ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണം; തെളിവായി 37 മിനുട്ട് വീഡിയോ എന്ന് റിപ്പോര്‍ട്ട്

By Web TeamFirst Published Apr 20, 2019, 1:24 PM IST
Highlights

സുപ്രീംകോടതിയിലെ ഒരു മുന്‍ ജീവനക്കാരി ചീഫ് ജസ്റ്റിസിനെതിരെ  പീഡന പരാതി നല്‍കിയതായാണ് വാര്‍ത്ത പുറത്ത് വന്നത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്‍റെ ഔദ്യോഗിക വസതിയില്‍ വച്ച് തനിക്ക് മോശം അനുഭവം ഉണ്ടായെന്ന് കാണിച്ച് 22 ജഡ്ജിമാര്‍ക്ക് ഈ യുവതി പരാതി നല്‍കിയിരുന്നു

ദില്ലി: ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണപരാതി പ്രസിദ്ധീകരിച്ചതില്‍ വിശദീകരണം നല്‍കി കാരവാന്‍ മാഗസിന്‍ എഡിറ്റര്‍ വിനോദ് കെ ജോസ്. ഇന്ന് രാവിലെയാണ് രാജ്യത്തെയാകെ ഞെട്ടിച്ചു കൊണ്ട് വാര്‍ത്ത കാരവാന്‍ അടക്കമുള്ള മൂന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഇതില്‍ രാവിലെ 11 മണിയോടെ സുപ്രീംകോടതിയില്‍ അസാധാരണ നടപടികള്‍ ആരംഭിച്ചു.  

സുപ്രീംകോടതിയിലെ ഒരു മുന്‍ ജീവനക്കാരി ചീഫ് ജസ്റ്റിസിനെതിരെ  പീഡന പരാതി നല്‍കിയതായാണ് വാര്‍ത്ത പുറത്ത് വന്നത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്‍റെ ഔദ്യോഗിക വസതിയില്‍ വച്ച് തനിക്ക് മോശം അനുഭവം ഉണ്ടായെന്ന് കാണിച്ച് 22 ജഡ്ജിമാര്‍ക്ക് ഈ യുവതി പരാതി നല്‍കിയിരുന്നു. ചീഫ് ജസ്റ്റിസിന്റെ ഓഫീസ് സ്റ്റാഫായ ഈ സ്ത്രീയെ ക്രമക്കേടുകളുടെ പേരിൽ നേരത്തെ സർവ്വീസിൽ നിന്നും പുറത്താക്കിയിരുന്നു. ഇവര്‍ ജഡ്ജിമാര്‍ക്ക് അയച്ച പരാതിയുടെ വെളിച്ചത്തിലാണ് വാര്‍ത്ത നല്‍കിയത് എന്നാണ് കാരവാന്‍ എ‍ഡിറ്റര്‍ പറയുന്നത്.

യുവതിയുടെ പരാതി പുറത്തു വിട്ട മാധ്യമങ്ങൾ ഇതേ ഓൺലൈൻ മാധ്യമങ്ങൾ ഇതേ വിഷയത്തിൽ സുപ്രീംകോടതിയുടെ ഔദ്യോ​ഗിക വിശദീകരണവും തേടിയിരുന്നു. എന്നാല്‍ ഇങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്നും ഇത് തീര്‍ത്തും അടിസ്ഥാന രഹിതമായ പരാതിയാണെന്നും സുപ്രീംകോടതിയെ തകര്‍ക്കാനുള്ള ശ്രമമാണിതെന്നുമായിരുന്നു ഈ വാര്‍ത്തയോടുള്ള സുപ്രീംകോടതി രജിസ്ട്രാറുടെ പ്രതികരണമെന്ന് വിനോദ് കെ ജോസ് പറയുന്നു.

കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നേരത്തെ അറിയാം എന്നാണ് പരാതിക്കാരി പറയുന്നത് എന്നും വിനോദ് കെ ജോസ് പറയുന്നു. സുപ്രീംകോടതിയില്‍ ആരോപണത്തിന് തെളിവായി 37 മിനുട്ട് വീഡിയോ പരാതിക്കാരി സമര്‍പ്പിച്ചതായി കാരവാന്‍ എഡിറ്റര്‍ വ്യക്തമാക്കുന്നു.

വീഡിയോ കാണാം

"

click me!