
ദില്ലി : ദില്ലിയില്‍ ആംആദ്മി പാര്‍ട്ടിക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് രാഹുല്‍ ഗാന്ധി. നാല് സീറ്റില്‍ എഎപിക്കും മൂന്ന് സീറ്റില്‍ കോണ്‍ഗ്രസിനും വോട്ട് ചെയ്യണമെന്ന് ചാന്ദ്നി ചൗക്കിലെ റാലിയില്‍ രാഹുല്‍ ആഹ്വാനം ചെയ്തു. മോദിയുമായി സംവാദത്തിന് തയ്യാറാണെന്ന് ആവത്തിച്ച രാഹുൽ തന്റെ ചോദ്യങ്ങൾ അംബാനിയെ കുറിച്ചും ഇലക്ട്രൽ ബോണ്ടിനെ കുറിച്ചുമായിരിക്കുമെന്നും വ്യക്തമാക്കി.
ദില്ലിയിൽ ഇന്ത്യാ സഖ്യത്തിനായി പ്രചരണത്തിനെത്തിയതായിരുന്നു രാഹുൽ ഗാന്ധി. ലോക്സഭാ തെരഞ്ഞെടുപ്പിൽ നാല് സീറ്റില്‍ എഎപിക്കും മൂന്ന് സീറ്റില്‍ കോണ്‍ഗ്രസിനും വോട്ട് ചെയ്യണമെന്ന് രാഹുൽ ആഹ്വാനം ചെയ്തു. ഈ തെരഞ്ഞെടുപ്പ് ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണ്. ഓരോ വോട്ടും ഭരണഘടനയ്ക്ക് വേണ്ടിയായിരിക്കണമെന്നും ഭരണഘടന കൈയ്യില്‍ ഉയർത്തിപിടിച്ച് രാഹുല്‍ ആവശ്യപ്പെട്ടു.
മോദിയുമായി സംവാദം നടത്താൻ താന്‍ തയ്യാറാണ്. എന്നാല്‍ മോദി അതിന് തയ്യാറാകുന്നില്ല. മോദി സംവാദത്തിന് തയ്യാറായാല്‍ ആദ്യം അംബാനിയുമായുള്ള ബന്ധത്തെ കുറിച്ച് ചോദിക്കും. പിന്നീട് ഇലക്ട്രല്‍ ബോണ്ടിനെ കുറിച്ച് ചോദിക്കും. അതോടെ സംവാദം അവസാനിക്കുമെന്നും രാഹുല്‍ മോദിയെ പരിഹസിച്ചു. മോദി സാധാരണക്കാര്‍ക്ക് വേണ്ടി കഴിഞ്ഞ പത്ത് കൊല്ലവും ഒന്നും ചെയ്തില്ല. പക്ഷേ രാജ്യത്തെ അതിസമ്പന്നരുടെ കോടികളുടെ കടം എഴുതി തള്ളി. രാജ്യത്തുളള തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 24 തവണ വേതനം നല്‍കാമായിരുന്നത്ര പണമാണ് അതിസമ്പന്നര്‍ക്ക് വേണ്ടി മോദി എഴുതി തള്ളിയതെന്നും രാഹുൽ പറഞ്ഞു.
മേഘത്തിന്‍റെ മറവില്‍ യുദ്ധ വിമാനം പറത്തിയാല്‍ റഡാറില്‍ വരില്ലെന്നതടക്കമുള്ള പല അബദ്ധങ്ങളും മോദി പറഞ്ഞിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു. റംസാൻ സമയത്ത് മുസ്ലീം സഹോദരങ്ങള്‍ തനിക്ക് ഭക്ഷണം തരുമായിരുന്നുവെന്ന് മോദി അഭിമുഖത്തില്‍ പറഞ്ഞു. മോദി അപ്പോള്‍ സസ്യാഹാരിയല്ലേ? അരവിന്ദ് കെജ്രിവാളിനെയും ഹേമന്ത് സോറനെയും മോദി സർക്കാർ ജയിലിലടച്ചു. സാഹോദര്യത്തിന്‍റെ നാടായ ദില്ലിയിൽ ചൂല് കൈയ്യിലേന്തിയാണ് പോരാട്ടമെന്നും രാഹുൽ വ്യക്തമാക്കി.