
തിരുവനന്തപുരം: ശബരിമല കൊടിമര നിർമ്മാണത്തിലെ സ്വർണം സ്വീകരിച്ചതിൽ മുൻ അഡ്വക്കേറ്റ് കമ്മീഷണർ എഎസ്പി കുറുപ്പ് ഗുരുതര ചട്ടലംഘനം നടത്തിയെന്ന് കണ്ടെത്തൽ. എക്സിക്യൂട്ടീവ് ഓഫീസറെ ബോർഡ് ചുമതലപ്പെടുത്തിയിട്ടും ഭക്തരിൽ നിന്ന് സ്വർണം സ്വീകരിച്ചത് കുറുപ്പാണെന്നാണ് ദേവസ്വം വിജിലൻസ് കണ്ടെത്തൽ. രേഖകളിൽ സ്വർണം കൈമാറിയവരുടെ പേര് വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തിയില്ലെന്നും കണ്ടെത്തി.
കൊടിമര നിർമ്മാണത്തിലെ ക്രമക്കേട് അന്വേഷണത്തിൽ വിജിലൻസ് അതിവേഗ നീക്കമെടുത്തിരിക്കുകയാണ്. രേഖകൾ ആവശ്യപ്പെട്ട് ദേവസ്വം സെക്രട്ടറിക്ക് വിജിലൻസ് ഡയറക്ടർ കത്ത് നൽകി. ഹൈക്കോടതി ഉത്തരവിന് പിന്നാലെ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ആണ് കത്ത് നൽകിയത്. നിലവിൽ രേഖകളെല്ലാം എസ്ഐടിയിലും ദേവസ്വം വിജിലൻസ് കസ്റ്റഡിയിലുമാണ്.
ഹൈക്കോടതിക്ക് ദേവസ്വം വിജിലൻസ് കൈമാറിയ റിപ്പോർട്ടിലാണ് മുൻ അഡ്വക്കേറ്റ് കമ്മീഷണർ എഎസ്പി കുറുപ്പിനെതിരെ പരാമർശങ്ങൾ നടത്തിയത്. കൊടിമര നിർമ്മാണത്തിനായി സ്വർണം സ്വീകരിച്ചതിൽ എഎസ്പി കുറുപ്പ് ചട്ടലംഘനം നടത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്. സ്വർണ്ണം സംഭാവനയായി സ്വീകരിക്കാൻ ബോർഡ് എക്സിക്യൂട്ടീവ് ഓഫീസറെയാണ് ചുമതലപ്പെടുത്തിയത്. എന്നാൽ, ഭക്തജനങ്ങളിൽ നിന്നും സ്വർണം സ്വീകരിച്ചത് കുറുപ്പാണെന്ന് ദേവസം വിജിലൻസ് കണ്ടെത്തി. സ്വർണ്ണം സ്വീകരിച്ചാൽ ത്രീ എ രജിസ്റ്ററിൽ രേഖപ്പെടുത്തണം എന്നാണ് ചട്ടം. എന്നാൽ ഇത് പാലിക്കപ്പെട്ടിട്ടില്ലെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തി. സ്വർണ്ണം കൈമാറിയവരുടെ പേരുവിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തിയില്ല. ഒരു ഭക്തൻ എന്ന് മാത്രമാണ് പല രേഖകളിലും കണ്ടിരിക്കുന്നത് എന്നും കണ്ടെത്തിയിട്ടുണ്ട്.
9573.01 ഗ്രാം സ്വർണമാണ് ലഭിച്ചത്. ഇതിൽ കൊടിമര നിർമ്മാണത്തിന് 9340.200 ഗ്രാം ഉപയോഗിച്ചു. ബാക്കി സ്വർണം താഴികക്കുട നിർമ്മാണത്തിന് ഉപയോഗിച്ചതായി പറയുന്നു. ഇക്കാര്യത്തിൽ വിശദപരിശോധന വേണം. എഎസ്പി കുറുപ്പിൻ്റെ മൊഴി എസ്ഐടിയും ദേവസ്വം വിജിലൻസും രേഖപ്പെടുത്തിയ ശേഷമാണ് റിപ്പോർട്ട് തയാറാക്കിയത്. ദേവസ്വം വിജിലൻസിൻ്റെ റിപോർട്ട് പ്രകാരമാണ് പ്രത്യേക അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam