സാമ്പത്തിക തട്ടിപ്പ് കേസ്: ഫാറൂഖ് അബ്ദുല്ലയുടെ 12 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

By Web TeamFirst Published Dec 19, 2020, 8:50 PM IST
Highlights

ഫാറൂഖ് അബ്ദുല്ല, എന്‍സി എംപി, മറ്റ് മൂന്ന് പേര്‍ എന്നിവര്‍ക്കെതിരെ 43.69 കോടിയുടെ തട്ടിപ്പ് കേസ് 2018ല്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
 

ദില്ലി: നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ലയുടെ 12 കോടിയുടെ വിലമതിക്കുന്ന സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. സാമ്പത്തിക തട്ടിപ്പുകേസിലാണ് ഇഡി നടപടി. ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ സാമ്പത്തിക തട്ടിപ്പുകേസുമായി ബന്ധപ്പെട്ടാണ് ഫാറൂഖ് അബ്ദുല്ലയുടെ സ്വത്ത് കണ്ടുകെട്ടിയത്. ഫാറൂഖ് അബ്ദുല്ല, എന്‍സി എംപി, മറ്റ് മൂന്ന് പേര്‍ എന്നിവര്‍ക്കെതിരെ 43.69 കോടിയുടെ തട്ടിപ്പ് കേസ് 2018ല്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

2006-2012 കാലയളവില്‍ പദവി ദുരുപയോഗം ചെയ്ത് ഫാറൂഖ് അബ്ദുല്ല 45 കോടിയുടെ തട്ടിപ്പ് നടത്തിയതായാണ് ഇഡി കണ്ടെത്തിയത്. മൂന്ന് വസതികള്‍, വാണിജ്യ സ്ഥാപനങ്ങള്‍, ഭൂമി എന്നിവയാണ് ഇഡി കണ്ടുകെട്ടിയത്. പിടിച്ചെടുത്ത വസ്തുക്കളുടെ വിപണിമൂലം 60-70 കോടി ഉണ്ടാകുമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കേസുമായി ബന്ധപ്പെട്ട് ഒക്ടോബറില്‍ ഇഡി ഫാറൂഖ് അബ്ദുല്ലയെ രണ്ട് തവണ ചോദ്യം ചെയ്തിരുന്നു. സ്വത്തുകള്‍ കണ്ടുകെട്ടിയതിനെതിരെ അദ്ദേഹത്തിന്റെ മകനും പാര്‍ട്ടി നേതാവുമായ ഒമര്‍ അബ്ദുല്ലയും രംഗത്തെത്തി. ഇഡിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
 

click me!