
ബെംഗളൂരു: മുൻ ഗോവ എംഎൽഎ ഓട്ടോ ഡ്രൈവറുടെ മർദനത്തെ തുടർന്ന് കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. കർണാടകയിലെ ബെലഗാവിയിൽ ശനിയാഴ്ച ഉച്ചയോടെ ആണ് സംഭവം നടന്നത്. ഗോവയിലെ പോണ്ട എംഎൽഎ ആയിരുന്ന ലാവൂ സൂര്യജി മാംലേദാർ ആണ് മരിച്ചത്. ഇതിനിടെ ഓട്ടോയിൽ കാർ തട്ടിയതിന് പിന്നാലെയുണ്ടായ വാക്കേറ്റത്തിന്റെയും കയ്യേറ്റത്തിന്റെയും സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്.
വാക്കേറ്റത്തിനിടെ മുൻ എംഎൽഎ ഓട്ടോ ഡ്രൈവറുടെ മുഖത്തടിക്കുന്നതും പിന്നാലെ ഓട്ടോ ഡ്രൈവർ തിരിച്ചടിക്കുന്നതുമായ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. ആളുകൾ ഇടപെട്ട് ഓട്ടോ ഡ്രൈവറെ തള്ളിമാറ്റാൻ ശ്രമിക്കുന്നതിനിടെ ഓട്ടോ ഡ്രൈവർ മുൻ എംഎൽഎയെ വീണ്ടും അടിക്കുകയായിരുന്നു. ഇതിനിടെ മുൻ എംഎൽഎ താമസ സ്ഥലത്തേക്ക് പോവുകയായിരുന്നു എന്നാൽ കെട്ടിടത്തിന്റെ പടിയിൽ ലാവൂ സൂര്യജി മാംലേദാർ കുഴഞ്ഞുവീഴുകയായിരുന്നു.
ഗോവയിലെ പോണ്ട മണ്ഡലത്തിൽ 2012 മുതൽ 2017വരെ എംഎൽഎയായിരുന്നു ലാവൂ സൂര്യജി മാംലേദാർ. ഖാടെ ബസാറിൽ ശനിയാഴ്ച ലാവൂ മാംലേദാർ ഒരു ഹോട്ടൽ മുറി ബുക്ക് ചെയ്തിരുന്നു. ഹോട്ടലിലേക്ക് കയറുന്ന ഇടവഴിയിൽ വച്ച് ലാവൂവിന്റെ കാർ ഒരു ഓട്ടോയിൽ തട്ടി. തുടർന്നുണ്ടായ തർക്കമാണ് കയ്യേറ്റത്തിലെത്തിയത്. നഷ്ടപരിഹാരം ചോദിച്ചപ്പോൾ തരാൻ പറ്റില്ല എന്ന് പറഞ്ഞതാണ് വാക്കേറ്റത്തിലേക്ക് എത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം