അഞ്ച് പെൺകുട്ടികൾ ചേർന്ന് നടത്തിയ അപകടകരമായ പരീക്ഷണത്തിനൊടുവിൽ ദുരന്തം; നാല് പേർ മരിച്ചു, അതിജീവിച്ച കുട്ടിയുടെ മൊഴി പുറത്ത്

Published : Feb 14, 2026, 12:23 AM IST
five girls

Synopsis

നാടിനെ നടുക്കിയ സംഭവത്തിൽ നടന്നതെന്തെന്ന് വിശദീകരിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി. അതേസമയം പൊലീസ് സംശയിക്കുന്നത് മറ്റൊന്നാണ്.

പട്ന: അഞ്ച് പെൺകുട്ടികൾ ചേർന്ന് നടത്തിയ അപകടകരമായ പരീക്ഷണം വൻ ദുരന്തത്തിൽ കലാശിച്ചു. വിഷത്തിന്‍റെ രുചി എന്താണെന്ന് അറിയാനുള്ള കൗതുകത്തിനിടെ വിഷാംശം ഉള്ളിൽച്ചെന്ന് നാല് പെൺകുട്ടികൾ മരിച്ചു. അതിജീവിച്ച പെൺകുട്ടിയാണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. ബിഹാറിലെ ഔറംഗബാദ് ജില്ലയിലുള്ള മോട്ടി ബിഘ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.

12നും 15നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളാണ് മരിച്ചത്. ജനുവരി 29-നാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. അഞ്ചംഗ സംഘത്തിലുണ്ടായിരുന്ന 14 വയസ്സുകാരി മാത്രമാണ് രക്ഷപ്പെട്ടത്. ആ പെൺകുട്ടിയുടെ മൊഴി എൻഡിടിവി റിപ്പോർട്ട് ചെയ്തതിങ്ങനെയാണ്:

"വിഷം കഴിച്ചാൽ നമ്മൾ മരിക്കുമോ അതോ ജീവിക്കുമോ എന്ന് നോക്കാം എന്ന് ഒരു കൂട്ടുകാരി പറഞ്ഞു. കൊക്കുകളെ കൊല്ലാൻ ഉപയോഗിക്കുന്ന വിഷമാണ് കൈവശം ഉണ്ടായിരുന്നത്. ആളൊഴിഞ്ഞ സ്ഥലത്തു പോയി എല്ലാവരും അത് വെള്ളത്തിൽ കലക്കി കുടിച്ചു. ഞാൻ വളരെ കുറച്ച് മാത്രമേ കുടിച്ചുള്ളൂ, ഉടൻ തന്നെ അത് തുപ്പിക്കളഞ്ഞു. അതുകൊണ്ടാണ് ഞാൻ രക്ഷപ്പെട്ടത്."

വിഷം കഴിച്ചതിന് പിന്നാലെ നാല് കൂട്ടുകാരികളും കുഴഞ്ഞുവീണെന്ന് പെണ്‍കുട്ടി പറയുന്നു. ഭയന്ന് വീട്ടിലേക്കോടി. വീട്ടിലെത്തിയ ഉടൻ സംഭവിച്ചത് പറഞ്ഞപ്പോൾ ബന്ധുക്കൾ പെൺകുട്ടിക്ക് വേപ്പില നീര് നൽകി ഛർദ്ദിപ്പിച്ചു. ഇതാണ് കുട്ടിയുടെ ജീവൻ രക്ഷിച്ചത്.

പൊലീസ് പറയുന്നത് മറ്റൊന്ന്

എന്നാൽ കുട്ടിയുടെ മൊഴിയിൽ നിന്നും വ്യത്യസ്തമായ നിഗമനത്തിലാണ് പൊലീസ്. പെൺകുട്ടികൾ ചില ആൺകുട്ടികളോടൊപ്പം നടക്കുന്നത് വീട്ടുകാർ കണ്ടിരുന്നുവെന്നും ഇതിന്റെ പേരിൽ മാതാപിതാക്കൾ ശകാരിച്ചതിൽ മനംനൊന്താണ് അഞ്ച് പേരും ജീവനൊടുക്കാൻ ശ്രമിച്ചതെന്നുമാണ് പൊലീസ് സംശയിക്കുന്നത്. ദൗദ്‌നഗർ എസ്ഡിപിഒ അശോക് കുമാർ ദാസ് ആണ് ഇങ്ങനെ പറഞ്ഞത്.

സാമൂഹത്തിൽ നിന്നുള്ള സമ്മർദവും സാമ്പത്തിക പരാധീനതകളും കാരണം ഔദ്യോഗിക നടപടികൾ പൂർത്തിയാകുന്നതിന് മുൻപേ നാല് പെൺകുട്ടികളുടെയും മൃതദേഹങ്ങൾ ഒരേ ചിതയിൽ സംസ്കരിച്ചു. അതിജീവിച്ച പെൺകുട്ടിയെ കുറച്ചു ദൂരെയുള്ള ബന്ധുവീട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ മൊഴി ഉൾപ്പെടെ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യാത്രക്കാരുടെ സുരക്ഷയിൽ ഗുരുതര വീഴ്ച; എയർ ഇന്ത്യയ്ക്ക് പിഴയിട്ട് ഡിജിസിഎ
എപ്സ്റ്റീന്‍ ഫയല്‍ വിവാദം: കേന്ദ്രമന്ത്രി, മോദിയുടെ മധ്യസ്ഥനായെന്ന ആക്ഷേപം ഉയർത്തി കോണ്‍ഗ്രസ്, രാജിയിലുറച്ച് പ്രതിപക്ഷം