ഷാ അഹങ്കാര നിലപാട് ഉപേക്ഷിക്കണമെന്നും കർഷക സംഘടനകൾ ആവശ്യപ്പെട്ടു. കർഷക പ്രക്ഷോഭം രാഷ്ട്രീയ പ്രേരിതമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും പറയില്ലെന്നും അമിത്ഷാ പ്രതികരിച്ചു. 

ദില്ലി: വിവാദ കാർഷിക നിയമത്തിനെതിരെ നാലാം ദിവസവും ശക്തമായി കർഷകരുടെ ദില്ലി ചലോ മാർച്ച്. ബുറാഡിയിലെ മൈതാനത്തേക്ക് സമരം മാറ്റിയാൽ ചർച്ച എന്ന കേന്ദ്ര സർക്കാരിന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ കർഷകർ തള്ളി. ദില്ലി അതിർത്തികളിൽ നിന്ന് വടക്കൻ ദില്ലിയിലെ ബുറാഡിയിലേക്ക് സമരം മാറ്റിയാൽ ചർച്ചയാകാമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നിർദ്ദേശം കർഷകർ തള്ളി. അതിർത്തികളിൽ തന്നെ പ്രക്ഷോഭം തുടരും. ഉപാധികളില്ലാതെ മാത്രം സർക്കാരുമായി ചർച്ച എന്ന തീരുമാനത്തിലൂടെ കർഷകരും നിലപാട് കടുപ്പിക്കുകയാണ്. ദില്ലി അതിർത്തികളിലൂടെയുള്ള ചരക്ക് നീക്കം നാലാം ദിവസവും സ്തംഭിച്ചു. രണ്ടര ലക്ഷത്തോളം കർഷകരാണ് ഇപ്പോൾ പ്രതിഷേധിക്കുന്നത്.  

അമൃത്സറിൽ നിന്ന് ഗ്രാമീണ വഴിയിലൂടെ അതിർത്തി കടന്ന ഒരു സംഘം കർഷകർ വൈകീട്ടോടെ ദില്ലി ഹരിയാന അതിർത്തിയിൽ നിലയുറപ്പിച്ച പൊലീസ് സന്നാഹത്തെ തന്നെ വളഞ്ഞു. കർഷക സമരത്തോട് ആഭ്യന്തര മന്ത്രി അമിത്ഷാ അഹങ്കാര നിലപാട് ഉപേക്ഷിക്കണമെന്നും കർഷക സംഘടനകൾ ആവശ്യപ്പെട്ടു. കർഷക പ്രക്ഷോഭം രാഷ്ട്രീയ പ്രേരിതമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും പറയില്ലെന്നും അമിത്ഷാ പ്രതികരിച്ചു. താങ്ങുവില ഇല്ലാതാക്കിയിട്ടില്ലെന്നും നല്ല അന്തരീക്ഷമുണ്ടെങ്കിൽ കർഷകരുമായി ചർച്ചക്ക് തയ്യാറാണെന്നും കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ വ്യക്തമാക്കി. അതിനിടെ കാർഷിക നിയമത്തെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും രംഗത്തെത്തി. കർഷകരുമായി ആലോചിച്ച് കർഷകർക്ക് വേണ്ടി കൊണ്ടുവന്ന നിയമമാണിത്.  കർഷകർക്ക് നിയമം മൂലം വരുമാനം ഉറപ്പാക്കുന്നതാണ് പുതിയ നിയമമെന്ന് മൻകി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 

click me!