
ദില്ലി: രോഹിണി കോടതിയിലെ (Rohini Court) വെടിവെപ്പിന്റെ പശ്ചാത്തലത്തിൽ ദില്ലിയിലെ എല്ലാ ജയിലുകൾക്കും സർക്കാർ ജാഗ്രത നിർദേശം നൽകി. ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടലുകൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് നിർദ്ദേശം. തീഹാർ, രോഹിണി, മണ്ഡോലി ഉൾപ്പെടെയുള്ള ജയിലുകളോട് ജാഗ്രത പുലർത്തണം എന്നാണ് സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്. അതേസമയം, കോടതികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിലും (Supreme court) ദില്ലി ഹൈക്കോടതിയിലും ഹർജികൾ സമർപ്പിക്കപ്പെട്ടു. രോഹിണി കോടതിയിലെ വെടിവെപ്പിന്റെ പശ്ചാത്തലത്തിലാണ് ഹർജി. സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് അടിയന്തര നടപടി സ്വീകരിക്കാൻ ആവശ്യപ്പെടണമെന്നാണ് സുപ്രീംകോടതി ഹർജി നൽകിയ അഭിഭാഷകൻ വിശാൽ തിവാരി ആവശ്യപ്പെടുന്നത്.
സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് പരിശോധിക്കുമെന്ന് ദില്ലി പൊലീസ് അറിയിച്ചു. രോഹിണി കോടതിയിലെ സിസിടിവി ദൃശ്യങ്ങൾ ദില്ലി പൊലീസ് ഇന്ന് പരിശോധിക്കും. ദില്ലി പൊലീസ് ക്രൈംബ്രാഞ്ചാണ് വെടിവെപ്പിനെ കുറിച്ച് അന്വേഷണം നടത്തുന്നത്. ആക്രമണം നടന്ന സാഹചര്യത്തിൽ കോടതിയിൽ സുരക്ഷ വർധിപ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ നിർദ്ദേശിച്ചു. ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസുമായുള്ള ചർച്ചയിലാണ് നിർദേശമുയർന്നത്. സുരക്ഷാ വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബാർ കൗൺസിൽ ഇന്ന് കമ്മീഷണർ രാകേഷ് ആസ്താനയെ കണ്ടേക്കും.
ഇന്നലെയാണ് ഗുണ്ടാ സംഘത്തലവൻ ജിതേന്ദർ ഗോഗിയെ കോടതി മുറിയിൽ ഒരു സംഘം കൊലപ്പെടുത്തിയത്. എതിർ സംഘത്തിൽപ്പെട്ടവർ അഭിഭാഷകരുടെ വേഷത്തിലെത്തി ആക്രമിക്കുകയായിരുന്നു. രോഹിണി കോടതിയിൽ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. ഗുണ്ട നേതാവ് ജിതേന്ദർ ഗോഗിയെ കോടതിയിൽ ഹാജരാക്കുമ്പോഴായിരുന്നു സംഭവം. ഗോഗിയെ അക്രമികൾ വെടിവെച്ചു കൊലപ്പെടുത്തിയപ്പോൾ ആക്രമണം നടത്തിയവരെ പൊലീസ് വധിക്കുകയായിരുന്നു.
ഗോഗി - ടില്ലു എന്നീ 2 ഗുണ്ട തലവൻമാർ തമ്മിലുള്ള കുടിപ്പകയാണ് കോടതി മുറിയിലെ വെടിവെപ്പിൽ കലാശിച്ചത്. കസ്റ്റഡിയിലായിരുന്ന ജിതേന്ദർ ഗോഗിയെ പൊലീസ് ഉച്ചയോടെ രോഹിണി കോടതിയിൽ ഹാജരാക്കി. ഈ സമയം 207 ആം നമ്പർ കോടതി മുറിയിൽ എത്തിയ ടില്ലുവിന്റെ അനുയായികൾ ഗോഗിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തിരിച്ചടിച്ച പൊലീസ് രണ്ട് അക്രമികളെയും വധിച്ചു.
സുരക്ഷാ ക്രമീകരണങ്ങൾ മറി കടന്ന് അഭിഭാഷക വേഷത്തിലാണ് തോക്കുമായി ഗുണ്ടകളായ രാഹുലും മോറിസും കോടതി മുറിക്കുള്ളിൽ കയറിയത്.
വെടിവെപ്പ് നടത്തിയ 2 പ്രതികളും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ഗോഗിയേയും രക്ഷിക്കാനായില്ല. ആറ് തവണ ഗോഗിക്ക് വെടിയേറ്റിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കോടതി മുറിക്കുള്ളിലെ വെടിവെപ്പിനെ കുറിച്ച് ഉത്തര മേഖല ജോയിന്റ് കമ്മീഷറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. മുൻപും പലതവണ രണ്ട് ഗുണ്ടാസംഘങ്ങളും തമ്മിൽ ഏറ്റുമുട്ടിയിട്ടുണ്ട്. ഇരു സംഘങ്ങളും പെട്ട 25 പേർ ആക്രമണങ്ങളിൽ ഇതിൽ മരിച്ചിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam