ക്ഷേത്രത്തിന്‍റെ ക്ഷണക്കത്തിൽ ജാതിപ്പേര് പാടില്ലെന്ന നിര്‍ണായക ഉത്തരവുമായി മദ്രാസ് ഹൈക്കോടതി. ദേവസ്വം വകുപ്പ് ക്ഷേത്രങ്ങളിലെ ഉത്സവങ്ങളുമായി ബന്ധപ്പെട്ടാണ് മദ്രാസ് ഹൈക്കോടതി ഉത്തരവിറക്കിയത്
ചെന്നൈ:ക്ഷേത്രത്തിന്‍റെ ക്ഷണക്കത്തിൽ ജാതിപ്പേര് പാടില്ലെന്ന നിര്‍ണായക ഉത്തരവുമായി മദ്രാസ് ഹൈക്കോടതി. ദേവസ്വം വകുപ്പ് ക്ഷേത്രങ്ങളിലെ ഉത്സവങ്ങളുമായി ബന്ധപ്പെട്ടാണ് മദ്രാസ് ഹൈക്കോടതി ഉത്തരവിറക്കിയത്. ദേവസ്വം വകുപ്പ് ക്ഷേത്രങ്ങൾ ജാതിബോധം പ്രചരിപ്പിക്കാനുള്ളതല്ലെന്ന് വ്യക്തമാക്കിയാണ് ഉത്തരവ്. ജാതിചിന്ത ഉന്മൂലനം ചെയ്യാനാണ് അധികാരികൾ ശ്രമിക്കേണ്ടതെന്നും എല്ലാവരെയും സമന്മാരായി കാണാനാണ് ഇന്ത്യ റിപ്പബ്ലികായതെന്നും കോടതി നിരീക്ഷിച്ചു. മനുഷ്യരുടെ മനസിൽ മാത്രമാണ് ജാതിയെന്നും ഭരണഘടനയിൽ എല്ലാവരും ഒരുപോലെയാണ് എന്നും കോടതി വ്യക്തമാക്കി.
തമിഴ്നാട്ടിലെ ചെങ്കൽപെട്ട് ജില്ലയിലെ തിരുപ്പൊരൂർ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രധാന ഉത്തരവ്. ക്ഷേത്രോത്സവങ്ങളിലെ നോട്ടീസിലടക്കം ഭാരവാഹികളുടെയും കമ്മിറ്റി അംഗങ്ങളുടെയും പേരുകള്‍ക്കൊപ്പം ജാതിപ്പേര് പാടില്ലെന്നാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്.സർക്കാർ വാദം തള്ളിയാണ് കോടതി ഉത്തരവിറക്കിയത്. വിശ്വാസം സംബന്ധിച്ച വിഷയങ്ങളിൽ ക്ഷേത്രം ഭാരവാഹികൾ തീരുമാനം എടുക്കട്ടെ എന്ന സർക്കാർ നിലപാട് കോടതി അംഗീകരിച്ചില്ല.


