ഇന്ത്യൻ നാവികസേനയ്ക്ക് പുതിയ കരുത്ത്: തദ്ദേശീയമായി നിർമിച്ച ആദ്യ ഫ്ലീറ്റ് സപ്പോർട്ട് ഷിപ്പ് കടലിലിറക്കി

Published : Oct 06, 2026, 04:39 PM IST
INS Surya

Synopsis

വിശാഖപട്ടണത്തെ ഹിന്ദുസ്ഥാൻ ഷിപ്പ്‌യാർഡിൽ നിർമ്മിച്ച ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ ഫ്ലീറ്റ് സപ്പോർട്ട് ഷിപ്പായ 'ഐ.എൻ.എസ് സൂര്യ' കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് കടലിലിറക്കി. നാവികസേനയ്ക്ക് കടലിൽ വെച്ചുതന്നെ ഇന്ധനവും മറ്റ് സാധനങ്ങളും ലഭ്യമാക്കാൻ സഹായിക്കുന്നതാണ് ഈ കപ്പൽ

വിശാഖപട്ടണം: വിശാഖപട്ടണത്തെ ഹിന്ദുസ്ഥാൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ നിർമ്മിച്ച ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ ഫ്ലീറ്റ് സപ്പോർട്ട് ഷിപ്പ് 'ഐ.എൻ.എസ് സൂര്യ' കടലിലിറക്കി. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അഞ്ചാമത് ഫ്ലീറ്റ് സപ്പോർട്ട് ഷിപ്പിന്റെ കീൽ ലൈയിംഗ് കർമ്മവും, നവീകരിച്ച സ്ലിപ്‌വേ-4, 300 ടൺ ശേഷിയുള്ള ഗൊലിയാത്ത് ക്രെയിൻ എന്നിവയുടെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു. വലിയ കപ്പലുകൾ നിർമ്മിക്കുന്നതിനും ഇന്ത്യയുടെ സമുദ്ര പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും നിർണ്ണായകമായ ചുവടുവെപ്പാണിതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. പൂർണ്ണമായും തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച ഈ ഫ്ലീറ്റ് സപ്പോർട്ട് ഷിപ്പുകളിൽ വലിയ അളവിൽ കാർഗോയും ഇന്ധനവും സംഭരിക്കാനുള്ള ശേഷി, ആകാശമാർഗ്ഗമുള്ള പ്രവർത്തനങ്ങൾക്കായി ഹെലികോപ്റ്റർ ഡെക്ക്, സ്വയം പ്രതിരോധ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

എച്ച്.എസ്.എൽ ഇന്ത്യയുടെ സമുദ്ര ശക്തിയുടെ അടിത്തറ തന്നെയാണ് ശക്തിപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ഇന്ത്യൻ നാവികസേനയുടെ കരുത്ത് വർദ്ധിപ്പിക്കാൻ ഫ്ലീറ്റ് സപ്പോർട്ട് ഷിപ്പ് പ്രോഗ്രാം സഹായിക്കുമെന്ന് പ്രതിരോധമന്ത്രി പറഞ്ഞു. വിദൂര സമുദ്രമേഖലകളിൽ ദീർഘകാലം പ്രവർത്തിക്കുന്ന നാവികസേനയ്ക്ക് യുദ്ധക്കപ്പലുകൾക്ക് പുറമെ ലോജിസ്റ്റിക്‌സ്, അറ്റകുറ്റപ്പണികൾ, കടലിലെ തുടർച്ചയായ പിന്തുണ എന്നിവ അത്യാവശ്യമാണ്. കടലിൽ വെച്ചുതന്നെ ഇന്ധനവും മറ്റ് സാധനങ്ങളും നിറയ്ക്കുന്നതിലൂടെ ഈ ആധുനിക കപ്പലുകൾ നാവികസേനയ്ക്ക് കരുത്തേകും.

45,000 ഡി.ഡബ്ല്യു.ടി വരെയുള്ള വലിയ കപ്പലുകൾ നിർമ്മിക്കുന്നതിനും പുറത്തിറക്കുന്നതിനുമായി നവീകരിച്ച സ്ലിപ്‌വേ-4 വിപുലീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 'മേയ്ക്ക് ഇൻ ഇന്ത്യ' പദ്ധതിക്ക് കീഴിൽ എൽ & ടി ജിയോസ്ട്രക്ചറും കോണെക്രെയിൻസും ചേർന്ന് നിർമ്മിച്ചതാണ് 300 ടൺ ശേഷിയുള്ള പുതിയ ഗൊലിയാത്ത് ക്രെയിൻ. പി.എൽ.സി കൺട്രോളുകൾ, വേരിയബിൾ ഫ്രീക്വൻസി ഡ്രൈവുകൾ, ടാണ്ടം ലിഫ്റ്റിംഗ്, റിമോട്ട് ഡയഗ്നോസ്റ്റിക്സ് തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകളാൽ സമ്പന്നമായ ഈ ക്രെയിൻ, കനത്ത ബ്ലോക്കുകൾ വേഗത്തിലും കൃത്യതയോടും കൂടി കൈകാര്യം ചെയ്യാൻ സഹായിക്കും. ആത്മനിർഭരത എന്നത് ഒരു പ്രധാന നാഴികക്കല്ലാണ്, എന്നാൽ ആഗോളതലത്തിലുള്ള മത്സരശേഷിയാണ് അടുത്ത വലിയ ഘട്ടം," എന്ന് അഭിപ്രായപ്പെട്ട രാജ്‌നാഥ് സിംഗ്, ഗുണനിലവാരം, ചെലവ്, സാങ്കേതികവിദ്യ, കൃത്യസമയത്തുള്ള ഡെലിവറി എന്നിവയിൽ ലോകത്തിലെ മുൻനിര ഷിപ്പ്‌യാർഡുകളോട് മത്സരിക്കാൻ ഇന്ത്യൻ ഷിപ്പ്‌യാർഡുകൾക്ക് കഴിയണമെന്ന് ഓർമ്മിപ്പിച്ചു.

ആന്ധ്രാപ്രദേശിലെ വ്യവസായ മേഖലയുമായി എച്ച്.എസ്.എൽ കൂടുതൽ സഹകരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സംസ്ഥാനത്തെ എം.എസ്.എം.ഇകൾക്ക് വിതരണക്കാരാകാനും, സർവ്വകലാശാലകൾക്ക് ഗവേഷണത്തിനും നൈപുണ്യ വികസനത്തിനും, ഐ.ടി കമ്പനികൾക്ക് ഡിജിറ്റൽ ഷിപ്പ് ബിൽഡിംഗിനും, സ്റ്റാർട്ടപ്പുകൾക്ക് പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കാനും സാധിക്കും. ഗതാഗതം, പോർട്ട് അടിസ്ഥാന സൗകര്യങ്ങൾ, ഗവേഷണം, വിദഗ്ധ തൊഴിലാളികൾ എന്നിവ ഏകോപിപ്പിച്ച് എച്ച്.എസ്.എല്ലിന് ചുറ്റും ഒരു സമ്പൂർണ്ണ ഷിപ്പ് ബിൽഡിംഗ് ഇക്കോസിസ്റ്റം വികസിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

നാവികസേനാ മേധാവി അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ, ആന്ധ്രാപ്രദേശ് റോഡ്-കെട്ടിട-അടിസ്ഥാനസൗകര്യ വികസന വകുപ്പ് മന്ത്രി ജനാർദ്ദൻ റെഡ്ഡി, വിശാഖപട്ടണം എം.പി ശ്രീഭരത് മാതൃകുമില്ലി, ഡിഫൻസ് പ്രൊഡക്ഷൻ സെക്രട്ടറി സഞ്ജീവ് കുമാർ, ഈസ്റ്റേൺ നാവിക കമാൻഡ് ഫ്ലാഗ് ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് വൈസ് അഡ്മിറൽ സഞ്ജയ് ഭല്ല, കോസ്റ്റ് ഗാർഡ് കമാൻഡർ അഡീഷണൽ ഡയറക്ടർ ജനറൽ ഡൊണി മൈക്കിൾ, എച്ച്.എസ്.എൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ റിയർ അഡ്മിറൽ സി. രഘുറാം (റിട്ട.) എന്നിവരും നാവികസേനയിലെയും പ്രതിരോധ മന്ത്രാലയത്തിലെയും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സമരച്ചൂടിൽ തലസ്ഥാനം, ഗ്യാനേഷിനെതിരായ ഇന്ത്യ സഖ്യത്തിന്റെ മാർച്ച് തടഞ്ഞ് പൊലീസ്; ബാരിക്കേഡിന് മുകളിൽ കയറി ദേശീയ പതാക വീശി രാഹുലും പ്രിയങ്കയും
'തായ് മാമൻ തങ്കമോതിരം' കിട്ടാൻ വൈകും; നഴ്സിനെയും കുടുംബത്തെയും വെട്ടിപ്പരിക്കേൽപ്പിച്ച് യുവാവ്