'മേരാ പ്യാര്‍, പഞ്ചി, വിഐപി'; പെണ്‍കെണിയുടെ രഹസ്യകോഡുകള്‍ വിരല്‍ ചൂണ്ടുന്നത് പ്രമുഖരിലേക്ക്

By Web TeamFirst Published Oct 3, 2019, 12:46 PM IST
Highlights

പ്രമുഖനായ ഒരു മുന്‍ രാഷ്ട്രീയ പ്രവര്‍ത്തകന്‍റെ പേരും ഈ പട്ടികയില്‍ ഉള്‍പ്പെടും.നിലവില്‍ ദില്ലിയില്‍ ഉയര്‍ന്ന നിലയിലാണ് അയാളുടെ സ്ഥാനമെന്നും...

ഭോപ്പാല്‍: രാജ്യത്തെ മുഴുവന്‍ പിടിച്ചുലച്ച ഹണിട്രാപ്പ് കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. മധ്യപ്രദേശിലെ അഞ്ച് സ്ത്രീകള്‍ ഒരുമിച്ചിറങ്ങിയപ്പോള്‍ വലയിലായത് രാഷ്ട്രീയ സാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖരാണ്. 

എന്നാല്‍ തങ്ങളുടെ എട്ടുകാലി വലയ്ക്കുള്ളില്‍ വന്നുവീണിരുന്ന ഈ ഇരകളെ സൂചിപ്പിക്കാന്‍ അതിബുദ്ധിശാലികളായ ഈ സ്ത്രീകള്‍ വിചിത്രമായ കോഡുകളാണ് ഉപയോഗിച്ചിരുന്നത്. മേരാ പ്യാര്‍, പഞ്ചി, വിഐപി എന്നിവ അതില്‍ ചിലത് മാത്രം. കേസ് അന്വേഷിക്കുന്ന സ്പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീമിന് കഴിഞ്ഞ ദിവസമാണ് രഹസ്യങ്ങളുടെ ആ ഡയറി ലഭിച്ചത്. ഇതില്‍ എഴുതിവച്ചിരുന്ന കോഡ‍ുകളില്‍ സൂചിപ്പിക്കുന്നത് ഇവരുടെ ഇവര്‍ക്ക് മാത്രമറിയാവുന്ന ഇരകളുടെ പേരുകളാണ്. 

Read More: ഒളിക്യാമറയുമായി കിടപ്പറയിലെത്തുന്ന പെണ്‍ മാഫിയാ സംഘം; ഹണിട്രാപ്പില്‍ കുടുങ്ങിയത് രാഷ്ട്രീയക്കാര്‍ വര...

അറസ്റ്റിലായ സ്ത്രീകളിലൊരാളില്‍ നിന്നാണ് ഡയറി കണ്ടെടുത്തത്. ഭോപ്പാല്‍ സ്വദേശിയാണ് ഇവര്‍. അവരില്‍ നിന്ന് നിരവധി വീഡിയോകളും ചിത്രങ്ങളും പൊലീസ് പിടിച്ചെടുത്തിരുന്നു. ഡയറിയില്‍ ഇവര്‍ക്ക് ലഭിച്ച പണത്തിന്‍റെ കണക്കുകളും ലഭിക്കാനുള്ള പണത്തിന്‍റെ കണക്കുകളും സൂചിപ്പിച്ചിരുന്നു. മാത്രമല്ല, സെക്സ് റാക്കറ്റിന്‍റെ കണ്ണികളായ ചില പ്രമുഖ രാഷ്ട്രീയ പ്രവര്‍ത്തകരുടെയും ഉദ്യോഗസ്ഥരുടെയും പേരുകളും അന്വേഷണ സംഘത്തിന് ഈ ഡയറിയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. 

മധ്യപ്രദേശിലെ പ്രമുഖനായ ഒരു മുന്‍ രാഷ്ട്രീയ പ്രവര്‍ത്തകന്‍റെ പേരും ഈ പട്ടികയില്‍ ഉള്‍പ്പെടും.നിലവില്‍ ദില്ലിയില്‍ ഉയര്‍ന്ന നിലയിലാണ് അയാളുടെ സ്ഥാനമെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അന്വേഷണ സംഘത്തിന് ലഭിച്ച രേഖകളില്‍ പാര്‍ലമെന്‍റ് അംഗങ്ങളുമുണ്ട്. 

ഓരോ കോഡിനൊപ്പവും ലവ് ചിഹ്നവും ആരോ മാര്‍ക്കും വരച്ചുവച്ചിട്ടുണ്ട്. പഞ്ചി എന്ന കോഡുകൊണ്ട് 'ബിഗ് ക്യാച്ച്' എന്നാണ് അര്‍ത്ഥമാക്കിയിരിക്കുന്നത്. സംഭവവുമായി ബന്ധമുള്ള, യുവതികളിലൊരാളുടെ ഭര്‍ത്താവ് നടത്തുന്ന എന്‍ജിഒയുടെ പേരും ഡയറിയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. 

ഇൻഡോർ മുനിസിപ്പിൽ കോ‍ർപ്പറേഷനിലെ എന്‍ജിനീയറായ ഹ‍ർഭജൻ സിങ്ങിനെ ഹണിട്രാപ്പില്‍ പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതോടെയാണ് സംഭവം പുറത്തുവന്നത്. ഇയാളില്‍ നിന്ന് മൂന്നുകോടി തട്ടാൻ ഹണിട്രാപ്പ് സംഘം ശ്രമിച്ചു എന്നായിരുന്നു പൊലീസിൽ നല്‍കിയ പരാതി. ഈ പരാതി അന്വേഷിച്ചപ്പോഴാണ് മധ്യപ്രദേശിലെ രാഷ്ട്രീയ ഉദ്യോഗസ്ഥ നേതൃത്വത്തെ തന്നെ പിടിച്ചുകുലുക്കുന്ന നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നത്. ഈ കേസുമായി ബന്ധപ്പെട്ട് പിടിയിലായ 18 വയസ്സുള്ള പെൺകുട്ടിയിൽ നിന്നാണ് അന്വേഷണ സംഘം ഹണിട്രാപ്പ് സംഘത്തിലേക്ക് എത്തിച്ചേർന്നത്. 

click me!