10 മണിക്കൂറിന് ശേഷം കണ്ണന്‍ ഗോപിനാഥിന് മോചനം; കസ്റ്റഡിയിലെടുത്തതിന്‍റെ കാരണം പൊലീസിന് അറിയില്ലെന്ന് പ്രതികരണം

By Web TeamFirst Published Jan 4, 2020, 9:23 PM IST
Highlights

അലിഗഡ് സര്‍വ്വകലാശാലയിലെ ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയ കണ്ണന്‍ ഗോപിനാഥിനെ യാത്രമാധ്യേ ആഗ്രയില്‍ വച്ചാണ് യുപി പൊലീസ് കസ്റ്റഡിയിലെടുത്തത്

ലഖ്നൗ: മുന്‍ മലയാളി ഐ എ എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥിനെ മോചിപ്പിച്ചു. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് അലിഗഡ് സര്‍വ്വകലാശാലയില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയ കണ്ണന്‍ ഗോപിനാഥിനെ ഉത്തര്‍പ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്ത് 10 മണിക്കൂറിന് ശേഷമാണ് വിട്ടയച്ചത്. കണ്ണൻ ഗോപിനാഥിനെ പൊലീസ് ഉത്തർ പ്രദേശ് അതിര്‍ത്തികടത്തിയാണ് വിട്ടത്.

ജയില്‍ മോചിതനായെന്നും സ്വതന്ത്ര 'ബനാനാ റിപ്പബ്ലിക് ഓഫ് ഉത്തര്‍പ്രദേശി'ന്‍റെ അതിര്‍ത്തിവരെ അകമ്പടിയുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.  കസ്റ്റഡിയിൽ എടുത്തത് എന്തിനെന്ന ചോദ്യത്തിന് പൊലീസിന് വ്യക്തമായ ഉത്തരം ഉണ്ടായിരുന്നില്ലെന്ന് കണ്ണൻ ഗോപിനാഥൻ ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. മജിസ്ട്രേറ്റിന്‍റെ ഉത്തരവ് ആണെന്ന് മാത്രമാണ് പറഞ്ഞതെന്നും ഫോൺ ഉപയോഗിക്കാൻ സമ്മതിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റു രീതിയിൽ പൊലീസില്‍ നിന്ന് മാന്യമായ പെരുമാറ്റം ആയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അലിഗഡ് സര്‍വ്വകലാശാലയിലെ ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയ കണ്ണന്‍ ഗോപിനാഥിനെ യാത്രമാധ്യേ ആഗ്രയില്‍ വച്ചാണ് യുപി പൊലീസ് കസ്റ്റഡിയിലെടുത്തത്. അലിഗഡില്‍ പ്രവേശിക്കരുതെന്ന മജിസ്ട്രേറ്റ് ഉത്തരവ് നിലവിലുണ്ടായിരുന്നെങ്കിലും പരിപാടിയില്‍ പങ്കെടുക്കുമെന്ന് കണ്ണന്‍ നേരത്തെ  ട്വീറ്റ് ചെയ്തിരുന്നു. ആഗ്രയില്‍ വച്ച് കസ്റ്റഡിയിലെടുത്ത കണ്ണന്‍ ഗോപിനാഥിനെ പൊലീസ് പിന്നീട്  ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയിരുന്നു. അതു വരെയുള്ള വിവരങ്ങൾ കണ്ണൻ ഗോപിനാഥൻ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. എന്നാൽ തുടർന്നുള്ള വിവരങ്ങൾ ലഭ്യമായിരുന്നില്ല.

കഴി‍ഞ്ഞ 13ന് മറൈന്‍ ഡ്രൈവില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ പങ്കെ‍ടുക്കാനെത്തിയ കണ്ണനെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രക്ഷോങ്ങളില്‍ പങ്കെടുത്തും സമൂഹമാധ്യമങ്ങളിലൂടെയും കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് കണ്ണന്‍ ഗോപിനാഥന്‍ ഉന്നയിക്കുന്നത്. കശ്മീര്‍ പുനഃസംഘടനയിലുള്ള പ്രതിഷേധ സൂചകമായാണ് ദാദ്രി നഗര്‍ ഹവേലി കളക്ടറായിരുന്ന കണ്ണന്‍  സിവില്‍ സര്‍വ്വീസില്‍ നിന്ന്  രാജി വച്ചത്. രാജി സ്വീകരിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗിക വീഴ്ചകള്‍ എണ്ണമിട്ട് കണ്ണന്‍ ഗോപിനാഥിന് കുറ്റപത്രം നല്‍കിയിരിക്കുകയാണ്.

 

click me!