
ലക്നൗ: പോത്തുകളെ കടത്തിയ കേസിന് ശേഷം ആടുകളെ മോഷ്ടിച്ചുവെന്ന കേസില്‍ സമാജ്‍വാദി നേതാവും എംപിയുമായ ആസം ഖാനെതിരെ എഫ്ഐആര്‍. ആസം ഖാനും സുന്നി ഷിയ വഖഫ് ബോര്‍ഡുകളിലെ ചെയര്‍മാന്‍മാരടക്കം മറ്റ് ഏഴുപേര്‍ക്കുമെതിരെയാണ് കേസ് റെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
റാംപൂര്‍ പബ്ലിക് ഗേറ്റ് സ്വദേശിയായ 50കാരിയായ നസീമ ഖട്ടൂന്‍ നല്‍കിയ പരാതിയിലാണ് നടപടി. ആസം ഖാനും മറ്റ് ഏഴുപേരും പരിചയമില്ലാത്ത 25 പേരും 2016 ഒക്ടോബര്‍ 15ന് തന്‍റെ വീട്ടിലേക്ക് വരികയും വീട് കൊള്ളയടിക്കുകയും ചെയ്തുവെന്നാണ് പരാതി. സ്വര്‍ണ്ണം, മൂന്ന് പോത്തുകള്‍, പശു, നാല് ആടുകള്‍ എന്നിവയാണ് മോഷ്ടിച്ചതെന്നും പരാതിയില്‍ പറയുന്നു.
വഫഖ് ബോര്‍ഡിന്‍റെ കൈവശമുള്ള ഭൂമിയിലാണ് കഴിഞ്ഞ 20 വര്‍ഷമായി ഇവര്‍ ജീവിച്ചുവരുന്നത്. പ്രദേശത്ത് സ്കൂള്‍ നിര്‍മ്മിക്കണമെന്നും അതിനായി ആസം ഖാനും കൂട്ടരും തന്നോട് ഒഴിഞ്ഞുപോകണമെന്നും ആവശ്യപ്പെട്ടുവെന്നും ഇവര്‍ വ്യക്തമാക്കി.
ആസം ഖാന് പുറമെ ഷിയ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ്വി, സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അഹമ്മദ് ഫറൂഖി, മുന്‍ സര്‍ക്കിള്‍ ഓഫീസര്‍ ആലെയ് ഹസ്സന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
82 കേസുകളാണ് ആസം ഖാനെതിരെ റെജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 50 എണ്ണം ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ്. ബാക്കി 28 എണ്ണം ആലിയഗഞ്ചിലെ കര്‍ഷകര്‍ നല്‍കിയ പരാതിയില്‍ റെജിസ്റ്റര്‍ ചെയ്ത കേസുകളാണ്.
ആസം ഖാന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. റാംപൂര്‍ എംപിയായ ഖാനെതിരെ അറസ്റ്റുവാറന്‍റ് പുറപ്പെടുവിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ തെറ്റായ വിവരം നല്‍കിയെന്ന പേരില്‍ 2010 ല്‍ എടുത്ത കേസില്‍ കോടതിയില്‍ ഹാജരാകാത്തതിനാലാണ് നടപടി. ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ജയപ്രദയ്ക്കെതിരെ മോശം പരാമര്‍ശം നടത്തിയതിനും ആസം ഖാനെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam