
ദില്ലി: പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് അട്ടാരി അതിർത്തിയിലെ ബീറ്റിങ് റിട്രീറ്റ് ചടങ്ങുകളിൽ മാറ്റം വരുത്താൻ തീരുമാനം. അട്ടാരി, ഹുസൈനിവാല, സദ്കി എന്നിവിടങ്ങളിൽ നടക്കുന്ന ചടങ്ങിലാണ് മാറ്റം വരുത്തുക. ചടങ്ങിനിടെ ഗേറ്റുകൾ അടച്ചിടാനും ഗാർഡ് കമാൻഡർമാർ തമ്മിലുള്ള പ്രതീകാത്മക ഹസ്തദാനം താൽക്കാലികമായി നിർത്തിവയ്ക്കാനും തീരുമാനമായിട്ടുണ്ട്. വാഗ അട്ടാരി അതിർത്തിയിൽ എല്ലാ ദിവസവും നടക്കുന്നതാണ് ബീറ്റിങ് റിട്രീറ്റ് അഥവാ, സൂര്യാസ്തമയത്തിലുള്ള പതാക താഴ്ത്തൽ ചടങ്ങ്.
നയതന്ത്ര രംഗത്തെ ഇന്ത്യയുടെ മിന്നലാക്രമണത്തിൽ പാക്കിസ്ഥാൻ നിലവിൽ പകച്ചിരിക്കുകയാണ്. സിന്ധു നദീജലകരാർ ലംഘിക്കുന്നത് യുദ്ധമായി കണക്കാക്കുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗം ഇന്ത്യക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഷിംല കരാറിൽ നിന്ന് തല്ക്കാലം പിൻമാറുമെന്നും പാകിസ്ഥാൻ പ്രഖ്യാപിച്ചു.
ഇന്ത്യയുടെ തീരുമാനങ്ങൾ അപക്വമെന്ന് പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ധർ പ്രതികരിച്ചിരുന്നു. ഭീകരാക്രമണത്തിൽ പാക്കിസ്ഥാന് പങ്കുണ്ടെങ്കിൽ തെളിവ് നൽകണമെന്നും ഇതുവരെ ഇന്ത്യ ഒരു തെളിവും നൽകിയിട്ടില്ലെന്നും ഇഷാഖ് ധർ ആരോപിച്ചു. ഭീകരാക്രമണവുമായി ബന്ധമില്ലെന്ന ഔദ്യോഗിക വിശദീകരണമാണ് പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും ഇന്നലെ വന്നത്. എന്നാൽ ക്രൂരമായ ആക്രമണത്തെ തുടർന്ന് പാക്കിസ്ഥാനുമായുള്ള നയതന്ത്ര സഹകരണം ഉൾപ്പെടെ അവസാനിപ്പിക്കുന്ന കടുത്ത നടപടികളിലേക്കാണ് ഇന്ത്യ നീങ്ങിയത്. മന്ത്രി സഭയുടെ രണ്ടര മണിക്കൂർ നീണ്ട സുരക്ഷാകാര്യ യോഗത്തിന് ശേഷമാണ് കടുത്ത തീരുമാനങ്ങളിലേക്ക് ഇന്ത്യ നീങ്ങിയത്. പാകിസ്ഥാനുമായി ഒപ്പിട്ട സിന്ധു നദീജലകരാർ ഇന്നലെ ഇന്ത്യ മരവിപ്പിച്ചു. വാഗ അട്ടാരി അതിർത്തി പൂർണമായും അടച്ചു. ഇന്ത്യ പാക്ക് ഹൈക്കമ്മീഷനിലെ ഡിഫൻസ് അറ്റാഷെമാരെ പിൻവലിച്ചു. പാക്കിസ്ഥാൻ പൗരന്മാർക്ക് നൽകുന്ന എസ്.വി.ഇ.എസ് വിസ ഇനി നൽകില്ല തുടങ്ങിയ തീരുമാനങ്ങളാണ് നിലവിൽ സ്വീകരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam