
ജോർഹട്ട്, അസം: അസമിലെ ജോർഹട്ടിൽ നിന്ന് മെചുകയിലേക്ക് പോകവേ കാണാതായ വ്യോമസേനയുടെ AN 32 വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ ഇടത്ത് ഇന്നും തെരച്ചിൽ തുടരും. വിമാനത്തിൽ മൂന്ന് മലയാളികളുൾപ്പടെ 13 പേരാണുണ്ടായിരുന്നത്.
വിമാനം തകർന്നു വീണ ഇടത്തിന്‍റെ ആദ്യ ചിത്രങ്ങൾ പുറത്തു വന്നു. നിബിഡവനപ്രദേശത്തേക്കാണ് വിമാനം തകർന്നു വീണിരിക്കുന്നത്. പ്രദേശത്തെ മരങ്ങളെല്ലാം കത്തി നശിച്ച നിലയിലാണ്. വിമാനം തകർന്നു വീണപ്പോൾ വലിയ തീപിടിത്തമുണ്ടായെന്നാണ് ദൃശ്യങ്ങളിലൂടെ വ്യക്തമാകുന്നത്.
സിയാങ് ജില്ലയിലെ പായും സർക്കിളിന് തൊട്ടടുത്താണ് വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ ഇന്നലെ വൈകിട്ടോടെ കണ്ടെത്തിയത്. സ്ഥലത്ത് പരിശോധന നടത്തുകയായിരുന്ന Mi-17 ഹെലികോപ്റ്ററാണ് വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
കുത്തനെയുള്ള നിബിഡവനത്തിലേക്കാണ് വിമാനം തകർന്നു വീണത്. അതുകൊണ്ടുതന്നെ ഹെലികോപ്റ്ററുകൾക്ക് വിമാനം തകർന്നു വീണതിന്‍റെ തൊട്ടടുത്തെങ്ങുെം ഇറങ്ങാനാകില്ല. എന്നാൽ തൊട്ടടുത്ത് ഹെലികോപ്റ്ററുകൾക്ക് ഇറങ്ങാനാകുന്ന സ്ഥലം കണ്ടെത്തിയെന്നും, രാവിലെ തന്നെ രക്ഷാപ്രവർത്തനം തുടങ്ങിയെന്നും വ്യോമസേന അറിയിക്കുന്നു. ഇന്നലെ രാത്രി മുതൽത്തന്നെ പ്രദേശത്ത് കരസേനയെത്തി തെരച്ചിൽ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്.
ജൂൺ 3-ന് അസമിലെ ജോർഹട്ടിൽ നിന്ന് മെചുകയിലെ സൈനിക ലാൻഡിംഗ് സ്ട്രിപ്പിലേക്ക് പോവുകയായിരുന്നു വിമാനം. പന്ത്രണ്ടരയോടെ പറന്നുയർന്ന് അരമണിക്കൂറിനകമാണ് വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായത്. വിമാനത്തിന് വേണ്ടി C-130J, സുഖോയ് SU-30 പോർ വിമാനങ്ങൾ, നാവികസേനയുടെ P8-I തെരച്ചിൽ വിമാനങ്ങൾ, കര, വ്യോമസേനകളുടെ ഒരു സംഘം ഹെലികോപ്റ്ററുകൾ എന്നിവ ജൂൺ 3 മുതൽ പ്രദേശത്ത് തെരച്ചിൽ നടത്തി വരികയായിരുന്നു. ISROയുടെ ഉപഗ്രഹങ്ങളും, സൈന്യത്തിന്‍റെ ഡ്രോണുകളും തെരച്ചിലിന് സഹായിക്കാനായി ഉണ്ടായിരുന്നു.
എന്നാൽ കനത്ത മഴയും നിബിഡവനവും തെരച്ചിൽ ദുഷ്കരമാക്കി. മെചുകയിൽ ലാൻഡ് ചെയ്യുന്നതും പറന്നുയരുന്നതും ബുദ്ധിമുട്ടായിരുന്നു. ഇന്ത്യയിലെ തന്നെ, സഞ്ചരിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള വ്യോമമേഖലകളിലൊന്നാണ് മെചുകയിലേത്.
ഒപ്പം വിമാനത്തിന്‍റെ സെർച്ച് - റെസ്ക്യൂ ബീക്കൺ കഴിഞ്ഞ പതിനാല് വർഷമായി മാറ്റി വച്ചിട്ടുമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ വിമാനത്തിൽ നിന്നുള്ള സിഗ്‍നലുകളും ലഭിച്ചില്ല. വിമാനങ്ങൾക്ക് അപകടം സംഭവിച്ചാൽ കോസ്പാസ് - സാർസാറ്റ് എന്ന ഉപഗ്രഹത്തിലേക്ക് അപകട സൂചന നൽകാം. അങ്ങനെയെങ്കിൽ പെട്ടെന്ന് തന്നെ സഹായമെത്തിക്കാനാകും.
എന്നാൽ AN-32 സോവിയറ്റ് യൂണിയന്‍റെ ഡിസൈനിൽ നിർമിച്ച പഴക്കമുള്ള വിമാനമായിരുന്നു. കഴിഞ്ഞ നാൽപത് വർഷമായി വ്യോമസേന ഈ ട്വിൻ എഞ്ചിൻ യാത്രാവിമാനം ഉപയോഗിക്കുന്നു. കാലാനുസൃതമായി ചില പരിഷ്കാരങ്ങളൊക്കെ വരുത്തിയിട്ടുണ്ടെങ്കിലും ആധുനിക സൗകര്യങ്ങൾ ഈ വിമാനത്തിലുണ്ടായിരുന്നില്ല.
ഈ വർഷം ഇതുവരെ മാത്രം രക്ഷാ സേനകളുടെ ഒമ്പത് വിമാനങ്ങളാണ് തകർന്നു വീണത്. മിഗ് വിമാനങ്ങളും (21,27,17) ജാഗ്വർ, മിറാഷ് 2000 വിമാനങ്ങളും സൂര്യകിരൺ വിമാനങ്ങളും ഇവയിൽപ്പെടും.
സ്ക്വാഡ്രണ്‍ ലീഡര്‍ പാലക്കാട് സ്വദേശി വിനോദ്, കൊല്ലം സ്വദേശിയായ സാര്‍ജന്‍റ് അനൂപ് കുമാർ, മറ്റൊരുദ്യോഗസ്ഥനായ എന്‍.കെ. ഷെരില്‍ എന്നിവരാണ് വിമാനത്തിലുള്ള മലയാളികള്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam