'ഗോവധ നിരോധന നിയമപ്രകാരം വേട്ടയാടൽ വേണ്ട'; യുപി പൊലീസിനോട് കടുപ്പിച്ച് അലഹബാദ് ഹൈക്കോടതി

Published : Oct 17, 2025, 08:31 AM IST
Cow

Synopsis

യുപി പൊലീസിനോട് കടുപ്പിച്ച് അലഹബാദ് ഹൈക്കോടതി. ഗോവധ നിയമം ദുരുപയോഗം ചെയ്യുന്നത് തടയാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറിയോടും പൊലീസ് ഡയറക്ടറോടും കോടതി നിർദ്ദേശിച്ചു.

ലഖ്‌നൗ: സംസ്ഥാനത്തിനുള്ളിൽ കന്നുകാലികളെ കൊണ്ടുപോകുന്നത് കുറ്റകരമല്ലെന്ന് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് പറഞ്ഞു. ഗോവധ നിയമപ്രകാരം ആളുകളെ കെണിയിലാക്കുന്ന നിരവധി കേസുകൾ നേരിടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ വിമർശനം. ഗോവധ നിയമം ദുരുപയോഗം ചെയ്യുന്നത് തടയാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറിയോടും പൊലീസ് ഡയറക്ടറോടും കോടതി നിർദ്ദേശിച്ചു. പശു സംരക്ഷണവുമായി ബന്ധപ്പെട്ട് ചില ആളുകളും സംഘടനകളും നടത്തുന്ന ആൾക്കൂട്ട ആക്രമണങ്ങൾ തടയാൻ സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ചും കോടതി ആരാഞ്ഞു. നവംബർ 7-നകം സത്യവാങ്മൂലം സമർപ്പിച്ചില്ലെങ്കിൽ നേരിട്ട് ഹാജരായി മറുപടി നൽകേണ്ടിവരുമെന്ന് കോടതി ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകി.

 ഇത്തരം കേസുകളിൽ സർക്കാരിന് മേൽ എന്തുകൊണ്ട് കനത്ത പിഴ ചുമത്തിക്കൂടായെന്നും കോടതി ചോദിച്ചു. പ്രതാപ്ഗഢ് നിവാസിയായ രാഹുൽ യാദവിന്റെ ഹർജിയിൽ ഒക്ടോബർ 9 ന് ജസ്റ്റിസ് അബ്ദുൾ മോയിൻ, ജസ്റ്റിസ് എ കെ ചൗധരി എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കന്നുകാലികളെ കൊണ്ടുപോകുന്ന വാഹനം തന്റെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്നതിന്റെ പേരിൽ മാത്രമാണ് പോലീസ് തന്നെ ഉപദ്രവിക്കുന്നതെന്ന് ഹർജിക്കാരൻ വാദിച്ചു. വാഹനം ഓടിച്ചിരുന്നത് അദ്ദേഹത്തിന്റെ ഡ്രൈവറാണെന്ന് ഹർജിയിൽ പറഞ്ഞിരുന്നു. കന്നുകാലികളെ കശാപ്പ് ചെയ്യാൻ തനിക്ക് ഉദ്ദേശ്യമില്ലെന്നും അതിനാൽ ഗോവധ നിയമപ്രകാരം തന്നെ പ്രതിചേർത്തത് തെറ്റാണെന്നും ഹർജിക്കാരൻ വാദിച്ചു. 

ഹർജിക്കാരൻക്കെതിരെ ഒരു നടപടിയും സ്വീകരിക്കരുതെന്ന് കോടതി പൊലീസിനോട് ഉത്തരവിട്ടു. ഈ കേസിൽ, ഒമ്പത് കന്നുകാലികളെ അമേഠിയിൽ നിന്ന് പ്രതാപ്ഗഡിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്നും കോടതി കണ്ടെത്തി. അതിനാൽ, ഗോവധമെന്ന പരാതിയെ ന്യായീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു. അതേസമയം, കോടതി അന്വേഷണം സ്റ്റേ ചെയ്തില്ല. ഹർജിക്കാരനോട് പൊലീസുമായി സഹകരിക്കാനും നിർദ്ദേശിച്ചു.

PREV
Read more Articles on
click me!

Recommended Stories

രാഹുൽ വിഷയത്തില്‍ രാജ്യസഭയിലും വാക് പോര്, ജെബി മേത്തറെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്
രാജ്യത്തെ ഞെട്ടിച്ച് നിതിൻ ഗഡ്കരി പാർലമെന്റിനെ അറിയിച്ച കണക്ക്, പ്രതിദിനം ഏകദേശം 485 പേർ! 2024ൽ റോഡപകട മരണം 1.77 ലക്ഷം