വിവാഹത്തിന് എത്തിയവർക്ക് മാസ്കുമില്ല സാമൂഹിക അകലവുമില്ല; വധൂവരന്മാരുടെ കുടുംബങ്ങൾക്ക് 50,000 രൂപ പിഴ

By Web TeamFirst Published Jul 7, 2020, 8:57 AM IST
Highlights

സ്വയം ആസ്വദിക്കുന്നത് മറ്റുള്ളവരുടെ ജീവന് ഭീഷണിയാകരുതെന്ന് ജില്ലാ കളക്ടർ വിജയ് അമൃത കുലങ്കെ പറഞ്ഞു. വിവാഹഘോഷയാത്ര നടത്തിയ കാർ പ്രാദേശിക ട്രാൻസ്പോർട് ഓഫീസർ പിടിച്ചെടുത്തിട്ടുണ്ട്. 

ഭുവനേശ്വർ: കൊവിഡ് എന്ന മഹാമാരിയെ ചെറുത്ത് തോൽപ്പിക്കാനുള്ള പരിശ്രമത്തിലാണ് ലോക ജനത. പുറത്തിറങ്ങുമ്പോൾ മാസ് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും ആരോ​ഗ്യപ്രവർത്തകർ ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വിവാഹങ്ങൾക്ക് കൃത്യമായ മാർ​ഗ നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. എന്നാൽ പലയിടങ്ങളിലും സർക്കാർ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നില്ല. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ ഒഡീഷയിൽ നിന്ന് പുറത്തുവരുന്നത്.

ഒഡീഷയിലെ ഗഞ്ചം ജില്ലയിലാണ് സംഭവം. സാമൂഹിക അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയുമാണ് വിവാഹ ഘോഷയാത്രയിൽ ആളുകൾ പങ്കെടുത്തത്. ഇത് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ  വധൂവരന്മാരുടെ കുടുംബങ്ങൾക്ക് 50,000 രൂപയാണ് പിഴയായി ആരോ​ഗ്യവകുപ്പ് ഉദ്യോ​ഗസ്ഥർ ചുമത്തിയത്. നിർദ്ദേശങ്ങൾ ലംഘിച്ചതിന് ഇരു കുടുംബങ്ങൾക്കുമെതിരെ പൊലീസ് പരാതി രജിസ്റ്റർ ചെയ്തതായി ഹിന്ദു റിപ്പോർട്ട് ചെയ്തു. 

അതേസമയം, സ്വയം ആസ്വദിക്കുന്നത് മറ്റുള്ളവരുടെ ജീവന് ഭീഷണിയാകരുതെന്ന് ജില്ലാ കളക്ടർ വിജയ് അമൃത കുലങ്കെ പറഞ്ഞു. വിവാഹഘോഷയാത്ര നടത്തിയ കാർ പ്രാദേശിക ട്രാൻസ്പോർട് ഓഫീസർ പിടിച്ചെടുത്തിട്ടുണ്ട്. 
സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

click me!