
ഹരിദ്വാര്‍: ഉത്തരാഖണ്ഡ് പൊലീസിനെ വട്ടംചുറ്റിച്ച ആത്മഹത്യയായിരുന്നു റിഷികുല്‍ എന്ന ഹരിദ്വാര്‍ സ്വദേശിയുടേത്. സാമ്പത്തിക ബാധ്യത തലയ്ക്ക് മുകളിലെത്തിയപ്പോഴാണ് റിഷികുല്‍ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
എന്നാല്‍ മരണമോ മരണ കാരണമോ അല്ല പൊലീസിനെ ഈ കേസില്‍ കുഴക്കിയത്. ഇയാളുടെ ഇയാളെ ആശുപത്രിയിലെത്തിച്ച ഇയാളുടെ ഭാര്യയും ഭാര്യമാരെന്ന് അവകാശപ്പെട്ട് എത്തിയ നാല് സ്ത്രീകളുമാണ്.
ഞായറാഴ്ച രാത്രിയാണ് റിഷികുല്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. അബോധാവസ്ഥയിലായ റിഷുകുലിനെ ഭാര്യ ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചു. മണിക്കൂറുകള്‍ക്ക് ശേഷം ഇയാള്‍ മരണത്തിന് കീഴടങ്ങി. റിഷികുലിന്‍റെ മരണത്തിന് ശേഷമാണ് എല്ലാം കൈവിട്ടുപോയത്.
ഒന്നിനുപിറകെ ഒന്നായി നാല് സ്ത്രീകളാണ് മൃതദേഹം ഏറ്റുവാങ്ങാന്‍ റിഷികുലിന്‍റെ ഭാര്യയാണെന്ന് അവകാശവാദവുമായി എത്തിയത്. തിങ്കളാഴ്ച്ച പുലര്‍ച്ചെ നാല് മണിയോടെയാണ് റിഷികുലിന്‍റെ മരണം സ്ഥിരീകരിച്ചത്. രാവിലെ 9 മണിയോടെയാണ് ഓരോ സ്ത്രീകളായി എത്തിയത്. ഇതോടെ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലായി പൊലീസ്.
വളരെ പാവപ്പെട്ട സ്ത്രീകളായിരുന്നു അഞ്ച് പേരും. അതിനാല്‍ ആര്‍ക്കും വിവാഹസര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിയുമായിരുന്നില്ല. ഇത് മനസ്സിലായതോടെ അഞ്ച് പേരോടുമായി ഒരു ഒത്തുതീര്‍പ്പിലെത്തിയതിന് ശേഷം അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ ആവശ്യപ്പെടേണ്ടി വന്നുവെന്ന് ഹരിദ്വാര്‍ പൊലീസ് ഇന്‍സ്‍പെക്ടര്‍ പ്രവീണ്‍ സിംഗ് കൊഷിയാരി പറഞ്ഞു. ആത്മഹത്യയില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam