
ആഗ്ര: മരുമകളുമായി പ്രണയത്തിലായ അച്ഛൻ ഇളയ മകനോട് കാണിച്ച കൊടും ക്രൂരതയുടെ കഥകളാണ് ഇപ്പോൾ പുറത്തുവരുന്നത്. പുഷ്പേന്ദ്ര ചൗഹാൻ എന്ന 26കാരൻ സ്വന്തം വീട്ടിൽ കൊല്ലപ്പെട്ട സംഭവത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്. ആഗ്രയിലെ ലധംദ ഗ്രാമത്തിലെ ജഗ്ദീഷ്പുരയിൽ ഹോളി ദിനത്തിലായിരുന്നു സംഭവം. പുഷ്പേന്ദ്രയെ കൊലപ്പെടുത്തിയത് സ്വന്തം പിതാവാണെന്ന് പൊലീസ് കണ്ടെത്തി. കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ മൃതദേഹത്തിൽ വെടിയുണ്ട വെച്ചതായും അന്വേഷണത്തിൽ തെളിഞ്ഞു.
മാർച്ച് 14-നാണ് പുഷ്പേന്ദ്ര ചൗഹാനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നെഞ്ചിൽ വെടിയേറ്റ് ആത്മഹത്യ ചെയ്തെന്നാണ് പിതാവ് ചരൺ സിംഗ് പൊലീസിനെ അറിയിച്ചത്. ഹോളി ആഘോഷിക്കാൻ വീട്ടിലെത്തിയതായിരുന്നു പുഷ്പേന്ദ്രയെന്നും പിതാവ് മൊഴി നൽകിയിരുന്നു. പൊലീസ് വീട്ടിലെത്തിയപ്പോൾ ചരൺ സിംഗിനെയും പുഷ്പേന്ദ്രയുടെ മുത്തശ്ശി ചന്ദ്രാവതിയുമായിരുന്നു അവിടെ ഉണ്ടായിരുന്നത്. തുടർന്ന് പുഷ്പേന്ദ്രയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സ്ഥിരീകരിച്ചതോടെയാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്.
ഒടുവിൽ ഇരയുടെ പിതാവും പ്രതിയുമായ ചരൺ സിംഗിന് മരുമകളുടെ മേൽ കണ്ണുണ്ടായിരുന്നെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പലപ്പോഴായി മരുമകളോട് താൽപര്യമുള്ളതായി പിതാവ് പുഷ്പേന്ദ്രയോട് പറയുന്നതുവരെയും കാര്യങ്ങളെത്തി. ഈ വിഷയത്തെ ചൊല്ലിയുണ്ടായ വഴക്കിനെത്തുടർന്ന് പുഷ്പേന്ദ്ര മഥുരയിലേക്ക് താമസം മാറിയിരുന്നു. ഹോളി ദിനത്തിൽ പുഷ്പേന്ദ്ര ആഗ്രയിലെ വീട്ടിലേക്ക് തനിച്ചായിരുന്നു വന്നത്. മരുമകളെ കൂടെ കൊണ്ടുവരാത്തതിനെച്ചൊല്ലി അച്ഛനും മകനും തമ്മിൽ വഴക്കുണ്ടായി.
സംഭവദിവസം രണ്ടുപേരും മദ്യപിച്ചിരുന്നു. വഴക്കിനിടെ ദേഷ്യത്തിൽ ചരൺ സിംഗ് മകൻ്റെ നെഞ്ചിൽ കത്തികൊണ്ട് കുത്തി. ഇത് പുഷ്പേന്ദ്രയുടെ മരണത്തിൽ കലാശിക്കുകയായിരുന്നു. കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ, മുറിവിനുള്ളിൽ ഒരു വെടിയുണ്ട തിരുകി കയറ്റുകയും ഒരു പിസ്റ്റൾ അടുത്തായി ഇടുകയും ചെയ്തുവെന്ന് സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ സോനം കുമാർ അറിയിച്ചു. ആദ്യ ദിവസം മുതൽ തന്നെ പോലീസിന് പിതാവ് ചരൺ സിംഗിൽ സംശയമുണ്ടായിരുന്നു. തുടര്‍ന്ന് ഇയാൾ നിരീക്ഷണത്തിലായിരുന്നു. തെളിവുകൾ ലഭിച്ചതിനെത്തുടർന്ന് വ്യാഴാഴ്ച പ്രതിയായ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam