നിലപാട് കടുപ്പിച്ച് കർഷക സംഘടനകൾ: റിലയൻസിനേയും ബിജെപി നേതാക്കളേയും ബഹിഷ്കരിക്കും

By Web TeamFirst Published Dec 9, 2020, 6:00 PM IST
Highlights

ദേശീയ പാതകളിൽ ടോൾ പിരിക്കുന്നതും കർഷകർ തടയും.ഡിസംബർ 14-ന് രാജ്യവ്യാപകമായി എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും കർഷകർ പ്രക്ഷോഭം നടത്തും. 

ദില്ലി: പരിഷ്കരിച്ച കാർഷിക നിയമങ്ങളിൽ ഭേദഗതി വരുത്താൻ കേന്ദ്രസർക്കാർ തയ്യാറാവാതെ വന്നതോടെ കടുത്ത സമപരിപാടികളിലേക്ക് തിരിഞ്ഞ് കർഷക സംഘടനകൾ. ഇന്നലെ കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം സർക്കാർ നിർദേശങ്ങൾ ചർച്ച ചെയ്യാനായി ഇന്ന് കർഷക സംഘടനാ നേതാക്കൾ ഇന്ന് യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് സർക്കാർ നിർദേശങ്ങൾക്ക് വഴങ്ങേണ്ടതില്ലെന്നും കർശന സമരപരിപാടികളുമായി മുന്നോട്ട് പോകാനും കർഷകർ തീരുമാനിച്ചത്. 

സമരപരിപാടികളുടെ ഭാഗമായി രാജ്യത്തെ കോർപ്പറേറ്റ് കമ്പനികളുടെ ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ കർഷകർ തീരുമാനിച്ചു. ജിയോ അടക്കമുള്ള റിലയൻസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കും. കോർപ്പറേറ്റുകൾക്കെതിരെയുള്ള സമരം ശക്തമാക്കും. ദേശീയ പാതകളിൽ ടോൾ പിരിക്കുന്നതും കർഷകർ തടയും.

ഡിസംബർ 14-ന് രാജ്യവ്യാപകമായി എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും കർഷകർ പ്രക്ഷോഭം നടത്തും. ഡിസംബർ 12-ന് ദില്ലി - ജയ്പൂർ, ദില്ലി- ആഗ്ര ദേശീയപാതകൾ ഉപരോഘിക്കുമെന്നും കർഷകർ അറിയിച്ചു. കർഷക സമരത്തോടുള്ള സർക്കാർ നിലപാട് ആത്മാർത്ഥയില്ലാത്തതാണെന്നും ബിജെപി ജനപ്രതിനിധികളെ ബഹിഷ്കരിക്കണമെന്നും കർഷക സംഘടന നേതാക്കൾ ആഹ്വാനം ചെയ്തു.സമരപരിപാടികളുടെ ഭാഗമായി തിങ്കളാഴ്ച കർഷകർ ബിജെപി ഓഫീസുകൾ ഉപരോധിക്കും.
 

click me!