സൈനികനായ മകൻ്റെ രാജ്യസ്നേഹം തെളിയിക്കാൻ പിതാവിന്റെ പോരാട്ടം, ഒരു വർഷത്തിനൊടുവിൽ നീതി, അഭിമാനം

By Web TeamFirst Published Sep 25, 2021, 10:29 AM IST
Highlights

മകൻ ഭീകരർക്കൊപ്പം ചേർന്നിട്ടില്ലെന്ന് ഉറപ്പുള്ള ആ പിതാവ് ഷാക്കിറിന് വേണ്ടി തിരഞ്ഞുകൊണ്ടിരുന്നു. ഉള്ളുപിടഞ്ഞുള്ള ആ പിതാവിന്റെ കാത്തിരിപ്പിനും പോരാട്ടത്തിനും ഒടുവിൽ ഉത്തരം ലഭിച്ചു, ഒരു വർഷത്തിന് ശേഷം ഭീകരർ ക്രൂരമായി കൊലപ്പെടുത്തി ഉപേക്ഷിച്ച ഷാക്കിറിന്റെ മൃതദേഹം കണ്ടെത്തി. 

ദില്ലി: ഒരു വർഷം മുമ്പ് കാണാതായ സൈനികനായ (Soldier) മകന്റെ രാജ്യസ്നേഹം തെളിയിക്കാൻ പോരാടിയ മൻസൂർ അഹമ്മദ് വഗെയുടെ ശ്രമങ്ങൾക്ക് ഫലം കണ്ടു. ഭീകരവാദികൾ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തി ഉപേക്ഷിച്ച നിലയിൽ കണ്ടെതത്തിയ ഷാക്കിർ മൻസൂർ വഗെ (Shakir Mansoor) യുടെ മൃതദേഹം  പൂർണ്ണ സൈനിക ബഹുമതികളോടെ സംസ്കരിച്ചു(Funeral). 

ഒരു വർഷം മുമ്പാണ് ടെറിട്ടോറിയൽ ആർമിയിലെ സൈനികനായ ഷാക്കിർ വഗയെ കാണാതാകുന്നത്. പിന്നീടങ്ങോട്ട് പലപല അഭ്യൂങ്ങളായിരുന്നു. ഷാക്കിറിനെ കൊന്നു കുഴിച്ചുമൂടിയെന്നും അല്ലാ അദ്ദേഹം ഭീകരവാദികൾക്കൊപ്പം ചേർന്നെന്നുമെല്ലാം പലരും പറഞ്ഞുണ്ടാക്കി. അപ്പോഴെല്ലാം നീറുന്നമനസ്സുമായി തന്റെ മകനുവേണ്ടി തിരയുകയായരുന്നു ഷാക്കിറിന്റെ പിതാവ് മൻസൂർ അഹമ്മദ് വഗെയ്. 

മകൻ ഭീകരർക്കൊപ്പം ചേർന്നിട്ടില്ലെന്ന് ഉറപ്പുള്ള ആ പിതാവ് ഷാക്കിറിന് വേണ്ടി തിരഞ്ഞുകൊണ്ടിരുന്നു. ഉള്ളുപിടഞ്ഞുള്ള ആ പിതാവിന്റെ കാത്തിരിപ്പിനും പോരാട്ടത്തിനും ഒടുവിൽ ഉത്തരം ലഭിച്ചു, ഒരു വർഷത്തിന് ശേഷം ഭീകരർ ക്രൂരമായി കൊലപ്പെടുത്തി ഉപേക്ഷിച്ച ഷാക്കിറിന്റെ മൃതദേഹം കണ്ടെത്തി. 

ഓഗസ്റ്റ് രണ്ടിനാണ് ഷാക്കിർ വാഗെയെ, ഷോപ്പിയാനിലെ വീട്ടിൽ നിന്ന് ക്യാമ്പിലേക്ക് പോകും വഴി കാണാതായത്. ഭീകരർ തട്ടിക്കൊണ്ടുപോയതാകാമെന്ന് അന്നേ സേനാ വൃത്തങ്ങൾ വിവരം നൽകിയിരുന്നു. എന്നാൽ ദിവസങ്ങൾക്ക് ശേഷം വീടിന് സമീപത്തെ കൃഷിയിടത്തിൽ നിന്ന് രക്തം പുരണ്ട വസ്ത്രങ്ങൾ ലഭിച്ചതോടെ ഷാക്കിറിനെ കൊന്ന് കുഴിച്ചുമൂടിയതാകമെന്ന് ചിലർ പറഞ്ഞു. 

താഴ്വാരയിൽ മുഴുവൻ മൺവെട്ടിയുമായി മൻസൂർ മകനെ തിരഞ്ഞു, ഫലമുണ്ടായില്ല. മകനെ കാണാനില്ലെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ ചിലർ ഷാക്കിർ പാക്കിസ്ഥാനിലെത്തിയിട്ടുണ്ടാകുമെന്ന് പരിഹസിച്ചു. എന്നാൽ രാജ്യസേവനത്തിനായി യൂണിഫോം ധരിച്ച മകൻ തീവ്രവാദികൾക്കൊപ്പം ചേരില്ലെന്ന്, മകന്റെ സേവനങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ട് അദ്ദേഹം ഓർമ്മിപ്പിച്ചു. 

ദിവസങ്ങൾക്ക് മുമ്പാണ് ഷാക്കിറിന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. കുൽഗാമിലെ ഒരു മൊബൈൽ ടവറിന് സമീപം മൃതദേഹം കണ്ടെത്തിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ 34 രാഷ്ട്രീയ റൈഫിൾസ് പരിശോധനയിലാണ്  മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മകന്റേത് തന്നെയാണെന്ന് ഷാക്കിറിന്റെ പിതാവ് മൻസൂർ സ്ഥിരീകരിച്ചു. 

മൃതദേഹം തിരികയെത്തിച്ച് പൂർണ്ണ സൈനിക ബഹുമതികളോടെ സംസ്കരിച്ചപ്പോൾ മകൻ നഷ്ടപ്പെട്ടതിന്റെ വേദനയിലും കുറ്റപ്പെടുത്തിയവരുടെ മുന്നിൽ മകനെയോർത്ത് അഭിമാനത്തോടെ മൻസൂർ തലയുയർത്തി നിന്നു. ഷാക്കിറിന്റെ സേവനത്തിനും പിതാവ് മൻസൂർ അഹമ്മദിന്റെ നിശ്ചയദാർഢ്യത്തിനുമുള്ള ബഹുമതികൂടിയായിരുന്നു അത്...

click me!