പിതാവിനെ പിന്നിലിരുത്തി 15കാരി 1200 കിലോമീറ്റര്‍ സൈക്കിളില്‍; ഒടുവില്‍ നാടണഞ്ഞു

By Web TeamFirst Published May 20, 2020, 7:13 PM IST
Highlights

ലോക്ക്ഡൗണ്‍ നീട്ടുകയും ചെയ്തതോടെ മോഹന്‍ പാസ്വാന് ഗുരുഗ്രാമില്‍ നില്‍ക്കാന്‍ മാര്‍ഗമില്ലാതായി. പിതാവിന്റെ കഷ്ടതകള്‍ മനസ്സിലാക്കിയാണ് 15കാരിയായ മകള്‍ സൈക്കിളില്‍ ഇറങ്ങിത്തിരിച്ചത്.
 

ഗുരുഗ്രാം: ലോക്ക്ഡൗണിനെ തുടര്‍ന്ന് ഹരിയാനയിലെ ഗുരുഗ്രാമില്‍ കുടുങ്ങിയ പിതാവിനെയും കൊണ്ട് 1200 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി 15കാരി. ബിഹാര്‍ സ്വദേശിയായ ജ്യോതി കുമാരിയാണ് അച്ഛന്‍ മോഹന്‍ പാസ്വാനെ പിന്നിലിരുത്തി 1200 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി ദര്‍ഭംഗ ജില്ലയിലെ സ്വന്തം ഗ്രാമത്തിലെത്തിയത്. ഇരുവരും ഗ്രാമത്തിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ പ്രവേശിച്ചു. 

ഗുരുഗ്രാമില്‍ ഇ-റിക്ഷാ ഡ്രൈവറായ മോഹന്‍ പാസ്വാന്‍ കുറച്ച് മാസം മുമ്പ് വാഹനാപകടത്തില്‍പ്പെട്ടതോടെ പ്രതിസന്ധിയിലായി. പാസ്വാനും ജ്യോതിയും ഗുരുഗ്രാമിലും അംഗന്‍വാടി വര്‍ക്കറായ അമ്മയും നാല് സഹോദരങ്ങളും ഗ്രാമത്തിലുമാണ് താമസം. ലോക്ക്ഡൗണ്‍ ആയതോടെ വരുമാനം പൂര്‍ണമായി നിലച്ചു. വാടക നല്‍കുകയോ അല്ലെങ്കില്‍ ഒഴിയുകയോ വേണമെന്ന് ഉടമ പറഞ്ഞതോടെ പാസ്വാന്‍ തീര്‍ത്തും ദുരിതത്തിലായി. പണമില്ലാതായതോടെ മരുന്ന് മുടങ്ങുകയും ഭക്ഷണം ഒരു നേരമാക്കി വെട്ടിച്ചുരുക്കുകയും ചെയ്തു. ലോക്ക്ഡൗണ്‍ നീട്ടുകയും ചെയ്തതോടെ മോഹന്‍ പാസ്വാന് ഗുരുഗ്രാമില്‍ നില്‍ക്കാന്‍ മാര്‍ഗമില്ലാതായി. പിതാവിന്റെ കഷ്ടതകള്‍ മനസ്സിലാക്കിയാണ് 15കാരിയായ മകള്‍ സൈക്കിളില്‍ ഇറങ്ങിത്തിരിച്ചത്. 

ജ്യോതിയാണ് സൈക്കിളില്‍ പോകാമെന്ന ആശയം മുന്നോട്ടുവെച്ചത്. എന്നാല്‍, പിതാവ് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. മകള്‍ തീരുമാനത്തില്‍ ഉറച്ചുനിന്നതോടെ സെക്കന്റ് ഹാന്‍ഡ് സൈക്കിള്‍ സംഘടിപ്പിച്ചു. ദിവസം ശരാശരി 40 കിലോമീറ്റര്‍ സഞ്ചരിക്കും. ചിലയിടങ്ങളില്‍ ട്രക്ക് ഡ്രൈവര്‍മാരും സഹായിച്ചു.  
രാമായണത്തിലെ ശ്രാവണ്‍ കുമാറുമായാണ് പ്രാദേശിക മാധ്യമങ്ങള്‍ ജ്യോതിയെ വിശേഷിപ്പിച്ചത്. 
 

click me!