കല്യാണത്തലേന്ന് വീട്ടിൽ പടക്കം പൊട്ടിച്ചത് വൻ ദുരന്തമായി; ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ആറ് മരണം

By Web TeamFirst Published Apr 27, 2024, 11:10 AM IST
Highlights

പടക്കത്തിൽ നിന്ന് തീ പടർന്നപ്പോൾ പാചക വാതക സിലിണ്ടറിലേക്കും ഡീസലിലേക്കും തീ പടർന്നത് വൻ അപകടത്തിലേക്ക് നയിച്ചു.

കല്യാണ വീട്ടിൽ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ പടക്കം പൊട്ടിച്ചത് ഒടുവിൽ വൻ ദുരന്തത്തിൽ കലാശിച്ചു. രണ്ട് കുട്ടികൾ ഉൾപ്പെടെ ആറ് പേർക്ക് ജീവൻ നഷ്ടമാവുകയും പന്തലുകളും മറ്റ് സാധനങ്ങളും പൂർണമായി കത്തി നശിക്കുകയും ചെയ്തു. പടക്കത്തിൽ നിന്നുള്ള തീ പടർന്ന് പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയത്. മൂന്ന് പശുക്കളും തീ പിടുത്തത്തിൽ ചത്തു.

ഒഡിഷയിലെ ദർബംഗയിൽ വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം. നരേഷ് പാസ്വാൻ എന്നയാളുടെ മകളുടെ വിവാഹമായിരുന്നു അടുത്ത ദിവസം നടക്കേണ്ടിയിരുന്നത്. വിവാഹത്തലേന്ന് നടന്ന ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടിച്ചത് വലിയ ദുരന്തരത്തിലേക്കുള്ള വഴിയായി മാറുകയായിരുന്നു. അയൽവാസിയായ രാമചന്ദ്ര പാസ്വാന്റെ കുടുംബമാണ് തീപിടുത്തത്തിൽ മരിച്ചത്. വധുവിന്റെ വീട്ടിൽ നിന്ന് ഏതാനും മീറ്റർ മാത്രം അകലെയായിരുന്ന രാമചന്ദ്ര പാസ്വാന്റെ വീട്ടിലാണ് പന്തൽ ഒരുക്കിയിരുന്നത്. ഇവിടെ പാചകത്തിനായി എൽ.പി.ജി സിലണ്ടറും, വാട്ടർ പമ്പുകളിലും ജനറേറ്ററുകളിലും ഉപയോഗിക്കാനായി ഡീസലും കരുതിയിരുന്നു. പടക്കത്തിൽ നിന്ന് തീ പടർന്നപ്പോൾ പാചക വാതക സിലിണ്ടറിലേക്കും ഡീസലിലേക്കും തീ പടർന്നത് വൻ അപകടത്തിലേക്ക് നയിച്ചു. സുനിൽ കുമാർ പാസ്വാൻ (28), ലാലി ദേവി (25), കാഞ്ചൻ ദേവി (25), സാക്ഷി കുമാരി (6), സിദ്ദാർദ്ധ് (2), സുധാൻഷു (4) എന്നിവരാണ് മരിച്ചത്. 

അപകടത്തിന്റെ പശ്ചാത്തലത്തിൽ തൊട്ടടുത്ത ക്ഷേത്രത്തിൽ വെച്ചാണ് അടുത്ത ദിവസം വിവാഹ ചടങ്ങുകൾ നടത്തിയത്. പൊലീസും മറ്റ് ഉദ്യോഗസ്ഥരുമെല്ലാം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്ക് നാല് ലക്ഷം രൂപയും വസ്തുവകകളുടെ നഷ്ടത്തിന് 12 ലക്ഷം രൂപയും സഹായധനമായി അനുവദിക്കുമെന്ന് സബ് ഡിവിഷണ‌ൽ ഓഫീസർ ശംഭുനാഥ് ജാ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യുസ് ലൈവ്

click me!