ഭീമാ കൊറേഗാവ് കേസ്: അഞ്ചാമത്തെ ജഡ്‍ജിയും പിന്മാറി

By Web TeamFirst Published Oct 3, 2019, 12:50 PM IST
Highlights

ഭീമാ കൊറേഗാവ് കേസില്‍ അറസ്റ്റിലായ സാമൂഹ്യപ്രവര്‍ത്തകന്‍ ഗൗതം നവ്ലഖയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍ നിന്നാണ് ജഡ്‍ജിമാര്‍ പിന്‍മാറിയത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയും കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറിയവരില്‍ ഉള്‍പ്പെടുന്നു.

ദില്ലി: ഭീമാ കൊറേഗാവ് കേസ് കേൾക്കുന്നതിൽ നിന്ന് അഞ്ചാമത്തെ ജ‍ഡ്‍ജിയും പിന്‍മാറി. ജസ്റ്റിസ് രവീന്ദ്രഭട്ടാണ് ഇന്ന് പിന്‍മാറിയത്. ഭീമാ കൊറേഗാവ് കേസില്‍ അറസ്റ്റിലായ സാമൂഹ്യപ്രവര്‍ത്തകന്‍ ഗൗതം നവ്ലഖയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍ നിന്നാണ് ജഡ്‍ജിമാര്‍ പിന്‍മാറിയത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയും കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറിയവരില്‍ ഉള്‍പ്പെടുന്നു.

സെപ്റ്റംബര്‍ 30നാണ് കേസ് കേള്‍ക്കുന്നതില്‍ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി പിന്‍മാറിയത്. താന്‍ അംഗമല്ലാത്ത ഏതെങ്കിലും ബഞ്ച് വാദം കേള്‍ക്കട്ടെ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ചീഫ് ജസ്റ്റിസും ജസ്റ്റിസുമാരായ എസ് എ ബോബ്ഡെ, എസ് അബ്ദുള്‍ നസീര്‍ എന്നിവരും ഉള്‍പ്പെട്ട ബഞ്ചിലായിരുന്നു നവ്ലഖയുടെ ഹര്‍ജി നല്‍കിയിരുന്നത്.

2017ല്‍ മഹാരാഷ്ട്രയിലെ ഭീമാ കോറേഗാവില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട് തന്നെ പ്രതിചേര്‍ത്ത് തയ്യാറാക്കിയ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ഗൗതം നവ്ലഖ മുംബൈ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇത് കോടതി തള്ളി. ഇതെത്തുടര്‍ന്നാണ് കേസില്‍  ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് നവ്ലഖ സുപ്രീംകോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പിന്‍മാറിയതിനു പിന്നാലെ ജസ്റ്റിസുമാരായ ബി ആര്‍ ഗവായി, എന്‍ വി രമണ, സുഭാഷ് റെഡ്ഡി എന്നിവരും കേസ് കേള്‍ക്കുന്നതില്‍ നിന്ന് പിന്‍മാറിയിരുന്നു. 


എന്താണ് ഭീമാ കൊറേഗാവ് കേസ്?

പൂണെയിലെ ഭീമാ കൊറേഗാവില്‍ മറാഠാപേഷ്വാമാരോട് ഏറ്റുമുട്ടി ദളിതര്‍ നേടിയ വിജയത്തിന്‍റെ 200ാം വാര്‍ഷികം 2018 ജനുവരി ഒന്നിന് ആഘോഷിച്ചിരുന്നു. ഇതിനിടെ ഹിന്ദുത്വ അനുകൂല മറാഠാ സംഘടനകളും ദളിത് വിഭാഗക്കാരും തമ്മില്‍ ഏറ്റുമുട്ടി. അത് കലാപത്തിലേക്കും വഴിവച്ചു. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇവിടെ ഡിസംബര്‍ 31ന് നടന്ന എല്‍ഗാര്‍ പരിഷത്ത് പരിപാടിയില്‍ മാവോവാദി സാന്നിധ്യം ഉണ്ടായിരുന്നെന്നാണ് പൊലീസിന്‍റെ ആരോപണം. ഈ പശ്ചാത്തലത്തിലാണ്, ഭീമാ കൊറേഗാവില്‍ കലാപമുണ്ടാക്കാന്‍ ഗൂഢാലോചന നടത്തിയ മാവോവാദികളുമായി ബന്ധമുണ്ടെന്നാരോപിച്ച് 2018 ഓഗസ്റ്റില്‍ ഗൗതം നവ്ലഖയടക്കമുള്ള സാമൂഹ്യപ്രവര്‍ത്തകരെ പൂണെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ അര്‍ബന്‍ നക്സലുകള്‍ എന്നാണ് പൊലീസും മഹാരാഷ്ട്ര സര്‍ക്കാരും വിശേഷിപ്പിച്ചത്. 

 

 

click me!