
ശ്രീനഗർ: ജമ്മു കശ്മീർ പുനഃസംഘടനയ്ക്ക് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിന് ഇന്ന് തുടക്കം. കനത്ത സുരക്ഷയിലാണ് ജില്ലാ വികസന സമിതികൾ അടക്കമുള്ള തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിന് തുടക്കമാകുന്നത്. അടുത്ത മാസം പത്തൊമ്പത് വരെയായി എട്ടു ഘട്ടങ്ങളിലായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
13,241 പഞ്ചായത്ത് സീറ്റുകൾകളിലേക്കും 280 ജില്ലാ വികസനസമിതികളിലേക്കുമായി നടക്കുന്ന തെരഞ്ഞെടുപ്പ് ബിജെപിക്കും മറ്റു പ്രതിപക്ഷ പാർട്ടികൾക്കും നിർണ്ണായകമാണ്. കോൺഗ്രസ്, നാഷണൽ കോൺഫറസ്, പിഡിപി, ജമ്മു കശ്മീർ പീപ്പിൾ കോൺഫറസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഗുപ്കർ സഖ്യമായിട്ടാണ് ബിജെപിക്ക് എതിരെ മത്സരിക്കുന്നത്.
പുനഃസംഘടനയ്ക്ക് എതിരെ ജനങ്ങൾ വിധിയെഴുതുമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ വിലയിരുത്തൽ. പ്രതിപക്ഷ സഖ്യമായ ഗുപ്കർ സഖ്യത്തിനെതിരെ വലിയ കടന്നാക്രമണവുമായി കേന്ദ്ര ബിജെപി നേതാക്കൾ അടക്കം രംഗത്തെത്തിയിരുന്നു. വലിയ സുരക്ഷയാണ് തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ജമ്മു കശ്മീരിൽ ഒരുക്കിയിരിക്കുന്നത്. ഇന്നലെ ഉന്നത ഉദ്യോഗസ്ഥർ നേത്യത്വത്തിൽ സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാൻ പാക്കിസ്ഥാൻ ശ്രമിക്കുന്നതായി നഗ്രോട്ടാ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ ആരോപിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam