കൊല്‍ക്കത്തയില്‍ നിന്ന് വിമാന സര്‍വീസ് വൈകും; തീയതി പുറത്തുവിട്ടു

By Web TeamFirst Published May 24, 2020, 7:56 PM IST
Highlights

ഉംപുണ്‍ ചുഴലിക്കാറ്റ് നാശം വിതച്ച മേഖലകളിൽ രക്ഷാ പ്രവർത്തനം നടക്കുന്നതിനാൽ സർവീസ് വൈകിക്കണം എന്ന് സംസ്ഥാന സർക്കാർ അഭ്യർത്ഥിച്ചിരുന്നു

കൊല്‍ക്കത്ത: കൊൽക്കത്ത വിമാനത്താവളത്തിൽ ഈമാസം 28 മുതൽ അവശ്യ വിമാന സർവീസ് പുനരാരംഭിക്കും. ഉംപുണ്‍ ചുഴലിക്കാറ്റ് നാശം വിതച്ച മേഖലകളിൽ രക്ഷാപ്രവർത്തനം നടക്കുന്നതിനാൽ സർവീസ് വൈകിക്കണം എന്ന് സംസ്ഥാന സർക്കാർ അഭ്യർത്ഥിച്ചിരുന്നു. ഇതേത്തുടർന്നാണ് സർവീസുകൾ പുനരാരംഭിക്കുന്നത് 28ലേക്ക് നീട്ടിയത്. 

അറുപത്തിരണ്ട് ദിവസങ്ങൾക്ക് ശേഷം രാജ്യത്ത് ആഭ്യന്തര വിമാന സർവ്വീസുകൾ നാളെ തുടങ്ങും. എന്നാല്‍, ചില സംസ്ഥാനങ്ങള്‍ ബുദ്ധിമുട്ട് അറിയിച്ചിട്ടുണ്ട്. കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ വിമാനത്താവളങ്ങളിൽ  കർശന പരിശോധനയാണ് നടത്തുന്നത്. ദില്ലി വിമാനത്താവളത്തില്‍ മൂന്നാം ടെർമിനലിൽ നിന്ന് മാത്രമാണ് സര്‍വ്വീസുകള്‍. കേരളത്തിലേക്ക് 25 സര്‍വ്വീസുകളാണ് നാളെയുള്ളത്. 

ടെർമിനലിൽ എത്തുന്നവർ ആദ്യം ലഗേജ് അണുവിമുക്തമാക്കണം. ടെർമിനൽ കവാടങ്ങളിലുള്ള സുരക്ഷ ഉദ്യോഗസ്ഥർ ആരോഗ്യ സേതു ആപ്പിലൂടെ യാത്രക്കാരന് രോഗബാധയില്ലെന്ന് ഉറപ്പ് വരുത്തും. ആപ്പ് ഗ്രീന്‍ മോഡിലല്ലെങ്കില്‍ യാത്രാനുമതി നല്‍കില്ല.

ടെർമിനലിനുള്ളിലേക്ക് കയറുന്നിടത്തുള്ള കാര്‍പ്പെറ്റില്‍  അണുനശീകരണ ലായനി തളിച്ചിട്ടുണ്ട്. ചെരുപ്പടക്കം അണുവിമുക്തമാക്കിയേ അകത്തേക്ക് കടത്തി വിടൂ. ലഗേജുകളിൽ ടാഗ് കെട്ടില്ല. വിശദാംശങ്ങള്‍ ടിക്കറ്റ് ബുക്ക് ചെയ്ത നമ്പറിലേക്ക് സന്ദേശമായെത്തും.

കാത്തിരിപ്പ് കേന്ദ്രത്തിലും വിമാനത്തിനുള്ളിലും വര്‍ത്തമാനപത്രങ്ങളോ, മാഗസിനുകളോ ലഭ്യമാക്കില്ല. യാത്രക്കാർ രണ്ട് മീറ്റർ അകലം പാലിക്കണം. വിമാനത്തിനടുത്തെത്തിക്കുന്ന ബസിൽ ഇടവിട്ട സീറ്റുകളിൽ മാത്രമേ ഇരിക്കാവൂ. വിമാനത്തിലെത്തിയാൽ യാത്രക്കാര്‍ മുഖത്തോട് മുഖം നോക്കി സംസാരിക്കരുത്. ശൗചാലയത്തിന് മുന്നില്‍ ഒരേസമയം ഒന്നിൽ കൂടുതൽ ആളുകൾ കാത്ത് നിൽക്കരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്.


 

click me!