
ലുധിയാന: ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തിയ ഡ്രാമ്മിനുള്ളിൽ നിന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തി. നാൽപത് വയസോളം പ്രായമുള്ള പുരുഷന്റെ മൃതദേഹമാണ് ലുധിയാനയിലെ ഷേർപൂർ പ്രദേശത്തു നിന്ന് കണ്ടെത്തിയത്. രാവിലെ പഴകിയ വസ്തുക്കൾ ശേഖരിക്കുകയായിരുന്ന ആക്രി കച്ചവടക്കാരാണ് ഡ്രമ്മിനുള്ളിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട് പൊലീസിനെ വിവരം അറിയിച്ചത്.
പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. നാൽപത് വയസോളം പ്രായം വരുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ബെഡ് ഷീറ്റ് കൊണ്ട് പൊതിഞ്ഞ് പ്ലാസ്റ്റിക് ചാക്കുകൾ കൊണ്ട് മൂടിയ നിലയിലാണ് ഇത്. കഴുത്തും കാലുകളും ചേർത്ത് കയർ ഉപയോഗിച്ച് ബലമായി കെട്ടിയിരുന്നു. മൃതദേഹത്തിന് രണ്ട് ദിവസത്തിലേറെ പഴക്കുമുണ്ടായിരുന്നുവെന്നും ജീർണിച്ച് തുടങ്ങിയിരുന്നുവെന്നും പൊലീസ് പറയുന്നു. രണ്ട് ദിവസം മുമ്പ് നടന്ന കൊലപാതകമാവാം എന്നാണ് അനുമാനം.
ഇതര സംസ്ഥാന സ്വദേശിയാണ് മരിച്ചതെന്നാണ് പൊലീസിന്റെ അനുമാനം. ഇയാളെക്കുറിച്ചുള്ള വിവരങ്ങളൊന്നും കിട്ടിയിട്ടില്ല. മൃതദേഹം ജീർണിച്ചതിനാൽ തന്നെ പരിക്കുകളോ മറ്റ് അടയാളങ്ങളോ ശരീരത്തിലുണ്ടോ എന്ന് പരിശോധിക്കാനും കഴിഞ്ഞില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം ഉൾപ്പെടെ വ്യക്തമാവുമെന്നാണ് പ്രതീക്ഷ. നഗരത്തിൽ ഇത്തരലുള്ള ഡ്രം ഉണ്ടാക്കുന്ന 42 സ്ഥാപനങ്ങളുടെ വിവരങ്ങൾ അധികൃതർ ശേഖരിച്ചു.
മൃതദേഹം ഉപേക്ഷിക്കാനായി പുതിയ ഡ്രം വാങ്ങിയതാണെന്ന് സംശയിക്കുന്നു. അജ്ഞാത വ്യക്തികളെ പ്രതികളാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മരിച്ചയാളെയും കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരെയും കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങി. ഈ ഡ്രം എങ്ങനെ ഇവിടെ എത്തിച്ചു എന്ന് മനസിലാക്കാൻ പരിസരങ്ങളിലെ സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. ലുധിയാനയിലും പരിസര പ്രദേശങ്ങളിലും സമീപ ജില്ലകളിലും അടുത്തിടെ കാണാതായവരെക്കുറിച്ചും അന്വേഷിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam