ഭീകരതയ്ക്കെതിരെയാണ് പോരാടുന്നത് ഏതെങ്കിലും മതത്തിനെതിരെയല്ല; സുഷമാ സ്വരാജ്

By Web TeamFirst Published Mar 1, 2019, 4:54 PM IST
Highlights

ഭീകരതയ്ക്ക് മതമില്ലെന്നും ഭീകരതയെ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്യുന്നവരെ എതിര്‍ക്കണമെന്നും സുഷമ സ്വരാജ് പറഞ്ഞു. യുഎഇയിൽ നടക്കുന്ന ഇസ്ലാമിക രാഷ്ട്രങ്ങളുടെ അന്താരാഷ്ട്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സുഷമ. 

ദില്ലി: ഭീകരതയ്ക്കെതിരെയാണ് പോരാടുന്നത് ഏതെങ്കിലും മതത്തിനെതിരെയല്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. ഭീകരതയ്ക്ക് മതമില്ലെന്നും ഭീകരതയെ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്യുന്നവരെ എതിര്‍ക്കണമെന്നും സുഷമ സ്വരാജ് പറഞ്ഞു. യുഎഇയിൽ നടക്കുന്ന ഇസ്ലാമിക രാഷ്ട്രങ്ങളുടെ അന്താരാഷ്ട്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സുഷമ. 

തീവ്രവാദം കൂടി വരുകയാണ്. ഇത് സംസ്കാരത്തെ ചൊല്ലിയുള്ള തർക്കമല്ല. പക്ഷേ ആശയങ്ങളും സങ്കൽപങ്ങളും സംബന്ധിച്ചുള്ള ഏറ്റുമുട്ടലാണ്. ഭീകരതയ്ക്കെതിരേയാണ് പോരാടുന്നത് ഏതെങ്കിലും മതത്തിനെതിരേയല്ല. ലോകത്തിലെ എല്ലാ മതങ്ങളും നിലകൊള്ളുന്നത് സമാധാനം, അനുകമ്പ, സാഹോദര്യം എന്നിവയ്ക്ക് വേണ്ടിയാണെന്നും സുഷമ പറഞ്ഞു. 

ദൈവം ഒന്നാണെന്നും അതിനെ മനുഷ്യന്‍ വിവിധ രീതിയില്‍ ആരാധിക്കുക മാത്രമാണ് ചെയ്യുന്നതുമെന്ന ഋഗ്വേത ദര്‍ശനത്തേയും സുഷമ സ്വരാജ് പരാമര്‍ശിച്ചു. മനുഷ്യത്വം സംരക്ഷിക്കണമെങ്കില്‍ തീവ്രവാദത്തിന് പണം നല്‍കുന്ന പ്രണവണത രാജ്യങ്ങള്‍ അവസാനിപ്പിക്കണം. ഭീകരവാദം ജീവന് ഭീഷണിയാണ്. അത് ലോകത്തിനെ വലിയൊരു വിപത്തിലേക്ക് നയിക്കും. അതിര്‍ത്തി കടന്നുള്ള തീവ്രവാദം പാക്കിസ്ഥാന്‍ അവസാനിപ്പിക്കാതെ മേഖലയില്‍ സമാധാനം പുലരില്ലെന്നും അവര്‍ കൂട്ടിച്ചേർത്തു.

അതേസമയം, സുഷമ സ്വരാജ് അതിഥിയായി പങ്കെടുക്കുന്നതില്‍ പ്രതിഷേധിച്ച് സമ്മേളനത്തില്‍ നിന്ന് പാക്കിസ്ഥാന്‍ പിന്‍മാറിയിരുന്നു. യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിനും ഇന്ത്യയുടെ തിരിച്ചടിക്കും ശേഷം ആദ്യമായി ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും വിദേശകാര്യമന്ത്രിമാര്‍ ഒരേ വേദിയിലെത്തുന്ന സമ്മേളനമാണിത്. ഇന്നും നാളെയുമായി അബുദാബിയിലാണ് ഒഐസി സമ്മേളനം നടക്കുന്നത്.

click me!