ഉദ്ഘാടനത്തിന് ദിവസങ്ങൾ മാത്രം; തെലങ്കാനയിലെ പുതിയ സെക്രട്ടേറിയറ്റ് കെട്ടിടത്തിന് തീപിടിച്ചു

By Web TeamFirst Published Feb 3, 2023, 4:53 PM IST
Highlights

പുതിയ തെലങ്കാന സെക്രട്ടേറിയറ്റ് കെട്ടിടത്തിൽ തീപിടിത്തം.

ഹൈദരാബാദ്: പുതിയ തെലങ്കാന സെക്രട്ടേറിയറ്റ് കെട്ടിടത്തിൽ തീപിടിത്തം. ഹൈദരാബാദിലെ എൻടിആർ ഗാർഡൻസിനടുത്ത് പണി കഴിപ്പിച്ച പുതിയ കെട്ടിടത്തിന്‍റെ ഒന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. പുലർച്ചെ രണ്ടേകാലോടെയാണ് കെട്ടിടത്തിന്‍റെ ഒന്നാം നിലയിൽ തീ കണ്ടത്. 

തുടർന്ന് 11 അഗ്നിശമനസേനാ യൂണിറ്റുകളെത്തിയാണ് തീയണച്ചത്. ഈ മാസം 17-ന് ഉദ്ഘാടനം ചെയ്യാനിരിക്കുന്ന പുതിയ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായിരിക്കുന്നത്. മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു അയൽ സംസ്ഥാനങ്ങളിലെ അടക്കം ബിജെപിയിതര മുഖ്യമന്ത്രിമാരെയും പ്രാദേശിക പ്രതിപക്ഷനേതാക്കളെയും കെട്ടിടത്തിന്‍റെ ഉദ്ഘാടനത്തിന് ക്ഷണിച്ചിട്ടുണ്ട്.

Read more:  തെലങ്കാനയിൽ ഗവര്‍ണര്‍ സര്‍ക്കാര്‍ പോരില്‍ അയവ്, ബജറ്റവതരണം ഈ മാസം ആറിനോ ഏഴിനോ നടന്നേക്കും

അതേസമയം, ദേശീയതലത്തിൽ വീണ്ടും പ്രതിപക്ഷ ഐക്യത്തിന് നീക്കവുമായാണ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു. അടുത്ത മാസം 17-ന് നടക്കുന്ന തെലങ്കാന സെക്രട്ടേറിയറ്റ് മന്ദിരത്തിന്‍റെ ഉദ്ഘാടനത്തിന് പ്രാദേശിക പ്രതിപക്ഷ നേതാക്കളെയും മുഖ്യമന്ത്രിമാരെയും  ക്ഷണിച്ചതെന്നാണ്  വിലയിരുത്തൽ. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ, ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് എന്നിവർക്കാണ് ക്ഷണം. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ പ്രതിനിധിയായി ജെഡിയു നേതാവ് ലലൻ സിംഗ് പങ്കെടുക്കുമെന്നറിയിച്ചിട്ടുണ്ട്.

ഡോ. ബി ആ‍ർ അംബേദ്കറുടെ ചെറുമകൻ പ്രകാശ് അംബേദ്കറും ചടങ്ങിനെത്തും മുഖ്യമന്ത്രിമാരായ പിണറായി വിജയൻ, അരവിന്ദ് കെജ്‍രിവാൾ, ഭഗവന്ത് മൻ, എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് എന്നിവരെ അണിനിരത്തി തെലങ്കാനയിലെ ഖമ്മത്ത് കെസിആറിന്‍റെ ഭാരത് രാഷ്ട്രസമിതി മെഗാറാലി നടത്തിയിരുന്നു. 

click me!