അതിര്‍ത്തി സംഘര്‍ഷത്തില്‍ അന്നംമുട്ടി പഞ്ചാബിലെ കര്‍ഷകര്‍; സമാധാനത്തോടെ കൃഷി ചെയ്യണമെന്ന് ആവശ്യം

By Web TeamFirst Published May 14, 2019, 9:51 AM IST
Highlights

അതിര്‍ത്തിയിലെ ഇവിടത്തെ ഗേറ്റ് പലപ്പോഴും അടച്ചിടും ബിഎസ്എഫിനോട് പറഞ്ഞിട്ട് ഒരു പ്രയോജനവും ഇല്ല. അതിര്‍ത്തി സംഘര്‍ഷം ഉണ്ടാകുമ്പോൾ കമ്പിവേലിക്ക് അടുത്തേക്ക് പോലും പോകാൻ സമ്മതിക്കില്ലെന്നും അതിര്‍ത്തിയിലെ കര്‍ഷകനായ ജസ്‍വീര്‍ സിംഗ് പറഞ്ഞു.  

ചണ്ഡീഗഢ്: ബാലാക്കോട്ടും പുല്‍വാമയും രാജ്യത്ത് തെരഞ്ഞെടുപ്പ് ചർച്ചയാകുമ്പോള്‍  അതിർത്തി സംഘർഷം അന്നം മുട്ടിക്കുമെന്ന ഭയത്തില്‍ കഴിയുന്നവരാണ് പഞ്ചാബിലെ പാക് അതിർത്തി ഗ്രാമങ്ങളിലുള്ള ആയിരക്കണക്കിന് കർഷകർ. വിഭജനത്തില്‍ അതിർത്തിക്ക് അപ്പുറത്തായ സ്വന്തം മണ്ണും അതിലെ ഉപജീവനവും എന്നന്നേക്കുമായി അന്യമാകുമെന്ന ആശങ്കയിലാണ് അമൃത്സറിലെ കർഷക കുടുംബങ്ങള്‍.

അതിര്‍ത്തിയിലെ ഇവിടത്തെ ഗേറ്റ് പലപ്പോഴും അടച്ചിടും ബിഎസ്എഫിനോട് പറഞ്ഞിട്ട് ഒരു പ്രയോജനവും ഇല്ല. അതിര്‍ത്തി സംഘര്‍ഷം ഉണ്ടാകുമ്പോൾ കമ്പിവേലിക്ക് അടുത്തേക്ക് പോലും പോകാൻ സമ്മതിക്കില്ലെന്നും അതിര്‍ത്തിയിലെ കര്‍ഷകനായ  ജസ്‍വീര്‍ സിംഗ് പറഞ്ഞു.  

അതിർത്തി ഗ്രാമമായ കക്കട്ട് നിവാസിയായ സുഖ്ബീന്ദർസിംഗിന് അതിർത്തിക്കപ്പുറത്ത് 20 ഏക്കർ കൃഷിയിടം സ്വന്തമായുണ്ട്. ഉടമസ്ഥാവകാശവും അതിർത്തികടന്ന് കൃഷിചെയ്യാനുള്ള അനുമതിപത്രവും സ്വന്തമായുള്ള ഇയാള്‍ക്ക് കൃഷി ചെയ്യാനാകുന്നില്ല. പുല്‍വാമയും ബാലാക്കോട്ടുമടക്കം അതിർത്തി സംഘർഷഭരിതമായതോടെ ബിഎസ് എഫ് ചെക്ക്പോസ്റ്റ് കടന്ന് സ്വന്തം കൃഷിയിടത്തേക്ക് എത്താന്‍ ബുദ്ധിമുട്ടായിത്തുടങ്ങി. രാവിലെ 9 മുതല്‍ അഞ്ച് വരെ കൃഷിയിടത്തില്‍ പണിചെയ്ത് മടങ്ങാന്‍ ഉണ്ടായിരുന്ന അവകാശം ഇന്ന് ചുരുങ്ങി അഞ്ച് മണിക്കൂർ ആയിരിക്കുന്നു. അവധി ദിനങ്ങളില്‍ പ്രവേശനവുമില്ല. ഇതോടെ തന്‍റെ ഉപജീവനമാർഗ്ഗം ഉപേക്ഷിക്കാന്‍ നിർബന്ധിതനാവുകയാണ് സുഖ്ബീന്ദർസിങ്. 

ഇന്ത്യാ പാക് വിഭജനത്തില്‍ സ്വന്തം ഭൂമി അതിർത്തിക്കപ്പുറത്തായ ആയിരക്കണക്കിന് കർഷകകുടുംബങ്ങളാണ് പഞ്ചാബിലുള്ളത്. അതിർത്തികടന്ന് കൃഷിചെയ്ത് ഉപജീവനം നടത്താന്‍ നയതന്ത്രതലത്തിലുണ്ടാക്കിയ ധാരണയാണ് ബിഎസ്എഫ് ഇന്ന് അട്ടിമറിക്കുന്നതെന്ന് ഇവർ പറയുന്നു. ബിഎസ്എഫിനെതിരെ കേന്ദ്ര സംസ്ഥാന സർക്കാരുകള്‍ക്ക് പരാതി നല്‍കിയിട്ടും ഫലമില്ല.

click me!