അമിത് ഷായുടെ വിര്‍ച്വല്‍ റാലിക്ക് പിന്നാലെ ബംഗാളിലെ മുന്‍ ഇടത് നേതാവ് ബിജെപിയിലേക്ക്

By Web TeamFirst Published Jun 10, 2020, 9:07 AM IST
Highlights

2004 ല്‍ കൃഷ്ണനഗര്‍ മണ്ഡലത്തില്‍ നിന്ന് ബിജെപിയുടെ മുന്‍ കേന്ദ്രമന്ത്രി സത്യബ്രത മുഖര്‍ജിയെ പരാജയപ്പെടുത്തിയാണ് സിപിഐഎം ടിക്കറ്റില്‍ സിക്ദര്‍ പാര്‍ലമെന്‍റിലെത്തിയത്. 

കൊല്‍ക്കത്ത: സിപിഐഎം മുന്‍ എംപിയും ഏഷ്യന്‍ ഗെയിംസ് ഗോള്‍ഡ് മെഡല്‍ ജേതാവുമായ ജ്യോതിര്‍മയി സിക്ദര്‍ ബിജെപിയില്‍ ചേര്‍ന്നു. വിര്‍ച്വല്‍ റാലിയിലൂടെ ബംഗാളിലെ ജനങ്ങളെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഭിസംബോധന ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് സിക്ദര്‍ ബിജെപിയില്‍ ചേര്‍ന്നത്. 

2004 ല്‍ കൃഷ്ണനഗര്‍ മണ്ഡലത്തില്‍ നിന്ന് ബിജെപിയുടെ മുന്‍ കേന്ദ്രമന്ത്രി സത്യബ്രത മുഖര്‍ജിയെ പരാജയപ്പെടുത്തിയാണ് സിപിഐഎം ടിക്കറ്റില്‍ സിക്ദര്‍ പാര്‍ലമെന്‍റിലെത്തിയത്. 2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിക്ദര്‍ പരാജയപ്പെട്ടു. 2016 ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സിക്ദര്‍ പരാജയപ്പെട്ടിരുന്നു. 

നിരവധി അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച കായികതാരമാണ് സിക്ദര്‍. ബിജെപി സംസ്ഥാന പ്രസിഡന്‍റ് ദിലീപ് ഗോഷിന്‍റെ സാന്നിദ്ധ്യത്തില്‍ ചൊവ്വാഴ്ചയായിരുന്നു പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. 

പശ്ചിമബംഗാളിലെ മുന്‍ സിപിഎം നേതാക്കളില്‍ പലരും ഇപ്പോള്‍ ബിജെപിയില്‍ ഉന്നത പദവികളിലാണ്. മുന്‍ സിപിഎം നേതാവായ ഖഗെന്‍ മുര്‍മു ഇപ്പോള്‍ ബിജെപി എംപിയാണ്. മൂന്ന് തവണ സിപിഎം ടിക്കറ്റില്‍ മത്സരിച്ച് എംപിയായ ആളാണ് മുര്‍മു. മുന്‍ സിപിഎം എംഎല്‍എ മഹ്ഫുസ ഖതും, ഇപ്പോള്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റാണ്. 

click me!