തണുപ്പിലും തളരാതെ കർഷകർ, ഇന്ന് 9 മണിക്കൂർ നിരാഹാരം, പിന്തുണച്ച് കെജ്‍രിവാളും

Published : Dec 13, 2020, 11:38 PM ISTUpdated : Dec 14, 2020, 06:33 AM IST
തണുപ്പിലും തളരാതെ കർഷകർ, ഇന്ന് 9 മണിക്കൂർ നിരാഹാരം, പിന്തുണച്ച് കെജ്‍രിവാളും

Synopsis

രാവിലെ 8 മണി മുതൽ അതാത് ഇടങ്ങളിൽ കർഷകർ 9 മണിക്കൂർ നിരാഹാരസമരം അനുഷ്ഠിക്കും. തിങ്കളാഴ്ച മുതൽ കർഷകസമരം മറ്റൊരു തലത്തിലേക്ക് മാറുകയാണ്. എങ്ങനെ നേരിടണമെന്നറിയാതെ കേന്ദ്രസർക്കാർ ദില്ലിയിലെ തണുപ്പിലും വിയർക്കുന്നു.

ദില്ലി: കേന്ദ്രസർക്കാരിന്‍റെ വിവാദകാർഷികനിയമഭേദഗതികൾക്കെതിരെയും ചർച്ചയ്ക്ക് തയ്യാറാകാത്തതിലും പ്രതിഷേധിച്ച് കർഷകർ ഇന്ന് 9 മണിക്കൂർ നിരാഹാരസമരം അനുഷ്ഠിക്കും. ഇതിന് പിന്തുണയുമായി രാജ്യവ്യാപകമായി എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ധർണകൾ നടക്കും. കർഷകർക്ക് പിന്തുണയുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളും സത്യഗ്രഹസമരം നടത്തും. ഡിസംബർ 14 മുതൽ കർഷകസമരം മറ്റൊരു തലത്തിലേക്ക് മാറുകയാണെന്ന് സിംഘു അതിർത്തിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കർഷകസമരനേതാക്കൾ അറിയിച്ചു. 

രാവിലെ 8 മണി മുതൽ അതാത് ഇടങ്ങളിൽ കർഷകർ 9 മണിക്കൂർ നിരാഹാരസമരം അനുഷ്ഠിക്കും. ദില്ലിയിലെ ഐടിഒ ഉപരോധിച്ച് സമരവും കർഷകർ പ്രഖ്യാപിച്ചിട്ടുണ്ട്. സിംഘു, ഗാസിപൂർ, ഹരിയാന, രാജസ്ഥാൻ അതിർത്തികൾ അടക്കം ഉപരോധിച്ചുള്ള സമരം തുടരുകയാണ്. കർഷകർ നിരാഹാരത്തിലേക്ക് നീങ്ങി നിലപാട് കടുപ്പിക്കുമ്പോൾ, തീർത്തും സമാധാനപരമായ സമരം എങ്ങനെ നേരിടണമെന്നറിയാതെ കേന്ദ്രസർക്കാർ ദില്ലിയിലെ തണുപ്പിലും വിയർക്കുന്നു.

രാജസ്ഥാനിൽ നിന്ന് ദില്ലിയിലേക്കുള്ള ദേശീയ പാതയും ഞായറാഴ്ച മുതൽ കർഷകർ ഉപരോധിച്ചുതുടങ്ങിയിരുന്നു. രാജസ്ഥാൻ - ഹരിയാന അതിർത്തിയിൽ പോലീസും അർദ്ധസൈനിക വിഭാഗവും ചേർന്ന് കർഷക മാർച്ച് തടഞ്ഞു. ചർച്ചയ്ക്കുള്ള ക്ഷണം സർക്കാർ ആവർത്തിച്ചെങ്കിലും നിയമം പിൻവലിക്കുന്നത് ആദ്യ അജണ്ടയാക്കണമെന്ന് കർഷകസംഘടനകൾ ആവശ്യപ്പെട്ടു.

രാജസ്ഥാനിലെ ഗ്രാമങ്ങളിൽ നിന്ന് ഇന്നലെ തിരിച്ച കർഷകർ ഇന്ന് കോട്പുത്‍ലിയിൽ സംഘടിക്കുകയായിരുന്നു. കിസാൻസഭയുടെ നേതൃത്വത്തിൽ അവിടെ നിന്ന് ഹരിയാന അതിർത്തിയിലെ ഷാജഹാൻപൂരിലേക്ക് മാർച്ച് നടത്തി. അതിർത്തിയിൽ പോലീസും അർദ്ധസൈനിക വിഭാഗവും ചേർന്ന് മാർച്ച് തടഞ്ഞു. 

പ്രതിസന്ധി തുടരവെ കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചർച്ച നടത്തി. സമരം രണ്ടു ദിവസത്തിൽ തീരുമെന്ന് ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല വ്യക്തമാക്കിയെങ്കിലും പ്രശ്നപരിഹാരം നീളുകയാണ്.

ഹരിയാനയിൽ അവിശ്വാസപ്രമേയം കൊണ്ടുവരാൻ കോൺഗ്രസ് തീരുമാനിച്ചതും ബിജെപിക്ക് വെല്ലുവിളിയാവുകയാണ്. സമരക്കാരെ ഒഴിപ്പിക്കണം എന്നാവശ്യപ്പെടുന്ന ഹർജി ബുധനാഴ്ച സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാജധാനി എക്സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി; 8 ആനകൾ ചരിഞ്ഞു, 5 കോച്ചുകൾ പാളം തെറ്റി
തമിഴ്നാട്ടിലെ എസ്ഐആര്‍: ഒരു കോടിയോളം വോട്ടർമാരെ നീക്കി, ഞെട്ടിക്കുന്ന നടപടി എന്ന് ഡിഎംകെ ,കരട് വോട്ടർ പട്ടികയെ സ്വാഗതം ചെയ്ത് ബിജെപിയും എഐഎഡിഎംകെയും