
ദില്ലി : അദാനി വിഷയത്തെ ചൊല്ലിയുള്ള പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും തുടര്‍ച്ചയായ അഞ്ചാം ദിവസവും സ്തംഭിച്ചു. കോണ്‍ഗ്രസ് നിരന്തരം അദാനി വിഷയം മാത്രം ഉന്നയിക്കുന്നതില്‍ പ്രതിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ഇന്ത്യ സഖ്യം യോഗം ബഹിഷ്ക്കരിച്ചു. ഭരണഘടനയില്‍ രണ്ട് ദിവസത്തെ ചര്‍ച്ച നടത്തിയാല്‍ പ്രതിഷേധത്തില്‍ നിന്ന് പിന്മാറാമെന്ന് കോണ്‍ഗ്രസ് അറിയിച്ചെങ്കിലും സര്‍ക്കാര്‍ ഗൗനിച്ചിട്ടില്ല.
അദാനി, മണിപ്പൂര്‍, വയനാട്, സംഭല്‍, ഫിഞ്ചാല്‍ ചുഴലിക്കാറ്റില്‍ തമിഴ്നാടിന് സഹായം, കര്‍ഷക പ്രതിഷേധം വിഷയങ്ങള്‍ ലോക്സഭയിൽ അടിയന്തര പ്രമേയമായും രാജ്യസഭയില്‍ ചര്‍ച്ച ആവശ്യപ്പെട്ട് നോട്ടീസായും എത്തിയെങ്കിലും ഉയര്‍ന്ന് കേട്ടത് അദാനി മോദി വിരുദ്ധ മുദ്രാവാക്യങ്ങള്‍ മാത്രമാണ്. പ്രതിപക്ഷ പ്രതിഷേധം അവഗണിച്ച് ലോക് സഭയില്‍ ചോദ്യോത്തര വേളയിലേക്ക് സ്പീക്കര്‍ കടന്നെങ്കിലും നടുത്തളത്തിലിറങ്ങി കോണ്‍ഗ്രസ് എംപിമാര്‍ മുദ്രാവാക്യം വിളിച്ചു. പിന്മാറാന്‍ സ്പീക്കര്‍ ഓം ബിര്‍ല ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. സഭ പിരിഞ്ഞു. പന്ത്രണ്ട് മണിക്ക് ചേര്‍ന്നപ്പോഴും സ്ഥിതിയിൽ മാറ്റമുണ്ടായില്ല. തുടര്‍ന്ന് നാളേക്ക് പിരിഞ്ഞു. ഇന്ത്യ ചൈന വിഷയത്തില്‍ വിദേശ കാര്യമന്ത്രി എസ് ജയശങ്കര്‍ ലോക് സഭയില്‍ നടത്താനിരുന്ന പ്രസ്താവനയും മാറ്റി വച്ചു. രാജ്യസഭയിലും ചെയര്‍മാന്‍ ചർച്ച അനുവദിച്ചില്ല. പ്രതിപക്ഷത്തെ കണക്കറ്റ് വിമര്‍ശിച്ച് ജഗദീപ് ധന്‍കര്‍ രാജ്യസഭ നാളത്തേക്ക് പിരിച്ചുവിട്ടു.
അദാനിയിൽ മാത്രം പ്രതിഷേധം, ഇന്ത്യ സഖ്യം യോഗം ബഹിഷ്ക്കരിച്ച് തൃണമൂൽ
അദാനി വിഷയത്തില്‍ കോണ്‍ഗ്രസ് എല്ലാ ദിവസവും സഭ സ്തംഭിപ്പിക്കുന്നതില്‍ ഇന്ത്യ സഖ്യത്തില്‍ മുറുമുറുപ്പ് തുടങ്ങി. ബംഗാളിലെ വിഷയങ്ങള്‍ക്കൊപ്പം വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ മമത ബാനര്‍ജി തൃണമൂല്‍ കോണ്‍ഗ്രസിന് നിര്‍ദ്ദേശം നല്‍കി. ഇന്ത്യ സഖ്യ യോഗം ബഹിഷ്ക്കരിച്ച തൃണമൂല്‍ പാര്‍ലമെന്‍റിലെ പ്രതിഷേധത്തിലും പങ്കെടുത്തില്ല. എന്‍സിപിക്കും വിഷയത്തിൽ കടുത്ത അതൃപ്തിയുണ്ട്. സഖ്യകക്ഷികള്‍ എതിർപ്പ് അറിയിച്ചതോടെ അദാനി വേണ്ട ഭരണഘടനയിലായാലും ചര്‍ച്ച മതിയെന്ന നിലപാടിലായി കോണ്‍ഗ്രസ്. ഈയാവശ്യവുമായി സ്പീക്കറെ കണ്ടെങ്കിലും അനുകൂല പ്രതികരണം കിട്ടിയിട്ടില്ല. ചര്‍ച്ച കൂടാതെ ബഹളത്തിനിടെ ബില്ലുകള്‍ പാസാക്കാമെന്നതിനാല്‍ സര്‍ക്കാരും ഇതൊരവസരമായി കാണുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam