ലോക്ക്ഡൗണിലും ട്യൂഷന്‍; കയ്യോടെ പിടികൂടിയ പൊലീസുകാര്‍ക്ക് അധ്യാപികയെ ചൂണ്ടിക്കാട്ടി അഞ്ചുവയസ്സുകാരന്‍

By Web TeamFirst Published Apr 27, 2020, 1:09 PM IST
Highlights

കുട്ടികള്‍ക്ക് ട്യൂഷനെടുത്തെന്നത് അധ്യാപിക നിഷേധിച്ചെങ്കിലും മൂന്ന് കുട്ടികള്‍ ട്യൂഷന് വരുന്നുണ്ടെന്ന് അഞ്ചുവയസ്സുകാരന്‍ ഉറപ്പിച്ച് പറയുകയായിരുന്നു...

ചണ്ഡിഗഡ്: കൊവിഡ് ബാധ തടയാന്‍ രാജ്യം മുഴുവന്‍ ലോക്ക്ഡൗണ്‍ ചെയ്തിരിക്കെ കുട്ടികള്‍ക്ക് ട്യൂഷന്‍ എടുത്ത് അധ്യാപിക. പഞ്ചാബിലാണ് സംഭവം. സമൂഹവ്യാപനം തടയാന്‍ സ്കൂളുകള്‍ അടക്കം അടച്ചിരിക്കെയാണ് നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് കുട്ടികളെ രക്ഷിതാക്കള്‍ ട്യൂഷന്‍ ക്ലാസില്‍ വിടുന്നത്. നിയമം തെറ്റിച്ച് കുട്ടികളെ ട്യൂഷന് വിട്ടയാളെ പൊലീസ് പിടികൂടിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. 

കുട്ടികളുമായി ട്യൂഷന്‍ കഴിഞ്ഞുമടങ്ങവെ ബന്ധുവിനെ പൊലീസ് പിടികൂടി ചോദ്യം ചെയ്യുന്നതിനിടയില്‍ തന്‍റെ അധ്യാപകിയെ അഞ്ചുവയസ്സുകാരന്‍ തന്നെ കാണിച്ചുകൊടുക്കുകയായിരുന്നു. ''ആളുകളോട് വീടുകളില്‍ തന്നെ ഇരിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ നിങ്ങള്‍ കുട്ടികളെ ട്യൂഷന് അയക്കുകയാണോ? സ്കുളുകള്‍ അടച്ചിരിക്കുകയാണ്. പിന്നെ എന്തിനാണ് നിങ്ങള്‍ കുട്ടികളെ അയക്കുന്നത് ? '' പിടികൂടിയ ആളോട് ഡിഎസ്പി ഗുര്‍ദീപ് സിംഗ് ചോദിച്ചു. 

അധ്യാപികയുടെ വിലാസം പൊലീസ് ഇയാളോട് ചോദിച്ചെങ്കിലും പറയാന്‍  തയ്യാറായില്ല. വീണ്ടും ചോദിച്ചപ്പോള്‍ കൂടെയുള്ള അഞ്ചുവയസ്സുകാരന്‍  വിലാസം പറയുകയും വീട് ചൂണ്ടിക്കാണിക്കുകയുമായിരുന്നു. കുട്ടി സംസാരിക്കുന്നത് തടയാന്‍ ബന്ധു ശ്രമിച്ചെങ്കിലും അവന്‍ കൃത്യമായി പൊലീസുകാരെ അധ്യാപികയുടെ വീട്ടിലെത്തിച്ചു. 

അധ്യാപികയോടെ പുറത്തുവരാന്‍ ആവശ്യപ്പെട്ടതും കുട്ടിയാണ്. അവര്‍ പുറത്തുവന്നതോടെ  പൊലീസ് അവരോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. എന്നാല്‍ കുട്ടികള്‍ക്ക് ട്യൂഷനെടുത്തെന്നത് അധ്യാപിക നിഷേധിച്ചു. മൂന്ന് കുട്ടികള്‍ ട്യൂഷന് വരുന്നുണ്ടെന്ന് അഞ്ചുവയസ്സുകാരന്‍ പറഞ്ഞു. 
ക്ലാസെടുത്തതിന് അധ്യാപികയെ പൊലീസ് ശകാരിച്ചു. കുട്ടികളുടെ ബന്ധുവിനോട് മേലില്‍ ഇത് ആവര്‍ത്തിക്കരുതെന്ന് പൊലീസ് താക്കീത് നല്‍കി. 
 

click me!