തുടർച്ചയായ നാലാം തവണയും നാഗ്പൂർ മുൻസിപ്പൽ കോർപ്പറേഷൻ ബിജെപി തന്നെ സ്വന്തമാക്കിയെങ്കിലും 2017ലേക്കാൾ സീറ്റ് നഷ്ടമാണ് ഇക്കുറി ബിജെപി നേരിട്ടത്
നാഗ്പൂർ:മഹാരാഷ്ട്രയിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ആർഎസ്എസ് തട്ടകത്തിൽ മിന്നുന്ന നേട്ടവുമായി മുസ്ലിം ലീഗ്. നാഗ്പൂരിൽ കോർപറേഷനിൽ മത്സരിച്ച നാല് സീറ്റുകളിലും മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ വിജയിച്ചു. അസദ്ദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം മികച്ച പ്രകടനമാണ് മുസ്ലിം ഭൂരിപക്ഷ മേഖലകളിൽ കാഴ്ച വച്ചത്. കോൺഗ്രസിന്റെ പ്രാദേശിക വോട്ടിൽ വലിയ രീതിയിൽ വിള്ളൽ വീഴ്ത്തിയാണ് എഐഎംഐഎമ്മിന്റെ മുന്നേറ്റം. സാംഭാജി നഗറിൽ 33 സീറ്റ്, അമരാവതിയിൽ 15 സീറ്റ്, മലേഗാവിൽ 21, നന്ദേത് വാഗലയിൽ 14, ദുലേയിൽ 10, സോളാപൂരിൽ 8, മുംബൈയിൽ 6, താനെയിൽ 5, ജൽനയിൽ 2, ചന്ദ്രാപൂരിൽ 1 എന്നിങ്ങനെയാണ് എഐഎംഐഎം നേട്ടമുണ്ടാക്കിയത്. തുടർച്ചയായ നാലാം തവണയും നാഗ്പൂർ മുൻസിപ്പൽ കോർപ്പറേഷൻ ബിജെപി തന്നെ സ്വന്തമാക്കിയെങ്കിലും 2017ലേക്കാൾ സീറ്റ് നഷ്ടമാണ് ഇക്കുറി ബിജെപി നേരിട്ടത്. 145 സീറ്റുകൾ മത്സരിച്ചതിൽ 102 സീറ്റുകൾ നേടാനായെങ്കിലും 2017ൽ ഇത് 108 സീറ്റാണ്.
നാഗ്പൂരിൽ ബിജെപിക്ക് സീറ്റ് നഷ്ടം, നേട്ടമുണ്ടാക്കി മുസ്ലിം ലീഗ്
120 സീറ്റുകൾ നേടുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് എത്താനും ബിജെപിക്ക് നാഗ്പൂരിൽ സാധിച്ചിട്ടില്ല. ഒവൈസിയുടെ എഐഎംഐഎം നാഗ്പൂരിൽ മാത്രം നേടിയത് 6 സീറ്റുകളാണ്. ഛത്രപതി സാംഭാജിനഗറിൽ എഐഎംഐഎം സ്ഥാനാർത്ഥിക്ക് തുടക്കത്തിൽ പാർട്ടിയിൽ നിന്ന് തന്നെ എതിർപ്പുകൾ അഭിമുഖീകരിക്കേണ്ടി വന്നുവെങ്കിലും അസദ്ദുദ്ദീൻ ഒവൈസിയുടെ സാന്നിധ്യം മേഖലയിൽ പ്രവർത്തകരെ ഒറ്റ നിലപാടിലേക്ക് എത്തിക്കുകയായിരുന്നു.ഛത്രപതി സംഭാജിനഗർ മുനിസിപ്പൽ കോർപ്പറേഷനില്‍ 33 സീറ്റ് ജയിച്ച എഐഎംഐഎം രണ്ടാമത്തെ വലിയ കക്ഷിയായി.
തെലങ്കാനയ്ക്ക് പുറത്ത് ആർഎസ്എസ് തട്ടകത്തിൽ എഐഎംഐഎം മികച്ച നേട്ടമുണ്ടാക്കിയ തെരഞ്ഞെടുപ്പ് കൂടിയാണ് മഹാരാഷ്ട്രയിലേത്. നാഗ്പൂരിൽ കോണി ചിഹ്നത്തിൽ മത്സരിച്ച നാല് മുസ്ലിം ലീഗ് സ്ഥാനാർത്ഥികളും ജയിച്ചു. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് അസ്‌ലം ഖാൻ മുല്ല, മുജ്തബ അൻസാരി, രേഖ വിശ്വസ് പാട്ടിൽ, സായ്മ നാസ് ഖുറൈഷി എന്നിവരാണ് വിജയിച്ചത്.


