കേടായ ചൈനീസ് ദ്രുതപരിശോധന കിറ്റുകൾക്ക് കൂടിയ വില; ഐസിഎംആർ പ്രതിക്കൂട്ടിൽ

By Web TeamFirst Published Apr 27, 2020, 1:07 PM IST
Highlights

 245 രൂപക്ക് ചൈനയിയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ദ്രുത ആന്‍റി ബോഡി കിറ്റുകൾ 600 രൂപക്ക് വാങ്ങാനാണ് ഐ.സി.എം.ആര്‍ കരാര്‍ നൽകിയത്.

ദില്ലി: ദ്രുത പരിശോധന കിറ്റുകളുടെ തകരാറിന് പുറമെ വിലയെ ചൊല്ലിയും ഐ.സി.എം.ആര്‍ പ്രതികൂട്ടിൽ. ദ്രുത പരിശോധന കിറ്റുകൾ കൂടിയ വിലക്ക് വാങ്ങാനുള്ള ഐ.സി.എം.ആറിന്‍റെ തീരുമാനം ഇന്നലെ ദില്ലി ഹൈക്കോടതി ഉത്തരവോടെ പുറത്തായി. ദ്രുത പരിശോധന കിറ്റുകൾക്ക് ഐ.സി.എം.ആര്‍ നിശ്ചയിച്ച വില മൂന്നിലൊന്നായാണ് ഹൈക്കോടതി കുറച്ചത്.

 245 രൂപക്ക് ചൈനയിയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ദ്രുത ആന്‍റി ബോഡി കിറ്റുകൾ 600 രൂപക്ക് വാങ്ങാനാണ് ഐ.സി.എം.ആര്‍ കരാര്‍ നൽകിയത്. 5 ലക്ഷം കിറ്റുകൾക്ക് 600 രൂപവെച്ച് 30 കോടി രൂപ വില നിശ്ചയിച്ചു. അതായത് ചൈനയിൽ നിന്ന് വിമാന ചാര്‍ജ് ഉൾപ്പടെ 12 കോടി 25 ലക്ഷം രൂപക്ക് ഇറക്കുമതി ചെയ്യുന്ന കിറ്റുകൾ ഐ.സി.എം.ആറിന് കൈമാറുമ്പോൾ ഇന്ത്യയിലെ സ്വകാര്യ മെഡിക്കൽ കമ്പനിക്ക് ലാഭം 17 കോടി 75 ലക്ഷം രൂപ. 

ഇത് കണ്ടെത്തിയതോടെയാണ് 245 രൂപയുടെ കിറ്റുകൾ 600 രൂപക്ക് ഇന്ത്യയിൽ വിൽക്കാൻ സമ്മതിക്കില്ലെന്ന് ദില്ലി ഹൈക്കോടതി വ്യക്തമാക്കിയത്. വില 400 രൂപയാക്കി കുറക്കാൻ ദില്ലി കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് സ്വകാര്യ കമ്പനി തയ്യാറായി. ഐ.സി.എം.ആര്‍ നിശ്ചയിച്ച വില കോടതി ഇടപെട്ട് മൂന്നിലൊന്ന് കുറച്ചു.

 ചൈനയിലെ മാട്രിക്സ് ലാബിൽ നിന്ന് ദ്രുത ആന്‍റി ബോഡി കിറ്റുകൾ ഇറക്കുമതി ചെയ്ത് ഐ.സി.എം.ആറിന് നൽകുന്നത് റെയര്‍ മെറ്റാബൊളിക് എന്ന ഇന്ത്യൻ കമ്പനിയാണ്. ഐ.സി.എം.ആറും റെയര്‍ മെറ്റാബൊളികും തമ്മിലാണ് കരാര്‍. ഇതുവരെ 2.76 ലക്ഷം കിറ്റുകൾ ഐ.സി.എം.ആറിന് നൽകിയിട്ടുണ്ട്. ഇനി നൽകാനുള്ളത് 2.24 ലക്ഷം കിറ്റുകൾ കൂടി.

 ദ്രുത പരിശോധന കിറ്റുകൾക്ക് കമ്പനി ആവശ്യപ്പെട്ട വില എന്തിന് ഐസിഎംആർ നല്കി എന്നതാണ് ഒന്നാമത്തെ ചോദ്യം. കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയാതെ ഐ.സി.എം.ആറിന് ഇത് തീരുമാനിക്കാനാകുമോ എന്ന സംശയവുമുയരുന്നു. പരിശോധനാ കിറ്റുകൾക്കെതിരെ വ്യാപക പരാതികൾ ഉയരുന്നതിനിടെയാണ് ഐ.സി.എം.ആറിന് വിലയെ ചൊല്ലിയുള്ള മറ്റൊരു കുരുക്ക്.

click me!