കമൽനാഥ് സർക്കാർ വാഴുമോ വീഴുമോ? മധ്യപ്രദേശിൽ നാളെ വിശ്വാസവോട്ടെടുപ്പ്

By Web TeamFirst Published Mar 19, 2020, 7:07 PM IST
Highlights

നാളെ വൈകുന്നേരം അഞ്ചു മണിക്കു മുമ്പായി വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. വിശ്വാസവോട്ടെടുപ്പ് എത്രയും വേഗം നടത്തണമെന്നാവശ്യപ്പെട്ട് ബിജെപിയാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.
 

ദില്ലി: മധ്യപ്രദേശിൽ കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ നാളെത്തന്നെ വിശ്വാസവോട്ടെടുപ്പ് നേരിടണമെന്ന് സുപ്രീംകോടതി. നാളെ വൈകുന്നേരം അഞ്ചു മണിക്കു മുമ്പായി വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. 

വിശ്വാസവോട്ടെടുപ്പ് എത്രയും വേഗം നടത്തണമെന്നാവശ്യപ്പെട്ട് ബിജെപിയാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. കൊവിഡ് 19ന്റെ പേരും പറഞ്ഞ് കമൽനാഥ് സർക്കാർ വിശ്വാസവോട്ടെടുപ്പ് അനാവശ്യമായി നീട്ടിവയ്ക്കുകയാണെന്ന് ബിജെപി ഹർജിയിൽ ആരോപിച്ചു. രണ്ടാഴ്ച കൂടി സമയം അനുവദിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. ഇനിയും സമയം അനുവദിക്കുന്നത് കുതിരക്കച്ചവടത്തിന് വഴിയൊരുക്കുമെന്നും അത് അനുവദിക്കാനാകില്ലെന്നുമായിരുന്നു കോടതിയുടെ നിലപാട്.

വിശ്വാസവോട്ടെടുപ്പ് സമാധാനപരമായി നടത്തണമെന്ന് കോടതി നിർദ്ദേശിച്ചു. പരസ്യവോട്ടെടുപ്പാണ് നടത്തേണ്ടത്. വോട്ടെടുപ്പ് വീഡിയോയിൽ പകർത്തണമെന്നും കോടതിയിൽ ഹാജരാക്കണമെന്നും നിർദ്ദേശമുണ്ട്. സഭാനടപടികൾ തത്സമയം ടെലികാസ്റ്റ് ചെയ്ണമെന്നും കോടതി പറഞ്ഞിട്ടുണ്ട്.

കോൺഗ്രസിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്ന ജ്യോതിരാദിത്യസിന്ധ്യയെ പിന്തുണക്കുന്ന 22 എംഎൽഎമാരാണ് കമൽനാഥ് സർക്കാരിനെ തുലാസിലാക്കി രാജി പ്രഖ്യാപിച്ചത്. ബിജെപി ഭരണത്തിലുള്ള കർണാടകയിലാണ് 16 വിമത എംഎൽഎമാകെ ഇപ്പോൾ താമസിപ്പിച്ചിരിക്കുന്നത്. ആറു പേരുടെ രാജി സ്പീക്കർ അംഗീകരിച്ച സാഹചര്യത്തിൽ വിമതരുൾപ്പടെ 108 എംഎൽഎമാരാണ് കോൺഗ്രസിനുള്ളത്. ബിജെപിക്ക് മധ്യപ്രദേശിൽ 107 സീറ്റുകളാണുള്ളത്. 222 അംഗ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാനാവശ്യമായത് 112 എംഎൽഎമാരുടെ പിന്തുണയാണ്. 

സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി പ്രതികരിച്ചു. കമൽനാഥ് സർക്കാർ താഴെവീഴുമെന്നും മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.


 

click me!