പുള്ളിപ്പുലിയും രണ്ട് കുഞ്ഞുങ്ങളും വൈദ്യുതാഘാതമേറ്റ് ചത്തു; നാല് പേര്‍ അറസ്റ്റില്‍

Published : Aug 29, 2023, 04:19 PM ISTUpdated : Aug 29, 2023, 04:23 PM IST
പുള്ളിപ്പുലിയും രണ്ട് കുഞ്ഞുങ്ങളും വൈദ്യുതാഘാതമേറ്റ് ചത്തു; നാല് പേര്‍ അറസ്റ്റില്‍

Synopsis

വനമേഖലയില്‍ നിന്ന് ദുർഗന്ധം വമിക്കുന്നതായി പ്രദേശവാസികള്‍ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്

ഗോണ്ടിയ: മഹാരാഷ്ട്രയിലെ ഗോണ്ടിയയില്‍ പുള്ളിപ്പുലിയും രണ്ട് കുഞ്ഞുങ്ങളും വൈദ്യുതാഘാതമേറ്റ് ചത്തു. കാട്ടുപന്നികളെ വേട്ടയാടാന്‍ സ്ഥാപിച്ച വൈദ്യുത കമ്പിയില്‍ തട്ടിയാണ് പുലിക്കും കുഞ്ഞുങ്ങള്‍ക്കും ദാരുണാന്ത്യം സംഭവിച്ചത്. വൈദ്യുത കമ്പി സ്ഥാപിച്ച നാല് പേരെ അറസ്റ്റ് ചെയ്തു. 

ഡിയോറി ഫോറസ്റ്റ് റേഞ്ചിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ തെരച്ചിലില്‍ പുലിയുടെയും രണ്ട് കുഞ്ഞുങ്ങളുടെയും ജഡം കണ്ടെത്തി. മൃഗങ്ങളെ വേട്ടയാടാൻ ഉപയോഗിക്കുന്ന വൈദ്യുത കമ്പികള്‍ പുലിയുടെ ജഡം കണ്ടെത്തിയ സ്ഥലത്ത് നിന്ന് ലഭിച്ചു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ഭോയാർത്തോള, മെഹ്തഖേഡ ഗ്രാമങ്ങളിൽ നിന്ന് എട്ട് പേരെ കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യംചെയ്ത ശേഷം നാല് പേരെ അറസ്റ്റ് ചെയ്തു. കാട്ടുപന്നികളെ വേട്ടയാടാന്‍ ആഗസ്ത് 26ന് രാത്രി വൈദ്യുത കമ്പി സ്ഥാപിച്ചതായി ഇവര്‍ സമ്മതിച്ചെന്ന് ഫോറസ്റ്റ് അസിസ്റ്റന്‍റ് കൺസർവേറ്റർ ജി എഫ് റാത്തോഡ് പറഞ്ഞു. വന്യജീവി സംരക്ഷണ നിയമ പ്രകാരവും ഇന്ത്യൻ ഫോറസ്റ്റ് ആക്‌ട് പ്രകാരവും നാല് പേർക്കെതിരെയും കേസെടുത്തു. പോസ്റ്റ്‌മോർട്ടവും മറ്റ് നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം പുള്ളിപ്പുലികളുടെ ജഡം സംസ്കരിച്ചു.

മൃഗങ്ങളെ വേട്ടയാടാന്‍ വേട്ടക്കാര്‍ സ്ഥാപിച്ച ഇത്തരം വൈദ്യുത കെണികൾ പ്രദേശത്ത് ഇനിയും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വിലയിരുത്തി. വനമേഖലയിൽ ജാഗ്രത പാലിക്കാന്‍ നിർദേശം നൽകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മൃഗവേട്ടയ്ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

തിരുപ്പരങ്കുണ്ട്രം ദീപം തെളിക്കൽ വിവാദം; 'വിഭജനത്തിന് ശ്രമിച്ചാൽ തല്ലിയോടിക്കും', ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി സ്റ്റാലിൻ
ഗായകൻ സുബീൻ ഗാർഗിന്റെ മരണം: കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് അസം പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം