ദില്ലി: ഭീമ കൊറെഗാവ് കേസിൽ അറസ്റ്റിലായ ഫാദർ സ്റ്റാൻ സ്വാമിക്കെതിരെ കൂടുതൽ ആരോപണവുമായി എൻഐഎ. മാവോയിസ്റ്റുകളുടെ കത്തുകൾ ചോരുന്നത് പ്രസ്ഥാനത്തെ ക്ഷയിപ്പിക്കുന്നു എന്ന് സ്റ്റാൻ സ്വാമി ഒരു നേതാവിനെഴുതിയെന്നാണ് എൻഐഎ പറയുന്നത്. സ്റ്റാൻസ്വാമിയുടെ അറസ്റ്റിനെതിരെയുള്ള പ്രതിഷേധം തുടരുകയാണ്.
ഭീമ കൊറെഗാവ് കേസിൽ സ്റ്റാൻ സ്വാമിയെ അറസ്റ്റു ചെയ്തത് വൻ പ്രതിഷേധത്തിന് ഇടയാക്കുമ്പോഴാണ് കൂടുതൽ വിവരങ്ങൾ എൻഐഎ പുറത്തുവിടുന്നത്. സ്റ്റാൻ സ്വാമി മാവോയിസ്റ്റുകൾക്ക് എഴുതിയ കത്തിലെ വിവരങ്ങൾ എന്ന പേരിൽ ചില പരാമർശങ്ങൾ എൻഐഎ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഒരു പ്രമുഖ മാവോയിസ്റ്റു നേതാവിന് സ്റ്റാൻ സ്വാമി കത്തെഴുതിയിരുന്നു എന്നാണ് എൻഐഎ പറയുന്നത്.
മുതിർന്ന നേതാക്കളുടെ കത്തുകൾ ചോരുന്നത് മഹാരാഷ്ട്രയിലും ആന്ധ്രപ്രദേശിലും തെലങ്കാനയിലും സിപിഐ മാവോയിസ്റ്റിനെ ക്ഷീണിപ്പിച്ചുവെന്ന് സ്വാമിയുടെ കത്തിലുണ്ടായിരുന്നു. കത്തുകൾ ചോരുന്നതും വരവരറാവുവിൻറെ അഭാവവും മാവോയിസ്റ്റുകൾക്ക് തിരിച്ചടി ആയെന്നും കത്തിൽ പറഞ്ഞിരുന്നു. മാവോയിസ്റ്റുകൾക്ക് പാവങ്ങൾക്കും മധ്യവർഗ്ഗത്തിനുമിടയിലെ സ്വാധീനം നൽ്ടപ്പെടുന്നത് ഹിന്ദുത്വ ശക്തികൾ മുതലെടുക്കുന്നു എന്ന് സ്റ്റാൻ സ്വാമി പറഞ്ഞുവെന്നുമാണ് ആരോപണം.
അറസ്റ്റിനു മുമ്പുള്ള വിഡിയോയിൽ തന്നെ കത്തെഴുതിയെന്ന ആരോപണം ഫാദർ സ്റ്റാൻ സ്വാമി തള്ളിയിരുന്നു. സ്റ്റാൻ സ്വാമിയുടെ അറസ്റ്റിനെതിരെ പ്രതിഷേധങ്ങൾ തുടരുകയാണ്. മലങ്ക കാത്താലിക് യൂത്ത് മൂവ്മെൻറ് ഇന്ന് ദില്ലി ജന്തർമന്തറിൽ പ്രതിഷേധത്തിന് ആഹ്വാനം നല്കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam