സുരക്ഷാസന്നാഹങ്ങൾക്കിടെയും കർഷകരുടെ ദേശീയപാതാ ഉപരോധം; ദില്ലിയിൽ സംഘർഷം

By Web TeamFirst Published Feb 6, 2021, 4:40 PM IST
Highlights

ദില്ലി, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ് ഒഴികെയുള്ള സംസ്ഥാനങ്ങളിലെ ദേശീയ, സംസ്ഥാന പാതകൾ 3 മണിക്കൂർ ഉപരോധിച്ചു. ഉച്ചക്ക് 12 മുതൽ 3 മണി വരെയായിരുന്നു ഉപരോധം. മിക്കയിടത്തും സമാധാനപരമായിരുന്നു പ്രതിഷേധം

ദില്ലി: കേന്ദ്രസർക്കാർ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപകമായി കർഷകർ  റോഡ് ഉപരോധിച്ചു. ദില്ലി, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ് ഒഴികെയുള്ള സംസ്ഥാനങ്ങളിലെ ദേശീയ, സംസ്ഥാന പാതകൾ 3 മണിക്കൂർ ഉപരോധിച്ചു. ഉച്ചക്ക് 12 മുതൽ 3 മണി വരെയായിരുന്നു ഉപരോധം. മിക്കയിടത്തും സമാധാനപരമായിരുന്നു പ്രതിഷേധം. സമരത്തിന് ഐക്യദാർഢ്യവുമായി ദില്ലി ഐടിഓയിൽ നടന്ന പ്രതിഷേധത്തിൽ സംഘർഷമുണ്ടായി. ആനി രാജ അടക്കമുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു

ഭാരത് ബന്ദല്ല പകരം റോഡ് ഉപരോധത്തിന് മാത്രമാണ് ആഹ്വാനമെന്നും ഒരു രീതിയിലും സംയമനം കൈവിടരുതെന്നും കർഷക സംഘടനകൾ ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. സംയുക്ത കിസാൻ മോർച്ച നൽകിയ നിർദ്ദേശങ്ങൾ പൂർണ്ണമായി പാലിക്കണമെന്നും സംഘടനകൾ കർഷകർക്ക് നിർദ്ദേശം നൽകിയിരുന്നു. അടിയന്തര സർവീസുകൾ ഉപരോധ സമയത്ത് അനുവദിച്ചു. സർക്കാർ ഉദ്യോഗസ്ഥരോ ജനങ്ങളോ ആയി തർക്കമുണ്ടാകരുത്. സമാധാനപരമായി മാത്രം ഉപരോധം നടത്തണമെന്നും സംയുക്ത കിസാൻ മോർച്ച ആവശ്യപ്പെട്ടിരുന്നു. 

ജനവരി 26 ആവർത്തിക്കാതിരിക്കാൻ വൻ സന്നാഹങ്ങളാണ് എല്ലായിടത്തും പൊലീസ് ഒരുക്കിയിരുന്നത്. പ്രതിഷേധക്കാർ ദില്ലി അതിർത്തി കടക്കാതിരിക്കാൻ ബാരിക്കേഡുകൾക്കും മുളളുവേലികൾക്കും പുറമെ കോൺഗ്രീറ്റ് കട്ടകൾ ഉപയോഗിച്ച് മതിലുകളും പൊലീസ് നിർമ്മിച്ചിരുന്നു. 50,000 അർധ സൈനികരെ ദില്ലിയിൽ വിന്യസിച്ചു. 12 മെട്രോ സ്റ്റേഷനുകളിൽ ജാഗ്രത നിർദ്ദേശം നൽകി. ദില്ലി മെട്രൊയുടെ മണ്ടി ഹൗസ്, ഐടിഒ, ദില്ലി ഗെയ്റ്റ്, വിശ്വവിദ്യാലയ എന്നീ സ്റ്റേഷനുകൾ അടച്ചു. നേരത്തെ റിപ്പബ്ലിക്ക് ദിനത്തിൽ സംഘർഷം നടന്ന ചെങ്കോട്ട, മിൻറ്റോ റോഡ് എന്നിവിടങ്ങൾ കനത്ത സുരക്ഷാവലയത്തിലായിരുന്നു. യുപി അതിർത്തിയായ ഗാസിപ്പൂരിലും രാജസ്ഥാൻ അതിർത്തിയായ ഷാജഹാൻപൂരിലും സിംഘുവിലും തിക്രിയിലും സമരക്കാരെ നേരിടാൻ കനത്ത സുരക്ഷ സന്നാഹത്തെ വിന്യസിച്ചിരുന്നു. പ്രക്ഷോഭ കേന്ദ്രങ്ങളിൽ ഇന്റർനെറ്റ് നിയന്ത്രണവുമേർപ്പെടുത്തി.  സിംഘുവിലും ഗാസിപ്പൂരിലും ട്രിക്കിരിയിലും ഇന്റർനെറ്റ് റദ്ദ് ചെയ്തിരുന്നു. 

click me!