
ചെന്നൈ: തമിഴ്നാട് മുൻ ഡിജിപിയുടെ മകൻ ലഹരിക്കടത്ത് കേസിൽ അറസ്റ്റിൽ. മുൻ ഡിജിപി രവീന്ദ്രനാഥിന്റെ മകൻ അരുൺ ആണ് ചെന്നൈയിൽ ലഹരിമരുന്നുമായി പിടിയിലായത്. നൈജീരിയൻ പൌരന്മാരായ രണ്ട് പേർക്കൊപ്പം നന്ദമ്പാക്കത്ത് നിന്നാണ് അരുണിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് ഒരു ലക്ഷം രൂപയും 2 ഫോണും പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു.
40കാരനായ അരുണിനൊപ്പം 42 കാരനായ എസ് മേഗ്ലാൻ, 39കാരനായ ജോൺ എസി എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. 3.8 ഗ്രാം കൊക്കെയ്നാണ് ഇവരുടെ പക്കൽ നിന്ന് പൊലീസ് കണ്ടെത്തിയത്. സിന്തറ്റിക് ലഹരി മരുന്ന് വിൽപനയുടെ ശൃംഖല തകർക്കാനുള്ള ശ്രമത്തിനിടെയാണ് അറസ്റ്റെന്നാണ് ഗ്രേറ്റർ ചെന്നൈ പൊലീസ് വിശദമാക്കുന്നത്.
ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് അനുസരിച്ച് സിന്തറ്റിക് ലഹരിമരുന്ന് സിൻഡിക്കേറ്റുകളുടെ വിൽപനയും ഉപയോഗവും ചെറുക്കാനുള്ള ശ്രമത്തിലാണ് പൊലീസുള്ളത്. കഴിഞ്ഞ 2 മാസത്തിനുള്ളിൽ 150ഓളം ലഹരി വിൽപനക്കാരെ ചുറ്റിപ്പറ്റി അന്വേഷണം നടന്നിട്ടുണ്ട്. കർണാടകയിൽ നിന്നും ആന്ധ്രയിൽ നിന്നുമാണ് ലഹരിമരുന്ന് ശൃംഖല സിന്തറ്റിക് ലഹരികൾ ചെന്നൈയിലേക്ക് എത്തിക്കുന്നതെന്നാണ് നിലവിൽ കണ്ടെത്തിയിട്ടുള്ളത്.
അടുത്ത ദിവസങ്ങളിൽ വലിയ രീതിയിൽ മയക്കുമരുന്നും പല പ്രമുഖരും അറസ്റ്റിലാവുമെന്നും പൊലീസ് പ്രതികരിക്കുന്നത്. ചെന്നൈയിൽ മെത്ത് ലാബ് നടത്തിയിരുന്ന യുവാക്കളെയും പൊലീസ് അറസ്റ്റിലായിട്ടുണ്ട്. ഇവരിൽ നിന്നായി 245 ഗ്രാം മെത്താഫെറ്റമിനാണ് പിടിച്ചെടുത്തത്. പ്രാദേശികമായി സംഘടിപ്പിച്ച വസ്തുക്കൾ ഉപയോഗിച്ച് സ്വന്തം സ്ഥലത്തായിരുന്നു ഈ യുവാക്കൾ മെത്ത് ലാബ് സൃഷ്ടിച്ചത്.
തമിഴ്നാട് സിഐടി വിഭാഗം ലഭ്യമാക്കുന്ന കണക്കുകളുടെ അടിസ്ഥാനത്തിൽ ഓഗസ്റ്റ് മാസം വരെകണ്ടെത്തിയത് 65 കിലോ മെത്താഫെറ്റമിൻ, 145 കിലോ എഫ്ഡ്രിൻ, 9 കിലോ മെത്താക്വലോൺ, 2.1കിലോ എൽഎസ്ഡി, 1.23 ലക്ഷത്തിലേറെ ലഹരിമരുന്ന് ഗുളികകളുമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam