'സമരം നിര്‍ത്തി ജോലിക്ക് കയറണം, ഇല്ലെങ്കില്‍ നടപടി'; ഡോക്ടര്‍മാര്‍ക്ക് ആരോഗ്യമന്ത്രാലയത്തിന്‍റെ അന്ത്യശാസനം

By Web TeamFirst Published Aug 3, 2019, 3:27 PM IST
Highlights

മെഡിക്കല്‍ കമ്മീഷന്‍ ബില്ല് പാര്‍ലമെന്‍റില്‍ പാസ്സാക്കിയതിനെതിരെ ഐഎംഎയുടെ നേതൃത്വത്തില്‍ ദിവസങ്ങളായി ഡോക്ടര്‍മാര്‍ സമരത്തിലാണ്. 

ദില്ലി: ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരെ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് ആരോഗ്യമന്ത്രാലയത്തിന്‍റെ അന്ത്യശാസനം. സമരം അവസാനിപ്പിച്ച് ജോലിയിൽ തിരികെ പ്രവേശിച്ചില്ലെങ്കിൽ നടപടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

മെഡിക്കല്‍ കമ്മീഷന്‍ ബില്ല് പാര്‍ലമെന്‍റില്‍ പാസ്സാക്കിയതിനെതിരെ ഐഎംഎയുടെ നേതൃത്വത്തില്‍ ദിവസങ്ങളായി ഡോക്ടര്‍മാര്‍ സമരത്തിലാണ്. മെഡിക്കല്‍ വിദ്യാര്‍ത്ഥികളും പഠിപ്പുമുടക്കലും നിരാഹാരവുമുള്‍പ്പടെയുള്ള സമരമുറകളുമായി പ്രതിഷേധത്തിലാണ്. സമരം ശക്തമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍  ഐഎംഎ ആലോചനകള്‍ നടത്തുന്നതിനിടെയാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ അന്ത്യശാസനം.

ആരോഗ്യമന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശപ്രകാരം എയിംസ് രജിസ്ട്രാറും സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. എയിംസിലെ ഡോക്ടര്‍മാര്‍ എത്രയും വേഗം സമരം പിന്‍വലിച്ച് ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍ നടപടിയുണ്ടാകുമെന്നാണ് രജിസ്ട്രാര്‍ അറിയിച്ചിരിക്കുന്നത്.  പിരിച്ചുവിടൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. സമരം തുടരുകയാണെങ്കിൽ ഹോസ്റ്റലുകൾ ഒഴിയണം എന്നും ഡോക്ടര്‍മാരോട് രജിസ്ട്രാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

സമരം ചെയ്യുന്ന ഡോക്ടർമാരെ നേരിൽ കണ്ടു സംസാരിച്ചെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.ഹർഷവർധൻ ഇന്നലെ അറിയിച്ചിരുന്നു.ഡോക്ടർമാരുടെ ആശങ്ക അകറ്റിയിട്ടുണ്ടെന്നും സമരത്തിൽ നിന്ന് പിൻമാറണമെന്ന് അവരോട് ആഭ്യർത്ഥിച്ചെന്നുമാണ് മന്ത്രി പറഞ്ഞത്.

അവസാന വർഷ എംബിബിഎസ് പരീക്ഷ പിജി പരീക്ഷയ്ക്കുള്ള മാനദണ്ഡമാക്കുന്ന, മെഡിക്കൽ കൗണ്‍സിൽ ബില്ലിലെ വ്യവസ്ഥക്കെതിരെയാണ് മെഡിക്കല്‍ വിദ്യാർഥികളുടെ പ്രതിഷേധം. ബില്ലിലെ വ്യവസ്ഥകളനുസരിച്ച് എംബിബിഎസ് അവസാന വർഷ പരീക്ഷ രാജ്യത്താകെ ഒറ്റ പരീക്ഷയാക്കും. ഇതേ പരീക്ഷയുടെ മാർക്കാവും എംഡി കോഴ്‍സിലേക്കുള്ള പ്രവേശനത്തിനും ആധാരം. ദേശീയതല മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന്‍റെ അടിസ്ഥാനത്തിലാവും എയിംസ് ഉൾപ്പടെ എല്ലാ സ്ഥാപനങ്ങളിലേക്കും പ്രവേശനം. സ്വകാര്യ മെഡിക്കൽ കോളേജുകളിലെ അമ്പത് ശതമാനം സീറ്റുകളിൽ ഫീസിന് കേന്ദ്രസർക്കാർ മാനദണ്ഡം നിശ്ചയിക്കും.  

പ്രാഥമിക ശുശ്രൂഷയ്ക്കും പ്രതിരോധ കുത്തിവയ്‍പുകൾക്കും, മിഡ് ലെവൽ ഹെൽത്ത് വർക്കർ എന്ന പേരിൽ ഡോക്ടർമാരല്ലാത്ത വിദഗ്‍ധർക്കും നിയന്ത്രിത ലൈസൻസ് നൽകാനും ബില്ലില്‍ ശുപാര്‍ശയുണ്ട്. 25 അംഗ ദേശീയ മെഡിക്കൽ കമ്മീഷനാവും മെഡിക്കൽ രംഗവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലെയും അന്തിമ അതോറിറ്റി.

ബില്ല് പ്രകാരം ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ഇല്ലാതാകും. പകരം മെഡിക്കൽ കോളേജുകൾക്ക് അംഗീകാരം നൽകാൻ മെഡിക്കൽ കമ്മീഷന് കീഴിൽ സ്വതന്ത്ര ബോർഡുകൾ സ്ഥാപിക്കും. സംസ്ഥാനങ്ങൾ സംസ്ഥാന മെഡിക്കൽ കൗൺസിലുകൾ സ്ഥാപിക്കണമെന്നും ബില്ലില്‍ പറയുന്നു.
 

click me!